പ്രജകൾ പട്ടിണിയാകാതിരിക്കാൻ കൂടുതൽ സഥലത്ത് കൃഷി ചെയ്യണമെന്ന ചിത്തിരതിരുനാൾ രാജാവിെൻറ കൽപന ഏറ്റെടുത്ത കൃഷിക്കാർ കായലിന് നടുവിൽ നെല്ലു വിളയിച്ചാണ് കുട്ടനാട് രൂപപെടുത്തിയത്.
കായൽ നികത്തിയുണ്ടാക്കിയ മാർത്താണ്ഡം, ചിത്തിര, റാണി എന്നിങ്ങനെ പേരിട്ട് രാജകുടുംബത്തോട് കൂറുപുലർത്തിയാണ് അവരുടെ കൃഷിരീതികൾ വികസിച്ചത്.
അക്കാലത്ത് ആളുകൾ മാറി മാറി ചക്രം ചവിട്ടിയുണ്ടാക്കിയെടുത്ത പ്രദേശത്ത് കൃഷിയിറക്കിയാണ് നൂറുമേനി വിളയിച്ചത്. എന്നാൽ, ഇന്ന് കൃഷി അന്യമായ ആ സ്ഥലങ്ങളിൽ നോട്ടമിട്ട് കാത്തിരിക്കുന്നത് വൻകിടക്കാരാണ്. പുറത്തുനിന്ന് നോക്കുന്നവർക്ക് എപ്പോഴും കുട്ടനാട് സുന്ദരിയാണ്. പ്രകൃതി രൗദ്രഭാവം കാട്ടാത്തപ്പോൾ കുട്ടനാട്ടുകാരും നാടിനെ നെഞ്ചോട് ചേർക്കും. കുട്ടനാടിെൻറ റാണിയെന്നറിയപ്പെടുന്ന ആർ ബ്ലോക്കിൽ പട്ടയവിഷയത്തിലെ അയവ് കാത്ത് വൻകിട ലോബികൾ പുറത്തുണ്ട്.
സമീപത്തെ ഭൂമികൾ കൈക്കലാക്കിയ സിനിമയടക്കമുള്ള ഇതര മേഖലയിലുള്ളവർ കുട്ടനാട്ടിലെ സംരംഭകരാകാൻ കൊതിച്ചുനിൽക്കുന്നവരാണ്. കൃഷിയുടെ ഈറ്റില്ലമായിരുന്ന ആർ. ബ്ലോക്കിൽ എട്ട് കുടുംബങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പത്തുവർഷത്തിനിടെ അറുപതോളം കുടുംബങ്ങൾ ഇവിടം വിട്ടുപോയി. തൊണ്ണൂറുകളിൽ ഇവിടം കൃഷിയുടെ ഈറ്റില്ലമായിരുന്നു. 800ഏക്കർ സ്ഥലത്ത് കറുവ, തിപ്പലി, കൊക്കോ, നാളികേരം തുടങ്ങിയവ ഇടതൂർന്ന് നിന്നിരുന്നു. കറുവ എണ്ണ ഇവിടെനിന്ന് വിദേശത്തേക്ക് കടത്തിയിരുന്നു. 95-96 വർഷത്തെ വെള്ളപ്പൊക്കത്തിൽ കർഷകർക്ക് സർവതും നഷ്ടെപ്പട്ടു. നിലവിൽ ശ്മശാനഭൂമിയാണ് ആർ. ബ്ലോക്ക്. മണ്ടപോയ തെങ്ങുകളുടെ ആവാസസ്ഥലം. ഇവിടേക്കും പരിസരത്തും എത്താൻ 'വികസന പക്ഷികൾ' തക്കം നോക്കിയിരിക്കുകയാണ്.
കുട്ടനാടിന് വേണം അച്ചടക്കമുള്ള ടൂറിസം
അച്ചടക്കവും നിയന്ത്രണമില്ലാത്തതുമായ ടൂറിസവും കുട്ടനാടിന് ഭീഷണിയാണ്. ടൂറിസം നാടിന് അഭിമാനമാകുമ്പോൾ നിലനിൽപും അനിവാര്യമാണ്. കളിക്കാൻപോകുന്ന കുട്ടികളും കിളക്കാൻ പോകുന്ന കർഷകനും മാത്രമല്ല, കുട്ടനാടിെൻറ സിരകളിൽ ഓടിക്കളിക്കുന്നത്. ആയിരങ്ങൾ കുട്ടനാടൻ സൗന്ദര്യം നുകരാനെത്തുമ്പോൾ വള്ളത്തിൽനിന്ന് വെള്ളത്തിലെത്തുന്ന ഓയിലും മറ്റ് മാലിന്യവും ചില്ലറയല്ല. മീനുകളുടെ ആവാസവ്യവസ്ഥ കായലിൽ ഇല്ലാതായെന്ന് വിവിധ പഠനങ്ങൾ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. അതേ ആറ്റിലെ വെള്ളം കുടിച്ച് വളർന്നവർ ഇന്ന് ഈ വെള്ളത്തിലേക്ക് കാൽവെക്കില്ല.
ടൂറിസത്തിെൻറ പേരിലുള്ള അനധികൃത കൈയേറ്റത്തിനും കുറവില്ല. കായലിലൂടെയും ആറുകളിലൂടെയും ഒരു കാലത്ത് ജലഗതാഗതവകുപ്പിെൻറ വിരലിൽ എണ്ണാവുന്ന ബോട്ടുകൾ മാത്രമാണ് സർവിസ് നടത്തിയിരുന്നത്. ഇപ്പോൾ സർക്കാർ ബോട്ടുകൾ നൂറിലേറെയും ഹൗസ് ബോട്ടുകൾ രണ്ടായിരത്തിനടുത്തുമുണ്ട്. ടൂറിസം നിയന്ത്രണമെന്ന പദ്ധതിയിലേക്ക് നടന്നില്ലെങ്കിൽ വെള്ളംപോലെ ടൂറിസവും നാശത്തിന് ആക്കംകൂട്ടും.
ടൂറിസം സാധ്യതകൾക്ക് പ്രസക്തിയേറുന്ന കാലത്ത് കശ്മീർ മോഡൽ ടൂറിസം കുട്ടനാടിന് അഭികാമ്യമാണ്. ദശലക്ഷങ്ങൾ പോകുന്ന കശ്മീരിൽ ടൂറിസത്തിനായി ഏരിയകൾ തിരിച്ച് മാലിന്യസംസ്കരണം ശരിയായ രീതിയിൽ നടത്തണം. ഇത്തരം പദ്ധതികൾ നടത്തുമ്പോഴും കുട്ടനാടിനെ അറിയാവുന്നവർക്ക് കുട്ടനാടിനെ വിട്ടുകൊടുക്കണം.
പദ്ധതികൾ കടലാസിലൊതുങ്ങി
പഞ്ചായത്തും ഗ്രാമസഭയും ജനപ്രതിനിധികളുമൊക്കെ നാട്ടിൽ വികസനത്തിെൻറ വെട്ടം കൊണ്ടുവന്നുവെങ്കിൽ കുട്ടനാടിെൻറ ഭൂപ്രകൃതിയനുസരിച്ച് സ്ഥിതി വ്യത്യസ്തമാണ്.
കുട്ടനാടിെൻറ മുഖം മാറ്റുന്ന വൻപദ്ധതികൾ പലതും പ്രഖ്യാപനങ്ങളിലൊതുങ്ങി. അടുത്തിടെ, നിർമാണത്തിന് തുടക്കമിട്ട എ.സി റോഡിലെ എലിവേറ്റഡ് പാതയടക്കമുള്ള വൻകിട പദ്ധതികൾക്ക് മാത്രമേ കുട്ടനാടിനെ രക്ഷിക്കാൻ കഴിയൂ. എന്നാൽ, എ.സി റോഡിനും അപ്പുറവും ഇപ്പുറവുമുള്ളവർ മാത്രമല്ല കുട്ടനാട്ടുകാർ. കൃഷി സ്ഥലം നികത്തുന്നത് തടയാനും മറ്റും പഞ്ചായത്തുകൾ കാട്ടിയ വിമുഖതയും വെള്ളത്തെ കൈകാട്ടി വിളിച്ചു. കാലത്തിനൊത്ത നയപരമായ പല പദ്ധതികളും കുട്ടനാടിനെ അറിയുന്നവരെ ഉൾപ്പെടുത്തി നടപ്പാക്കണം.
കൃഷിക്ക് ഉണർവേകാൻ നെതർലൻഡിലെ സ്കീംപോലുള്ള പല പദ്ധതികളും ആവിഷ്കരിക്കണം. ഇതിനൊപ്പം, രാഷ്ട്രീയ ഭരണ ഉദ്യോഗസ്ഥ തലത്തിലെ നെറികേടുകളിൽ കുട്ടനാടിന് കിട്ടേണ്ടത് കിട്ടാതിരിക്കരുത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.