ആലപ്പുഴ: നേരം പുലരും മുമ്പേ രാഹുൽ ഗാന്ധി കടപ്പുറത്ത് ഹാജർ. ഒരു മിനിറ്റ് തെറ്റാതെ 5.58നെത്തി അദ്ദേഹം. കൂടിക്കാഴ്ച തൊഴിലിടത്തിൽ തന്നെയാകട്ടെയെന്നും ദിവസത്തുടക്കം കടലിന്‍റെ മക്കൾക്കൊപ്പമെന്നും രാഹുൽ ആഗ്രഹിച്ചത് പ്രകാരമായിരുന്നു തിങ്കളാഴ്ച ഉച്ചക്കത്തേക്ക് നിശ്ചയിച്ച സംവാദം പെട്ടെന്ന് പുലർച്ചയാക്കിയത്.
സുരക്ഷ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വാടക്കൽ മത്സ്യഗന്ധി ബീച്ചിൽ പെട്ടെന്ന് സജ്ജമാക്കിയിടത്തായിരുന്നു മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച. കുട്ടികളിൽ ചിലർ രാഹുലിനൊപ്പമിരുന്നപ്പോൾ സ്ത്രീകളടക്കം നിലത്ത് അഭിമുഖമായി ഇരുന്നു. അദ്ദേഹത്തെ കാണാനും കരംപിടിക്കാനും എല്ലാവരും തിരക്കുകൂട്ടി.
മത്സ്യമേഖല നേരിടുന്ന പ്രശ്നങ്ങളിലേക്ക് രാഹുലിന്‍റെ ശ്രദ്ധ ക്ഷണിച്ചു അപ്പോഴേക്കും മറ്റൊരു രാഹുൽ. കടപ്പുറത്തെ മത്സ്യത്തൊഴിലാളിയുടെ പിഎച്ച്.ഡി വിദ്യാർഥിയായ മകൻ രാഹുൽ, ഉന്നത വിദ്യാഭ്യാസത്തിന് ഒരു സഹായവും കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കുന്നില്ലെന്ന വിഷമസ്ഥിതി പങ്കുവെച്ചു.
വിദ്യാഭ്യാസം നേടിയാലും തൊഴിൽ ലഭിക്കാത്ത സാഹചര്യം. ഇക്കാരണത്താൽ വിദ്യാഭ്യാസ ശേഷം വിദേശരാജ്യങ്ങളിലേക്ക് എല്ലാവരും കുടിയേറുകയാണ്. പിറന്ന നാട്ടിൽ ജോലി ചെയ്യുന്നതിന് അവസരം കൂടി ഉണ്ടാകാതെ തരമില്ലെന്നും ഉണർത്തി.
ആലപ്പുഴ രൂപത പി.ആർ.ഒ ഫാ. സേവ്യർ കുടിയാംശേരി കടലിൽ മീൻ പിടിക്കുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനത്താൽ സംഭവിക്കുന്ന തൊഴിൽ നഷ്ടത്തിന് സർക്കാർ സഹായമില്ലെന്നും വിവരിച്ചു.
മറുപടി പറഞ്ഞ രാഹുൽ ഗാന്ധി നമ്മുടെ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന വസ്തുത ഖേദകരമാണെന്നും സാധാരണക്കാരുടെ മക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കണമെന്നതിലോ തൊഴിൽ ലഭിക്കണമെന്നതിലോ സർക്കാറുകൾ താൽപര്യം കാട്ടുന്നില്ലെന്നും കുറ്റപ്പെടുത്തി. ബി.ജെ.പി സർക്കാറിന് അവരുമായി അടുപ്പം പുലർത്തുന്ന രണ്ടോ മൂന്നോ സമ്പന്നരുടെ കാര്യത്തിൽ മാത്രമാണ് ശ്രദ്ധ.
രാജ്യത്തെ ചെറുകിട വ്യവസായികളുടെയും കർഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിൽ സർക്കാറിന് ആകുലതയേയില്ല. രാജ്യത്തെ പൗരന്മാർക്ക് ജോലി ലഭിക്കുക എന്നത് സർക്കാറിന്റെ കൂടി ഉത്തരവാദിത്തമാണ്.ഇന്ധന വിലവർധനയെപ്പറ്റിയും ഇന്ധനം വാങ്ങുന്നതിന് സബ്സിഡി ലഭിക്കാത്തതിനെ പറ്റിയുമായിരുന്നു മറ്റൊരു മത്സ്യത്തൊഴിലാളിയുടെ ചോദ്യം.
മണ്ണെണ്ണയുടെ വില ലിറ്ററിന് 140 രൂപ വരെ എത്തിയിരിക്കുന്നു. തങ്ങളുടെ പ്രയത്നത്തിനുള്ള വരുമാനം പലപ്പോഴും കിട്ടാറില്ല. മുമ്പ് ലഭിക്കുന്ന ഇന്ധന വിഹിതവും ഇപ്പോൾ കിട്ടുന്നില്ല.
മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നൽകുന്നില്ലെന്നത് അവരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. തൊഴിലാളികൾക്ക് ലഭിക്കേണ്ട സബ്സിഡി എവിടേക്കാണ് പോകുന്നതെന്ന് എല്ലാവരും ചിന്തിക്കണം. കശുവണ്ടി, കയർ തൊഴിലാളികൾ ഉൾപ്പെടെ സർവതൊഴിൽ മേഖലയും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.
ക്ഷേമനിധി പദ്ധതിയുടെ അപര്യാപ്തതകളെപ്പറ്റി പരാതിപ്പെട്ട തൊഴിലാളിയോട് മോദിസർക്കാറിന്‍റെ സമ്പന്നരുമായുള്ള ചങ്ങാത്തമാണ് അടിസ്ഥാന പ്രശ്നമെന്നും യു.പി.എ സർക്കാർ തൊഴിലാളികൾക്ക് 72,000 കോടി രൂപ കടാശ്വസം നൽകിയെന്നും ഓർമിപ്പിച്ചു. തൊഴിലാളി വർഗം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഒപ്പമുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി. തൊഴിലാളി കുടുംബങ്ങൾക്കൊപ്പം ചിത്രവും പകർത്തിയാണ് അദ്ദേഹം യാത്ര പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.