കരാർ ലംഘിച്ച് ഖനനം: തോട്ടപ്പള്ളിയിൽ കുഴിച്ചെടുത്തത് 80,000 ഘന അടി മണൽ

ആലപ്പുഴ: ഖനനം നടത്തി കൊണ്ടുപോകുന്ന മണൽ, ധാതുക്കൾ വേർതിരിച്ചശേഷം തിരികെയെത്തിക്കണമെന്ന നിബന്ധന പാലിക്കാതെ പൊതുമേഖല സ്ഥാപനങ്ങൾ. കേരള മിനറൽ ആൻഡ് മെറ്റൽസ് (കെ.എം.എം.എൽ), ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (ഐ.ആർ.ഇ.എൽ) എന്നിവയാണ് കരാർ ലംഘിച്ച് തോട്ടപ്പള്ളി തീരത്തുനിന്ന് മണൽ കൊണ്ടുപോകുന്നത്. തോട്ടപ്പള്ളിയിൽനിന്ന് ഈ വർഷം ഇതുവരെ കെ.എം.എം.എൽ കൊണ്ടുപോയത് 80,000 ഘന അടി മണൽ. തിരികെ എത്തിച്ചത് ഏകദേശം 2800 ഘന അടി മാത്രം.

മണലിലെ ധാതുക്കൾ വേർതിരിക്കുമ്പോൾ അളവ് കുറയുമെങ്കിലും 2800 ഘന അടി വളരെ കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദിവസേന ശരാശരി 150 ലോഡ് മണൽ പ്രദേശത്തുനിന്ന് പോകുന്നുണ്ടെന്നാണ് ഇറിഗേഷൻ വകുപ്പിന്‍റെ കണക്ക്. എന്നാൽ, ദിവസം അഞ്ഞൂറിലേറെ ലോഡ് കൊണ്ടുപോകുന്നുവെന്നാണ് കരിമണൽ വിരുദ്ധ സമരസമിതി പറയുന്നത്.

തോട്ടപ്പള്ളി സ്പിൽവേ പിന്നിടുന്നതോടെ ദേശീയപാതക്കിരുപുറവും വലിയ ലോറികൾ ഊഴം കാത്ത് നിരനിരയായി കിടക്കുന്നത് കാണാം. 24 മണിക്കൂറും ഇത്തരത്തിൽ മണൽ നീക്കുന്നുണ്ട്. കരിമണൽ ഖനനത്തിനെതിരെ പ്രദേശവാസികൾ സമരം ആരംഭിച്ചിട്ട് 400 ദിവസം പിന്നിട്ടു. കുട്ടനാടിന്‍റെ സംരക്ഷണത്തിനെന്ന പേരിൽ ദുരന്തനിവാരണ ആക്ടിന്‍റെ ബലത്തിൽ നടത്തുന്നത് മണൽക്കൊള്ളയാണെന്നാണ് സമരസമിതി ആരോപണം.

ആഴത്തിൽ നടക്കുന്ന ഖനനം പ്രദേശത്തെ പരിസ്ഥിതിയെ തകർക്കുമെന്നും ഇവർ പറയുന്നു. അതിനിടെ, മണൽ ഖനനത്തെ ചൊല്ലി രാഷ്ട്രീയപ്പോരും മുറുകി. ഭരണപക്ഷത്ത് സി.പി.ഐയും കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളും ഖനനത്തെ എതിർക്കുകയാണ്. എന്നാൽ, മുഖ്യഭരണകക്ഷിയായ സി.പി.എം ഖനനത്തിന് അനുകൂലമാണ്. അതിനിടെ ധാതുക്കൾ നീക്കിയ മണൽ തിരികെ എത്തിക്കാത്തതിനെതിരെ സി.പി.എം എം.എൽ.എ എച്ച്. സലാമിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മണലെടുപ്പ് തടഞ്ഞിരുന്നു. ഖനനത്തെ അനുകൂലിക്കുമ്പോൾ തന്നെയാണിത്.

ഇതോടെ സലാമിന്‍റെ നടപടിയെ പരിഹസിച്ച് സി.പി.ഐ ജില്ല സെക്രട്ടറിതന്നെ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതോടെയാണ് വിവാദം കത്തിയത്. സലാം മറുപടിയുമായി രംഗത്തെത്തിയതോടെ യുവജന സംഘടനകളും പ്രതികരണവുമായെത്തി. തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണലിൽനിന്ന് ധാതുക്കൾ വേർതിരിച്ചെടുക്കാനാണ് പൊതുമേഖല സ്ഥാപനങ്ങൾ കരാർ എടുത്തിട്ടുള്ളത്. കരിമണലിൽനിന്ന് സിൽക്കോണിൽ, സില്ലിമിനൈറ്റ്, അലുമിന, ടൈറ്റാനിയം തുടങ്ങിയ ധാതുകളാണ് ലഭിക്കുന്നത്. ഇവ വേർതിരിച്ചശേഷമുള്ള വെള്ളമണൽ തിരികെ എത്തിക്കണമെന്നാണ് കരാർ. ലോഡുമായി പോകുന്ന ലോറികളുടെ എണ്ണത്തിൽ ചെറിയ ശതമാനം മാത്രമാണ് ലോഡുമായി തിരികെ എത്തുന്നത്.

Tags:    
News Summary - Mining in breach of contract: 80,000 cubic feet of sand was excavated at Thotapalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.