ആലപ്പുഴ: വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ ജില്ലയിലെ രണ്ട് മണ്ഡലങ്ങളായ ആലപ്പുഴയിലും മാവേലിക്കരയിലും വിജയ കണക്കുകളും അവകാശവാദങ്ങളുമായി മൂന്നുമുന്നണികളും രംഗത്ത്. അവസാനവട്ട കണക്കെടുപ്പുകൾക്ക് ശേഷവും രണ്ട് മണ്ഡലങ്ങളിലും മൂന്നു മുന്നണികളും വിജയം അവകാശപ്പെടുന്നു. പ്രചാരണം വളരെ ശക്തമായിരുന്നെങ്കിലും രണ്ട് മണ്ഡലങ്ങളിലും പോളിങ് കുറഞ്ഞത് കണക്കുകൂട്ടലുകൾ പിഴക്കുമോ എന്ന ആശങ്ക മുന്നുമുന്നണികൾക്കുമുണ്ട്. 2019ലേതിനെക്കാൾ ആലപ്പുഴയിൽ കുറഞ്ഞത് 5.3 ശതമാനം വോട്ടാണ്. 2019ൽ 80.35 ശതമാനമായിരുന്നു. ഇത്തവണ 75.05. മാവേലിക്കരയിൽ 8.38 ശതമാനത്തിന്റെ കുറവാണുണ്ടായത്.
2019ൽ 74.33 ശതമാനം പോൾ ചെയ്തിരുന്നു. ഇത്തവണ 65.95 ശതമാനം മാത്രമാണ്. വോട്ടെടുപ്പ് ദിനത്തിൽ വലിയ ക്യൂവാണ് പോളിങ് ബൂത്തുകളിലുണ്ടായത്. പോളിങ് ശതമാന കണക്കിൽ അത് പ്രതിഫലിച്ചില്ല. പ്രചാരണം വളരെ ശക്തമായിരുന്നെങ്കിലും താഴെത്തട്ടിൽ വോട്ടർമാർക്ക് നിസ്സംഗതയുണ്ടായിരുന്നത് വ്യക്തമായിരുന്നു. വോട്ടിങിനെയും ഇതു ബാധിച്ചു. വോട്ടർമാരിലെ നിസ്സംഗത കാണാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞില്ല.
പോളിങിലെ കുറവ് എല്ലാ മുന്നണികളെയും ഒന്നുപോലെ ബാധിക്കുമെന്നാണ് കരുതുന്നത്. കനത്തചൂട്, വോട്ട് രേഖപെടുത്തുന്നതിന് ബൂത്തുകളിലുണ്ടായ കാലതാമസം നിമിത്തം ക്യൂ നീണ്ടത് തുടങ്ങി പല കാരണങ്ങളുണ്ട്. പാർട്ടിക്കാർപോലും പ്രാദേശിക എതിർപ്പുകളുടെ പേരിൽ വോട്ടു ചെയ്യാത്ത സംഭവങ്ങളുണ്ട്. മുൻ കാലങ്ങളിൽ പോളിങ് കുറഞ്ഞാൽ എൽ.ഡി.എഫിനാണു ഗുണം എന്ന് കണക്ക് കൂട്ടിയിരുന്നു. കഴിഞ്ഞ തവണ ആലപ്പുഴയിൽ പോളിങ് 80.09 ശതമാനമായി ഉയർന്നപ്പോൾ ജയിച്ചത് എൽ.ഡി.എഫിലെ എ.എം. ആരിഫാണ്.
2019 ല്‍ യു.ഡി.എഫിന് നഷ്ടപ്പെട്ട ഏകസീറ്റായ ആലപ്പുഴ തിരിച്ചു പിടിക്കുന്നതിനാണ് കോണ്‍ഗ്രസ് കെ.സി വേണുഗോപാലിനെ തന്നെ രംഗത്തിറക്കിയത്. മൂന്ന് വട്ടം നിയമസഭയിലേക്കും രണ്ട് തവണ ലോക്സഭയിലേക്കും കെ.സി വേണുഗോപാലിനെ വിജയിപ്പിച്ച ഇടമാണ് ആലപ്പുഴ.
മൂന്നാം വട്ടമാണ് ആലപ്പുഴയില്‍ നിന്ന് കെ.സി വേണുഗോപാല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്. മണ്ഡലം തിരിച്ചുപടിക്കുകയെന്ന കോൺഗ്രസിന്റെ കണക്ക് കൂട്ടൽ സഫലമാകുമോ എന്ന് ചൊവ്വാഴ്ച അറിയാം. 2019ൽ സംസ്ഥാനത്ത് 19 മണ്ഡലങ്ങളും യു.ഡി.എഫ് നേടിയപ്പോഴും ആലപ്പുഴയിൽ എ.എം. ആരിഫ് ചെങ്കൊടി പാറിച്ചു. അത് ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്.
ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. ബൂത്തുതലത്തിലെ കണക്കുകൾ ശേഖരിക്കുന്നതേയുള്ളൂ. കഴിഞ്ഞതവണ കായംകുളം അസംബ്ലി മണ്ഡലത്തിൽ നേടിയ 4,297 വോട്ടിന്റെയും ചേർത്തലയിൽ നേടിയ16,895 വോട്ടിന്റെയും ഭൂരിപക്ഷംകൊണ്ടു മാത്രമാണ് എ.എം.ആരിഫ് ജയിച്ചത്. ബാക്കി അഞ്ചിടത്തും ലീഡ് കിട്ടിയിട്ടും യു.ഡി.എഫിനു ജയിക്കാനായില്ല. ഇത്തവണ ചേർത്തലയിൽ കഴിഞ്ഞതവണത്തെ ലീഡ് ലഭിക്കില്ലെന്നാണ് സി.പി.എം. കരുതുന്നത്. കായംകുളത്ത് കഴിഞ്ഞതവണത്തെ സ്ഥിതി നിലനിർത്തും.
കരുനാഗപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളിൽ പിറകിൽപോകുമെന്ന് സമ്മതിക്കുന്നുണ്ട്. അരൂരിലും വലിയ ലീഡ് പ്രതീക്ഷിക്കുന്നില്ല. ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ ഒപ്പത്തിനൊപ്പം നിൽക്കുമെന്നാണു പ്രതീക്ഷ. അതിനാൽ ആരിഫിന്റെ വിജയം ഉറപ്പെന്ന് പറയാൻ സി.പി.എം നേതൃത്വത്തിന് കഴിയുന്നില്ല. ചേർത്തലയിലും കായംകുളത്തുംഭൂരിപക്ഷം നേടാനാവില്ലെന്ന് യു.ഡി.എഫ് സമ്മതിക്കുന്നു. ആലപ്പുഴ, അമ്പലപ്പുഴ അടക്കം മറ്റ് എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടുമെന്നും അവർ കണക്ക് കൂട്ടുന്നു. എൻ.ഡി.എയിലെ ശോഭ സുരേന്ദ്രൻ എത്ര വോട്ടുപടിക്കുമെന്നത് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ആശങ്കപ്പെടുത്തുന്നു.
കഴിഞ്ഞതവണ എൻ.ഡി.എയിലെ ഡോ. കെ.എസ്. രാധാകൃഷ്ണൻ നേടിയത് 1,87,729 വോട്ടാണ്. ഇത്തവണ ശോഭ സുരേന്ദ്രന്റെ വോട്ട് രണ്ട് ലക്ഷം കവിയുമെന്നാണ് കരുതുന്നത്. ശോഭ കൂടുതൽ നേടുന്നത് ഏത് മുന്നണിയുടെ വോട്ടാകും എന്നത് വിജയം നിർണയിക്കുന്നതിലെ ഘടകമാകും.
കടുത്തമത്സരം നടന്ന മാവേലിക്കര മണ്ഡലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും വിജയം അവകാശപ്പെടുന്നു. യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് വിജയത്തുടർച്ച പ്രതീക്ഷിക്കുമ്പോൾ കന്നിയങ്കം ജയിച്ചുകയറുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ. എൻ.ഡി.എ 2019ൽ നേടിയ വോട്ടിനെക്കാൾ മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. ബൈജു കലാശാല വലിയ പ്രചാരണമാണ് നടത്തിയത്. കൊടിക്കുന്നില്‍ സുരേഷ് നാലാം വട്ടവും മാവേലിക്കരയില്‍ നിന്ന് വിജയിക്കുമെന്നും 50,000നും 70,000നും ഇടയില്‍ ഭൂരിപക്ഷം ഉറപ്പാണെന്നുമാണ് യു.ഡി.എഫ് അവകാശവാദം. സി.പി.എം, ബി.ജെ.പി. അണികളുടെ താല്പര്യക്കുറവാണ് പോളിങ് കുറയാന്‍ ഇടയാക്കിയതെന്ന് അവർ പറയുന്നു. കുട്ടനാട്ടില്‍ ഉള്‍പ്പെടെ സി.പി.എം-സി.പി.ഐ ഭിന്നത രൂക്ഷമായിരുന്നു. കൊട്ടിക്കലാശത്തില്‍ പോലും അതു പ്രകടമായി. ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയോട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലും താല്പര്യക്കുറവുണ്ടായിരുന്നുവെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.
ഇത്തവണ മാവേലിക്കര എല്‍.ഡി.എഫ്. പിടിച്ചെടുക്കുമെന്ന് ഉറപ്പാണെന്ന് സി.പി.ഐ ജില്ല നേതൃത്വം പറയുന്നു. 25,000നും 50,000നും ഇടയിലാണ് ഭൂരിപക്ഷ കണക്ക്. പോളിങ് കുറഞ്ഞത് എല്‍.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും എല്‍.ഡി.എഫിന് ലഭിക്കാവുന്ന പരമാവധി വോട്ടുകള്‍ ചെയ്തതായി ഉറപ്പാക്കിയിട്ടുണ്ടെന്നും എൽ.ഡി.എഫ് നേതൃത്വം പറയുന്നു. മാവേലിക്കരയില്‍ ഇത്തവണ മികച്ച പ്രവർത്തനമാണ് നടന്നതെന്നും വോട്ടർമാരിൽ നിന്ന് വലിയ പിന്തുണ ലഭിച്ചുവെന്നുമാണ് ബി.ഡി.ജെ.എസ് നേതൃത്വം കണക്കുകൂട്ടുന്നത്. എല്‍.ഡി.എഫിലെ പ്രത്യേകിച്ച്, സി.പി.എമ്മിലെ ഭിന്നതകള്‍ എന്‍.ഡി.എക്ക് അനുകൂലമായി. സാമുദായിക സംഘടനകളുടെ പിന്തുണയും എന്‍.ഡി.എക്കുണ്ടായിരുന്നതായും പോളിങ് ശതമാനം കുറഞ്ഞതു ബാധിക്കില്ലെന്നുമാണ് അവരുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.