ആലപ്പുഴ: സ്ത്രീയും കുട്ടികളും മാത്രമുള്ള വീട്ടിൽ കയറി പൊലീസ് അതിക്രമം നടത്തിയെന്ന പരാതിയിൽ കായംകുളം സി.ഐ ഉൾപ്പെടെ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഓഫിസർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.
കായംകുളം എരുവ സ്വദേശിനിയാണ് പരാതി നൽകിയത്. റിമാൻഡിൽ കഴിയുന്ന സഹോദരന്റെ കേസുമായി ബന്ധപ്പെട്ടാണ് കായംകുളം സി.ഐയും 20 പൊലീസുകാരും അവിട്ടം ദിവസം തന്റെ വീട്ടിലെത്തി വീട്ടുപകരണങ്ങൾ നശിപ്പിച്ച് തന്നെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. പാലിൽ സോപ്പുപൊടി കലക്കി. ആഹാരസാധനങ്ങൾ വലിച്ചെറിഞ്ഞു. പത്തു മാസവും ഒമ്പത് വയസ്സും മാത്രമുള്ള മക്കൾക്ക് മുന്നിലായിരുന്നു മർദനം. പൊലീസുകാർ വീടിന്റെ ഫ്യൂസ് ഊരിക്കൊണ്ടുപോയി. സി.സി ടി.വി തകർത്തതായും പരാതിയിൽ പറയുന്നു. പരാതി അതിഗൗരവമുള്ളതാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ആരോപണ വിധേയരെ മാറ്റിനിർത്തി അന്വേഷിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.