ആറാട്ടുപുഴയിൽ അച്ഛന്‍റെ കുഴിമാടത്തിനരികിൽ രഞ്ജിത്തിന്​ ചിത​യൊരുക്കുന്നു

അച്ഛന്‍റെ കുഴിമാടത്തിനരികിൽ രഞ്ജിത്തിന്​ ചിത​യൊരുങ്ങി; മൃതദേഹം ആറാട്ടുപുഴയിൽ സംസ്കരിക്കും


ഹരിപ്പാട്: വെട്ടേറ്റു മരിച്ച ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ മൃതദേഹം അച്ഛന്‍റെ കുഴിമാടത്തിനരികിൽ സംസ്​കരിക്കും. ആറാട്ടുപുഴ വലിയഴീക്കലുള്ള കുന്നുംപുറത്ത് വീട്ടിലാണ്​ ഇന്ന് സംസ്കരിക്കുക.

രഞ്ജിത്തിന്‍റെ പിതാവ് പരേതനായ ശ്രീനിവാസന്‍റെ കുടുംബ വീടാണിത്. സഹോദരൻ സജീവനാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. ആലപ്പുഴ സ്കൂട്ടർ ഫാക്ടറിയിലേയും പിന്നീട് അട്ടോകാസ്റ്റിലേയും ജീവനക്കാരനായിരുന്ന ശ്രീനിവാസൻ, ജോലിയുടെ സൗകര്യാർഥമാണ്​ ഇവിടെനിന്ന്​ ആലപ്പുഴയിലേക്ക് താമസം മാറിയത്​. രണ്ടുവർഷം മുൻപ് മരണപ്പെട്ട പിതാവിന്‍റെ മൃതദേഹം ഇവിടെയാണ് സംസ്കരിച്ചത്. പിതാവിന്‍റെ കുഴിമാടത്തിന് അരികിൽ തന്നെയാണ് രഞ്ജിത്തിനും ചിതയൊരുക്കുന്നത്.

ഞായറാഴ്ച രാത്രിയിൽ സംസ്കാരം നടക്കുമെന്ന പ്രതീക്ഷയിൽ ഒരുക്കം പൂർത്തീകരിച്ചിരുന്നു. ബന്ധുമിത്രാദികളും നാട്ടുകാരം പാർട്ടി പ്രവർത്തകരുമടക്കം നിരവധി പേർ ഇവിടെ നേരത്തേ തന്നെ എത്തിയിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം നടക്കാത്ത സാഹചര്യത്തിൽ ഇന്നലെ വൈകീട്ട്​ ആറരയോടെയാണ് സംസ്​കാരം തിങ്കളാഴ്ചത്തേക്ക് മാറ്റിയെന്ന വിവരം അറിയുന്നത്.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​​റ്റ്​മോർട്ടം നടത്തിയശേഷം വിലാപയാത്രയായി ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലും വീട്ടിലും പൊതുദർശനത്തിന്​ വെക്കും. തുടർന്നാണ്​ സംസ്​കാരം.

അതിനിടെ, ശനിയാഴ്ച രാത്രി കൊല്ല​പ്പെട്ട എസ്​.ഡി.പി.ഐ നേതാവ്​ അഡ്വ. കെ.​എസ്​. ഷാനിന്‍റെ മൃതദേഹം ഞായറാഴ്ച വൈകീ​ട്ടോടെ പൊന്നാട്​ മുസ്​ലിം ജമാഅത്ത്​ ഖബർസ്ഥാനിൽ ഖബറടക്കി.​

കൊല്ല​പ്പെട്ട എസ്​.ഡി.പി.ഐ നേതാവ്​ അഡ്വ. കെ.​എസ്​. ഷാനിന്‍റെ മൃതദേഹം പൊതുദർശനത്തിന്​ വെച്ചപ്പോൾ

എറണാകുളത്തുനിന്ന്​ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലൻസിൽ ഷാനിെൻറ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വൈകീട്ടോടെയാണ്​ ആലപ്പുഴ മണ്ണഞ്ചേരിയിലെത്തിയത്​. വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും കുടുംബാംഗങ്ങളും അന്ത്യോപചാരം അർപ്പിച്ചു.

പൊന്നാട്​ പള്ളിക്ക്​ സമീപം പൊതുദർശനത്തിനുവെച്ചശേഷം വൻജനാവലിയുടെ സാന്നിധ്യത്തിലാണ്​ ഖബറടക്കിയത്​. പള്ളിക്ക്​ സമീപത്തെ ഗ്രൗണ്ടിൽ നടന്ന മയ്യിത്ത്​ നമസ്​കാരത്തിന്​ എസ്​.ഡി.പി​.ഐ സംസ്ഥാന പ്രസിഡൻറ്​ മൂവാറ്റുപുഴ അഷ്​റഫ്​ മൗലവി നേതൃത്വം നൽകി.

Tags:    
News Summary - Ranjith's funeral near his father's grave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.