ആലപ്പുഴ: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് നീന്തിത്തുടിക്കാൻ നീന്തൽക്കുളം ഇനി നാടിന് സ്വന്തം. ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം പണിത രാജാകേശവദാസ് നീന്തൽക്കുളമാണ് നവീകരണം പൂർത്തിയാക്കി വീണ്ടും തുറക്കുന്നത്. പലതവണ മാറ്റിവെച്ച ഉദ്ഘാടനം ഈമാസം 25ന് വൈകീട്ട് ആറിന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം.
കരുമാടിയിലെ വാട്ടർ അതോറിറ്റിയിൽനിന്ന് വെള്ളമെത്തിച്ച് കുളം നിറക്കൽ ജോലികളാണ് പുരോഗമിക്കുന്നത്. പ്യൂൾ പരിസര ശുചീകരണമാണ് ഇനി ബാക്കിയുള്ളത്. നാശത്തിന്റെ വക്കിലെത്തിയ നീന്തൽക്കുളം 2.6 കോടി മുടക്കിയാണ് നവീകരിച്ചത്. ആലപ്പുഴയിൽ ദേശീയ നീന്തൽ കായികമത്സരം നടത്താൻ കഴിയുന്ന രീതിയിൽ 50 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും വലിയ നീന്തൽക്കുളമാണിത്.
രാജ്യാന്തര നിലവാരത്തിൽ എട്ട് ട്രാക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിന് നാലടിയിലും മുതിർന്നവർക്കായി 10 അടിയിലും പൂൾ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ജലശുദ്ധീകരണശാലയും 300 പേർക്ക് ഇരിക്കാവുന്ന ഗാലറിയും വിശ്രമമുറിയും ഉണ്ടാകും. കേരളത്തിൽ ആലപ്പുഴക്ക് പുറമെ തിരുവനന്തപുരത്തും തൃശൂരുമാണ് ഇത്തരം സൗകര്യമുള്ള നീന്തൽക്കുളമുള്ളത്. 1997ൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്താണ് നീന്തൽക്കുളം നിർമിച്ചത്. ജില്ലതലത്തിൽ നീന്തൽ മത്സരം നടത്താനും നീന്തൽ അറിയാത്തവർക്ക് ചെറിയതുക ഈടാക്കി പരിശീലനം നൽകാനുമായിരുന്നു പദ്ധതി.
തുടക്കത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ നേരിട്ടായിരുന്നു പരിപാലനം. ഉദ്ഘാടനം കഴിഞ്ഞ് കുറേനാൾ നന്നായി പ്രവർത്തിച്ചു. 2001ൽ ഇവർ പിന്മാറിയതോടെ സ്വകാര്യസ്ഥാനപത്തിന് പാട്ടത്തിന് നൽകി. വാടകയിനത്തിൽ ലക്ഷങ്ങൾ കുടിശ്ശിക വന്നതോടെ അവരും ഉപേക്ഷിച്ചു. പിന്നീട് നീന്തൽക്കുളത്തിന്റെ ചുമതല ജില്ല സ്പോർട്സ് കൗൺസിൽ ഏറ്റെടുത്തു. ആരോഗ്യകരമായ വ്യായാമത്തിന് ഏറെ ഗുണകരമായ നീന്തലിൽ ശാസ്ത്രീയമായി പരിശീലനം നൽകാനാണ് അധികൃതരുടെ തീരുമാനം.
നീന്തൽ മത്സരത്തിന് പുറമെ കുട്ടികളുടെയും മുതിർന്നവരുടെയും നീന്തൽ പരിശീലനത്തിന് നീന്തൽക്കുളം വേദിയാക്കും. മുങ്ങിമരണം ഉൾപ്പെടെയുള്ള വർധിച്ച സാഹചര്യത്തിൽ കുട്ടികളുടെ മാനസിക ഉണർവിനും ശാരീരികക്ഷമത വീണ്ടെടുക്കാനും തുക ഈടാക്കി പരിശീലനം സാധ്യമാക്കും.
ജില്ലയിലെ നീന്തൽതാരങ്ങൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മുതിർന്നവർക്കും പരിശീലനത്തിന് അവസരമൊരുക്കും. അവധി ദിവസം കുട്ടികൾക്കും കുടുംബങ്ങൾക്കും വിട്ടുനൽകി നീന്തൽ വിനോദം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും ആലോചനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.