ആലപ്പുഴ: മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫിസുകളിൽ നടത്തിയ പ്രത്യേക ക്യാമ്പിൽ വൻ ജനത്തിരക്ക്. ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിലെ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫിസ് ക്യാമ്പിൽ മാത്രം 300ലധികം പേരാണ് എത്തിയത്. നീണ്ട ക്യൂവും അനുഭവപ്പെട്ടു. വ്യാഴാഴ്ച ചെങ്ങന്നൂർ, മാവേലിക്കര ഒഴികെയുള്ള മറ്റു താലൂക്ക് സപ്ലൈ ഓഫിസുകളുടെ പരിധിയിലും ക്യാമ്പ് നടന്നു. മാവേലിക്കരയിൽ വെള്ളിയാഴ്ച ക്യാമ്പ് നടക്കും. വിരലടയാളം പതിയാത്തവരാണ് കൂടുതലും എത്തിയത്. ജില്ലയിൽ ഇതുവരെ 12,16,032 പേരാണ് മസ്റ്ററിങ് നടത്തിയത്. ഇതിൽ 9.76 ലക്ഷം പേരുടെ മസ്റ്ററിങ്ങ് അംഗീകരിച്ചു.
2.34 ലക്ഷം പേരുടെ മസ്റ്ററിങ് വിവരങ്ങൾ താലൂക്ക് തലത്തിൽ പരിശോധിക്കണം. ആധാറിലെയും റേഷൻ കാർഡിലെയും പേരിൽ പിഴവ് കണ്ടെത്തിയ 5311 പേരുടെ മസ്റ്ററിങ് നിരാകരിച്ചു. ഐറിസ് സ്കാനർ ഉപയോഗിച്ച് കണ്ണടയാളം സ്വീകരിച്ചാണ് മസ്റ്ററിങ് പൂർത്തിയാക്കാനായത്. റേഷൻകടകളിലും മസ്റ്ററിങിന് ഒട്ടേറെപ്പേരെത്തി. നേരത്തെ മസ്റ്ററിങ് മുടങ്ങിയ കുട്ടികളടക്കമുള്ളവർ ക്യാമ്പിലെത്തി. എന്നാൽ, കുട്ടികളുടേത് ഇത്തവണയും പൂർത്തിയാക്കാനായിട്ടില്ല. അക്കാര്യത്തിൽ ഇനി സർക്കാർ തീരുമാനമെടുക്കണം. അപൂർവം ചില റേഷൻ കടകളിൽ മാത്രമാണ് ഐറിസ് സ്കാനർ ഉള്ളത്. ഐറിസ് സ്കാനർ സ്വന്തമായുള്ള റേഷൻവ്യാപാരികളുടെ സഹായത്തോടെയാണ് സിവിൽ സപ്ലൈസ് അധികൃതർ ക്യാമ്പ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.