ചാരുംമൂട്: പ്ലാസ്റ്റിക്കിനെതിരെ വേറിട്ട പ്രതിഷേധവും അത് വലിച്ചെറിയുന്നതിലെ പരിസ്ഥിതി ആഘാതത്തിന് സന്ദേശമായും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മനോഹരമായ ശില്പമാക്കി മാറ്റി യുവാവ്. പാടശേഖരത്ത് വലിച്ചെറിഞ്ഞ നൂറുകണക്കിന് പ്ലാസ്റ്റിക് മാലിന്യംകൊണ്ട് സുന്ദരമായ മത്സ്യശിൽപം തീർത്തിരിക്കുകയാണ് ചുനക്കര കിഴക്ക് ലിമാലയത്തിൽ ലിനേഷ്.
പ്രകൃതിഭംഗി നെഞ്ചിലേറ്റിയ പെരുവേലിൽച്ചാൽ പുഞ്ചയിൽ ചുനക്കര, നൂറനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിന് താഴെയുള്ള വഴിയിലാണ് 18 അടി ഉയരത്തിൽ മത്സ്യരൂപം സ്ഥാപിച്ചിട്ടുള്ളത്. ഫ്രീലാൻസ് ആർട്ടിസ്റ്റായ ലിനേഷ് പൊതുയിടങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരായ സന്ദേശത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് മത്സ്യരൂപം തീർത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്.
പുഞ്ചയിലും പുഞ്ചയിലേക്കുള്ള വഴികളിലും വൈകുന്നേരങ്ങളിൽ ലിനേഷും സുഹൃത്തുക്കളും എത്തുമ്പോൾ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയത് കാണാറുണ്ട്. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും വർധിച്ചതോടെ ഇത് നീക്കം ചെയ്യാൻ ഇവർ തീരുമാനിച്ചു.
അയ്യപ്പൻ, ജോബി, ജയകൃഷ്ണൻ, മനു തുടങ്ങിയ സുഹൃത്തുക്കളടക്കമുള്ളവർ ചേർന്ന് പാടശേഖരത്തിലും തോട്ടിലും കിടന്ന നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുത്തു.ഇവ 50 ചാക്കിലാക്കി നിറച്ചതോടെയാണ് കുപ്പികൾ ഉപയോഗിച്ച് ശില്പമുണ്ടാക്കി പ്രദർശിപ്പിക്കുക എന്ന ആശയം ഉടലെടുത്തത്. കമ്പികൊണ്ട് സ്ട്രക്ചറുണ്ടാക്കി അതിൽ കുപ്പികൾ മാലപോലെ കോർത്ത് പിടിപ്പിച്ചാണ് മത്സ്യശില്പമാക്കി മാറ്റിയത്.
പാടത്തുനിന്നുതന്നെ ലഭിച്ച രണ്ട് അപ്പച്ചട്ടികളാണ് കണ്ണിന്റെ സ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നത്. 12 ദിവസത്തോളമെടുത്ത നിർമാണ പ്രവർത്തനങ്ങൾക്ക് പിതാവ് സുരേഷിന്റെ സഹായമുണ്ടായതായും ലിനേഷ് പറഞ്ഞു. തൃശൂർ ഫൈൻ ആർട്സ് കോളജിൽനിന്ന് ബി.എഫ്.എ സ്കൾപ്ചർ പാസായശേഷം ഫ്രീലാൻസ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയാണ് ലിനേഷ്. ലിമയാണ് മാതാവ്. ഭാര്യ: ഹരിത. മകൻ: ചേതൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.