ആലപ്പുഴ: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പൊതുജനങ്ങളുടെ തീർപ്പാകാത്ത പരാതികൾ പരിഹരിക്കാനും തത്സമയം ലഭിക്കുന്ന പരാതികളിൽ തീരുമാനം എടുക്കാനും മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ജില്ലതല അദാലത്ത് വ്യാഴാഴ്ച എസ്.ഡി.വി സെന്റിനറി ഹാളിൽ നടക്കും.
രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. ജില്ലതല ഉദ്ഘാടനം രാവിലെ 9.30ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ പങ്കെടുക്കും. ഇതുവരെ 797 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 74 എണ്ണം സംസ്ഥാനതലത്തിലും 36 എണ്ണം ജില്ലതലത്തിലും പരിഹരിക്കേണ്ടതാണ്.
468 എണ്ണം പൊതുവിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. 135 എണ്ണം തദ്ദേശസ്ഥാപനങ്ങളിലെ ബിൽഡിങ് പെർമിറ്റുമായി ബന്ധപ്പെട്ട വിഷയത്തിന് പരിഹാരം തേടിയുള്ളതാണ്. വേദിയിലും പുറത്തുമായി എട്ട് കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. നിശ്ചിത തീയതിക്കകം അദാലത്തിൽ ഓൺലൈനായി അപേക്ഷ നൽകിയവർക്ക് പ്രത്യേക കൗണ്ടറുണ്ട്. പുതുതായി അപേക്ഷകൾ നൽകുന്നവർക്കും അപ്പോൾ തന്നെ പരിഹാരം നിർദേശിക്കുന്ന സംവിധാനമുണ്ട്. പരാതികൾ പരിഗണിക്കുന്ന അഞ്ച് ഡസ്കുകൾക്ക് പുറമേ ഉപജില്ലതല പരിഹാര ഡസ്ക്, ജില്ല തല പരിഹാര ഡസ്ക്, സംസ്ഥാനതല പരിഹാര ഡസ്ക് എന്നിവയുമുണ്ട്. അപേക്ഷകർ അവരവർ വരുന്ന തദ്ദേശസ്ഥാപനത്തിനായുള്ള കൗണ്ടറിലെത്തി പരാതി നൽകണം. ഇവർക്ക് ടോക്കൺ നൽകും.
പൊതുജനങ്ങളെ സഹായിക്കുന്നതിന് വളണ്ടിയർമാരുടെ സഹായവുമുണ്ടാകും. പുതിയപരാതികളിൽ അന്നുതന്നെ തീരുമാനമെടുക്കും. ഇതിനായി മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരോടും എൻജീനിയർമാരോടും അദാലത്തിൽ പങ്കെടുക്കാൻ നിർദേശമുണ്ട്. വാർത്താസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടർ ബിനുജോൺ, സി. അലക്സ്, പി.സി. സുനിൽ എന്നിവർ പങ്കെടുത്തു.
അദാലത്ത് നടക്കുന്ന എസ്.ഡി.വി സെന്റിനറി ഹാളിന് മുൻവശത്തെ റോഡ് വൺവേയായിരിക്കും. മന്ത്രിമാർ, എം.എൽ.എമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വരുന്ന വാഹനങ്ങൾ ഓഡിറ്റോറിയത്തിന്റെ കിഴക്കേ ഗേറ്റിലൂടെ ഗ്രൗണ്ടിൽ പ്രവേശിച്ച് ആളെയിറക്കിയശേഷം പടിഞ്ഞാറുവശം പാർക്കിങ് ഗ്രൗണ്ടിലേക്ക് ഇറങ്ങി പാർക്ക് ചെയ്യണം.
ടെമ്പോ ട്രാവലർ, മിനി ബസുകളിൽ എത്തുന്നവർ പാർക്കിങ് ഗ്രൗണ്ടിന് മുൻവശം അൽപം പടിഞ്ഞാറോട്ട് മാറ്റി റോഡ് സൈഡിൽ ആളെ ഇറക്കിയശേഷം കടപ്പുറത്തെ പൊലീസ് പരേഡ് ഗ്രൗണ്ട്, ഇ.എം.എസ് സ്റ്റേഡിയം എന്നിവിടങ്ങിൽ പാർക്ക് ചെയ്യണം. ഉദ്യോഗസ്ഥരുമായി വരുന്ന തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങളും സർക്കാർ വാഹനങ്ങളും ഇതേരീതിയിൽ പാർക്ക് ചെയ്യണം.
ആലപ്പുഴ എസ്.ഡി.വി സ്ക്കൂൾ സെൻറിനറി ഹാളിൽ നടക്കുന്ന തദ്ദേശഅദാലത്തിന് ഓഡിറ്റോറിയം ഗ്രൗണ്ടിൽ പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. മന്ത്രിമാർ എം.എൽ.എമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവരുടെ വാഹനങ്ങൾക്ക് പുറമേ അദാലത്തിൽ പങ്കെടുക്കാൻ എത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് മാത്രമാണ് ഓഡിറ്റോറിയത്തിന് സമീപം പാർക്കിങ് അനുവദിച്ചിരിക്കുന്നത്. അദാലത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുമായി എത്തുന്ന സർക്കാർ വാഹനങ്ങൾ ഉദ്യോഗസ്ഥരെ ഓഡിറ്റോറിയത്തിന് സമീപം ഇറക്കിയ ശേഷം ഇ.എം.എസ് സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.