മാരാരിക്കുളം: മാരാരിക്കുളത്തെ ഏറ്റവും വലിയ കർഷകൻ ഇവിടെയുണ്ട്, കഞ്ഞിക്കുഴിയിൽ. 36 ഏക്കറിലാണ് യുവ കർഷകൻ ഫിലിപ് ചാക്കോ കൃഷി ചെയ്യുന്നത്. കൃഷി ലാഭമാണെന്ന് ഇദ്ദേഹം കാണിച്ചു കൊടുക്കുന്നു.
എം.ബി.എക്കാരനായ ഫിലിപ് കോട്ടയം എ.വി.ജി പ്ലാേൻറഷൻ കമ്പനിയിൽ പ്ലാേൻറഷൻ മാനേജർ ആയിരുന്നു. ജോലി രാജിവെച്ചാണ് മുഴുസമയ കർഷകനായത്. കഞ്ഞിക്കുഴി 14ാം വാർഡിൽ പാട്ടത്തിനെടുത്ത 28 ഏക്കറിൽ പച്ചക്കറി കൃഷി ചെയ്യുന്നു. നാടൻ ഇനങ്ങൾക്കു പുറമെ ഷമാം, കാബേജ് തുടങ്ങിയവയുടെ കൃഷിയുമുണ്ട്. ഇതോടൊപ്പം കോഴി, പശു, പോത്ത് തുടങ്ങിയവയും.
80 ടണ്ണോളം പച്ചക്കറികൾ വിളെവടുത്തു. കേരളത്തിലെതന്നെ ഏറ്റവും വലിയ കൃത്യത കൃഷിയും സമയോചിത കൃഷിയും ഒരുമിച്ച് ചെയ്യുന്ന ഫാമാണ് ഇവിടം. മുഹമ്മയിൽ മൂന്ന് ഏക്കറിലും കഞ്ഞിക്കുഴി ഏഴാം വാർഡിൽ അഞ്ച് ഏക്കറിലും കൃഷിയുണ്ട്. മറ്റൊരു 24 ഏക്കറിൽ പാലക്കാടും കൃഷി ആരംഭിക്കാനുള്ള ശ്രമത്തിലാണ്. പാലക്കാട് കൃഷി വിളവെടുത്ത് തുടങ്ങിയാൽ എറണാകുളത്ത് കട തുടങ്ങാനാണ് പദ്ധതി. റീ ട്ടെയിൽ മാർക്കറ്റിലേക്ക് കടക്കണമെങ്കിൽ ഒരുകട പോര. പല കട വേണം. അതിനുമുമ്പ് കൃഷി പൂർണമായും കൈപ്പടിയിൽ ഒതുക്കാനാണ് ശ്രമം. സ്വന്തം കൃഷി ഉൽപന്നങ്ങൾ സ്വന്തം ബ്രാൻഡിൽതന്നെ കേരളം മുഴുവൻ വ്യാപിപ്പിക്കാനാണ് ഫിലിപ്പിെൻറ തീരുമാനം.
എറണാകുളത്താണ് വീട് എങ്കിലും ഇപ്പോൾ മുഹമ്മയിൽ സ്ഥിര താമസം. കഞ്ഞിക്കുഴിയുടെ ബ്രാൻഡിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസവും പ്രോത്സാഹനവുമാണ് ഇവിടെ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഹോർട്ടികോർപ് വഴിയും ഹോൾ സെയിൽ മാർക്കറ്റിലും കടയിലൂടെയുമാണ് വിപണനം. എട്ടുപേർക്ക് സ്ഥിരമായും ഇരുപതോളം പേർക്ക് ഇട ദിവസങ്ങളിലും തൊഴിൽ നൽകാൻ സാധിക്കുന്നതും തനിക്ക് ഏറെ തൃപ്തി നൽകുന്നു. ഇൻഫോപാർക്ക് ഉദ്യോഗസ്ഥയായ ഭാര്യ ആൻ മേരിയുടെ പൂർണ പിന്തുണയും കൃഷിക്ക് പ്രോത്സാഹനം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.