കറ്റാനം: തെങ്ങുകയറ്റ യന്ത്രത്തിൽ കാൽ കുടുങ്ങി തെങ്ങിന് മുകളിൽ തലകീഴായി വീണയാളെ നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി. ഇലിപ്പക്കുളം നാമ്പുകുളങ്ങര ബാഷാ ഭവനിൽ ബാബുവാണ് (54) തെങ്ങിന് മുകളിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കട്ടച്ചിറ പാറക്കൽ ജങ്ഷന് സമീപമായിരുന്നു സംഭവം. കട്ടയിൽ പുരയിടത്തിലെ തെങ്ങിൽ നിന്നും തേങ്ങ വെട്ടുന്നതിനിടെ യന്ത്രത്തിൽ കാൽകുരുങ്ങി തലകീഴായി മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സലാഹുദ്ദീന്‍ എന്നയാളും അതുവഴിയെത്തിയ മരംവെട്ട് തൊഴിലാളിയായ കണ്ണനാകുഴി സ്വദേശി ഷാജിയും അടിയന്തിര രക്ഷാപ്രവർത്തനം നടത്തിയതാണ് അപകടം ഒഴിവാകാൻ കാരണമായത്.
ഇവർ മുകളിൽ കയറി കെട്ടി നിർത്തിയപ്പോഴേക്കും അഗ്നിരക്ഷാസംഘവും സ്ഥലത്ത് എത്തി. തുടർന്നാണ് ഒരു മണിക്കൂറോളം തലകീഴായി കിടന്ന ബാബുവിനെ സുരക്ഷിതമായി താഴേക്ക് ഇറക്കിയത്. തുടർന്ന് കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയർ സ്റ്റേഷൻ ഇൻചാർജ് സി.പി.ജോസ്, അസി. സ്റ്റേഷൻ ഓഫിസർമാരായ ജി. ജയകുമാർ, കെ.വി. വർഗ്ഗീസ്, ഫയർ ഓഫീസർമാരായ വിജയകുമാർ, അനീഷ്, കബീർ, ഗ്ലെൻ ഫെർണാണ്ടസ്, സജിത്, അനീഷ് കുമാർ , രാജശേഖരൻ പിള്ള എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.