ആലപ്പുഴ: ഇടപാടില്ലാത്ത ബാങ്ക് അക്കൗണ്ടിലേക്ക് പി.എം. കിസാൻ ആനുകൂല്യം നിക്ഷേപിക്കുന്നത് ഗുണഭോക്താക്കളെ വലക്കുന്നു. പദ്ധതിയുടെ ഗുണം കിട്ടാതെ ആയിരക്കണക്കിന് ഗുണഭോക്താക്കൾ വലയുന്നത്. ഇതിൽ നേട്ടം കൊയ്യുകയാണ് ബാങ്കുകൾ.
ചെറുകിട നാമമാത്ര കർഷകരുടെ വരുമാന വർധനക്ക് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ 2018-19 സാമ്പത്തികവർഷത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാൻനിധി (പി.എം കിസാന്‍). ഈ പദ്ധതി 2018 ഡിസംബർ ഒന്നുമുതലാണ് നടപ്പിലാക്കിയത്. സര്‍ക്കാറിന്റെ ലാന്‍ഡ് റെക്കോഡിൽ കൃഷിഭൂമി കൈവശമുള്ള കുടുംബങ്ങൾക്ക് മറ്റ് നിബന്ധനകള്‍ക്ക് വിധേയമായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിവർഷം 6000 രൂപ നാലുമാസത്തിലൊരിക്കൽ മൂന്നു തുല്യ ഗഡുക്കളായിട്ടാണ് നൽകുന്നത്. കേരളത്തിൽമാത്രം 38ലക്ഷം പേരാണ് ഗുണഭോക്താക്കൾ.
പദ്ധതിക്കായി അപേക്ഷ സ്വീകരിച്ച ഘട്ടത്തിൽ വായ്പ എടുക്കാത്തതും ഇടപാട് നടക്കാത്തതുമായ അക്കൗണ്ടുകൾ കൃഷിഭവനുകളിൽ സ്വീകരിച്ചിരുന്നില്ല. ഇത്തരം അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചാൽ തുക ബാങ്ക് പിടിച്ചാൽ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ലെന്നും ആനുകൂല്യം പൂർണമായും ഗുണഭോക്താക്കളുടെ കൈകളിൽ എത്താൻ വേണ്ടിയാണിതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തുടർന്ന് ഇടപാടില്ലാത്ത പഴയ അക്കൗണ്ടുകൾ ഒഴിവാക്കി നൂറൂകണക്കിന് ആളുകൾ പി.എം കിസാനുവേണ്ടി പുതിയ അക്കൗണ്ട് എടുത്താണ് പദ്ധതിയിൽ ചേർന്നത്. 2022 ജനുവരി വരെ 10 ഗഡുക്കളായി 20,000 രൂപ ഗുണഭോക്താക്കൾക്ക് ലഭിച്ചു. ഈ തുകയെല്ലാം ഗുണഭോക്താക്കൾ നൽകിയ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. എന്നാൽ, ഈ വർഷത്തെ നാലുമാസത്തെ രണ്ടുഗഡുക്കളും ലഭിച്ചത് സ്ഥിരമായി എത്തുന്ന അക്കൗണ്ടിലേക്കല്ല. ആദ്യഗഡു ലഭിച്ച മേയിലും ഈമാസം 17ന് കിട്ടിയ രണ്ടാംഗഡുവാണ് ഇടപാടില്ലാത്ത അക്കൗണ്ടിലേക്ക് എത്തിയത്.
പണം നിക്ഷേപിച്ചതായി മൊബൈലിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിൽ അന്വേഷിക്കുമ്പോഴാണ് സ്ഥിരമായുള്ള അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് തിരിച്ചറിയുന്നത്. പിന്നീട് കൃഷിഭവനിലെത്തി അന്വേഷിക്കുമ്പോൾ പണം നിക്ഷേപിച്ച അക്കൗണ്ടിന്റെ വിവരങ്ങൾ ലഭിക്കും. വർഷങ്ങളായി സ്ഥിരമായി ഇടപാട് നടത്താത്തതും വായ്പയുടെ ആവശ്യത്തിന് എടുത്തതുമായ അക്കൗണ്ടിലേക്കാണ് നൂറുകണക്കിനാളുകളുടെ പണം നിക്ഷേപിച്ചത്. ഇതുസംബന്ധിച്ച് വിശദീകരണം ചോദിക്കുമ്പോൾ കൃഷിവകുപ്പ് അധികൃതരും ബാങ്കുകാരും കൈമലർത്തുകയാണ്. ആധാറുമായി ലിങ്ക് ചെയ്ത അക്കൗണ്ടിലേക്കാണ് പണം പോകുന്നതെന്ന മറുപടിയാണ് കിട്ടുന്നത്. പണം വീണ അക്കൗണ്ട് പരിശോധിക്കാൻ ബാങ്കിൽ എത്തിയാൽ മിനിമം ബാലൻസ് പരിപാലിക്കാത്തിന്റെ പിഴയും വായ്പ കുടിശ്ശികയും ചേർത്ത് വലിയൊരുതുക അടക്കേണ്ട ഗതികേടിലാണ് ഗുണഭോക്താക്കൾ. നിലവിലെ അക്കൗണ്ടിലേക്ക് തുടർന്ന് പദ്ധതി ആനുകൂല്യം ലഭിക്കാൻ പണം നിക്ഷേപിച്ച പഴയ അക്കൗണ്ട് ക്ലോസ് ചെയ്യണം. ഇത് ഒഴിവാക്കാൻ ഇത്രയുംനാൾ ഉപയോഗിക്കാതിരുന്നതിന്റെ ബാങ്ക് പിഴയും കുടിശ്ശികയും ഉൾപ്പെടെ വലിയൊരുതുക അടക്കേണ്ടിവരും. അതിനാൽ പദ്ധതി തുക പലരും ഉപേക്ഷിക്കുകയാണ്.
760 കോടിയാണ് കേരളത്തിലെ ഗുണഭോക്താക്കൾക്കായി കേന്ദ്രസർക്കാർ ഒരുതവണ നിക്ഷേപിക്കുന്നത്. സ്ഥിരമായി ഇടപാട് നടക്കാത്ത അക്കൗണ്ടിൽ എത്തുന്ന കോടികൾ തിരിച്ചുനൽകാതെ ഉപഭോക്താക്കളുടെ ദയനീയാവസ്ഥ ബാങ്കുകാരും മുതലെടുക്കുകയാണെന്നാണ് ആക്ഷേപം. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം കിട്ടുന്ന തുകയും നഷ്ടമായതിന്റെ വേദനയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.