ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയിൽ ആവേശമായി ലൂസേഴ്സ് ഫൈനൽ. കാമറകണ്ണുകളെ പോലും അമ്പരപ്പിച്ച് വിജയിയെ കണ്ടെത്തിയത് മില്ലി സെക്കൻഡ് വ്യത്യാസത്തിൽ. മത്സരത്തിൽ കുമരകം കൈപ്പുഴമുട്ട് എൻ.സി.ഡി.സി തുഴഞ്ഞ നിരണം ചുണ്ടൻ വിജയിച്ചു. ഇവർ നേടിയ കുറഞ്ഞസമയം 4.33.75 മിനിറ്റാണ്. കന്നിപോരിനിറങ്ങിയ തലവടി ബോട്ട് ക്ലബിന്റെ തലവടി ചുണ്ടൻ (4.33.82), കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കാരിച്ചാൽ (4.33.89), പുന്നമട ബോട്ട് ക്ലബിന്റെ ദേവസ് (4.34.02) എന്നിങ്ങനെയാണ് തൊട്ടുപിന്നിലെത്തിയവർ. സ്റ്റാർട്ടിങ് പോയന്റ് മുതൽ ചുണ്ടൻ വള്ളങ്ങൾ ഒപ്പത്തിനൊപ്പമായിരുന്നു. ആര് മുന്നിലെത്തുമെന്ന ആകാംക്ഷ അവസാനംവരെ നിലനിർത്തിയായിരുന്നു മത്സരം. ബിഗ് സ്ക്രീനിൽ ഫിനിഷിങ് പോയന്റിലെ ദൃശ്യം വീണ്ടും കാണിച്ചെങ്കിലും വിജയിയെ ഉറപ്പിക്കാൻ കാണികൾക്കായില്ല. മത്സരഫലം വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. പിന്നാലെ ആർപ്പുവിളികളും ആരവവുമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.