ചാരുംമൂട്: മൂന്ന് ജില്ലകളുടെ നടുവിൽ യാത്രദുരിതം അനുഭവിച്ച് ഒരു സർക്കാർ സ്കൂൾ. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തിയിൽ (ആലപ്പുഴ ജില്ലയിൽ) സ്ഥിതിചെയ്യുന്ന പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് യാത്ര സൗകര്യമില്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്നത്.
വല്ലപ്പോഴും മാത്രം സർവിസ് നടത്തുന്ന രണ്ട് സ്വകാര്യ ബസാണ് പ്രദേശത്തേക്കുള്ള പൊതുഗതാഗത സംവിധാനം. ഇവിടെയുള്ളവർക്ക് കിലോമീറ്ററുകൾ താണ്ടിയെങ്കിൽ മാത്രമേ അടൂരിലും കെ.പി റോഡിലും എത്താൻ കഴിയുള്ളൂ.
350 ലധികം വിദ്യാർഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. അധ്യാപകരടക്കം ഇരുപത്തഞ്ചോളം ജീവനക്കാരുമുണ്ട്. കാൽനടയാത്രികരായി എത്തുന്ന വിദ്യാർഥികളിൽ ഭൂരിപക്ഷവും എട്ട് മണിയോടെ വീട്ടിൽ നിന്നിറങ്ങിയാൽ മാത്രമേ 10നെങ്കിലും സ്കൂളിൽ എത്താൻ കഴിയൂ. പല അധ്യാപകരും ബസിൽ കെ.പി റോഡിലെത്തി ഓട്ടോറിക്ഷയിൽ സ്കൂളിലെത്തുന്നതിനാൽ ദിനംപ്രതി 150 രൂപയോളം ചെലവാകും. അധ്യാപകരും രക്ഷിതാക്കളും വിഹിതം ശേഖരിച്ചാണ് ഓട്ടോറിക്ഷകളിൽ സ്കൂളിലേക്ക് വിദ്യാർഥികളെ എത്തിക്കുന്നത്.
എൽ.പി വിഭാഗം വിദ്യാർഥികൾക്കായി ഒരു വാഹനം ഉണ്ടായിരുന്നെങ്കിലും അത് കട്ടപ്പുറത്തായിട്ട് വർഷങ്ങളായി. ഇത് പുറത്തിറക്കാനോ, പുതിയ വാഹനം വാങ്ങാനോ ഒരുനടപടിയും ഉണ്ടാകുന്നില്ല.
വിവിധ സ്കൂളുകളിൽ എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂൾ വാഹനങ്ങൾ നിരത്തിലിറക്കുമ്പോഴാണ് പയ്യനല്ലൂർ സ്കൂളിന് ഈ ദുരവസ്ഥ. വാഹന സൗകര്യത്തിന്റെ കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികാരികളുടെ ഉറപ്പും നടപ്പായില്ല. സ്കൂളിലെത്താനും മടങ്ങാനുമുള്ള സൗകര്യം ലഭിച്ചാൽ വിദ്യാർഥികളുടെ എണ്ണവും വർധിക്കുമെന്ന് അധികൃതർ പറയുന്നു. തുടർച്ചയായി എല്ലാ വർഷവും മികച്ച വിജയമുള്ള സർക്കാർ വിദ്യാലയമാണിത്. ഈ വർഷവും നൂറുമേനി വിജയം കൈവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.