ആലപ്പുഴ: സ്കൂൾ തുറക്കലിന് മുന്നോടിയായി ജില്ലയിലെ സ്കൂൾ ബസുകളുടെ ‘ഫിറ്റ്നസ്’ പരിശോധന അവസാനഘട്ടത്തിൽ. നിലവിൽ 70 ശതമാനത്തോളം ബസുകളുടെ പരിശോധന മാത്രമാണ് പൂർത്തിയായത്. ജില്ല ആസ്ഥാനത്തും താലൂക്ക് കേന്ദ്രങ്ങളിലും സ്കൂൾ ബസുകളുടെ പരിശോധനക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിന് കഴിയാത്തവർ ആർ.ടി.ഒക്ക് അപേക്ഷ നൽകിയാൽ അതത് സ്ഥലത്തെത്തി മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയ 33 കാര്യങ്ങൾ പരിശോധിച്ചശേഷം ‘ഫിറ്റ്നസ് സ്റ്റിക്കർ’ പതിച്ചുനൽകും.
മോട്ടോർ വാഹന വകുപ്പിന്റെയും ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ വിവിധ താലൂക്കുകളിൽ പ്രത്യേക സൗകര്യമൊരുക്കിയാണ് പരിശോധന നടത്തുന്നതെന്ന് ആലപ്പുഴ ആർ.ടി.ഒ സജി പ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ രാവിലെ ഏഴ് മുതൽ ബുധനാഴ്ച വരെ സ്കൂൾ ബസുകളുടെ സുരക്ഷ പരിശോധനയുണ്ടാകും.
മാർഗനിർദേശങ്ങളിൽ പ്രധാനമായും സ്കൂൾ ബസിലെ വേഗപ്പൂട്ടും ജി.പി.എസ് സംവിധാനവുമാണ്. ഇതിനൊപ്പം ‘സുരക്ഷ മിത്ര’ സോഫ്റ്റ്വെയർ ടാഗ് ചെയ്തിട്ടുണ്ടോയെന്നും സ്കൂൾ വാഹനങ്ങളെ തത്സമയം നിരീക്ഷിക്കാൻ തയാറാക്കിയ ‘വിദ്യാവാഹൻ’ മൊബൈൽ ആപ് ബസുകളിൽ ഉണ്ടോയെന്നും പരിശോധിക്കും.
ഡ്രൈവർമാർ വെള്ള ഷർട്ടും കറുത്തപാന്റും യൂനിഫോമായി ധരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പൊതുവാഹനത്തിലെ ഡ്രൈവർമാർക്കും യൂനിഫോം വേണം. സ്കൂളിന്റെ പേരും ഫോൺ നമ്പറും ഇരുവശത്തും വേണം. പിന്നിൽ ചൈൽഡ്ലൈൻ നമ്പർ (1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (101), മോട്ടോർ വാഹന വകുപ്പ് ഓഫിസ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺനമ്പർ പ്രദർശിപ്പിക്കണം.
വാഹനത്തിൽ സുരക്ഷാവാതിലും പ്രഥമശുശ്രൂഷ കിറ്റും വേണം. പരിശോധനയിൽ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ ഫിറ്റ്നസ് നൽകൂ. ജില്ലയിൽ 1500 സ്കൂൾ ബസാണുള്ളത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിശദമായ മാർഗരേഖ തയാറാക്കിയിട്ടുണ്ടെങ്കിലും സ്കൂൾ വാഹനങ്ങളുടെ അപര്യാപ്ത പ്രശ്നമാകുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക.
ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിന്റെ തത്സമയ വിവരം രക്ഷിതാക്കൾക്ക് അറിയാൻ കഴിയുന്നതാണ് ‘വിദ്യാവാഹൻ’ ആപ്. പ്ലേ സ്റ്റോറിൽനിന്ന് ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. മൊബൈൽ നമ്പർ വിദ്യാവാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത് വിദ്യാലയ അധികൃതരാണ്.
ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനും കഴിയും. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്റെ മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റും കാണാം. ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന് നേരെ ബട്ടൺ അമർത്തിയാൽ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം. ആപ്പിലൂടെതന്നെ വാഹനത്തിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോണിൽ വിളിക്കാനാകും. കൃത്യമായ ഡേറ്റ കിട്ടുന്നില്ലെങ്കിൽ ‘Refresh’ ബട്ടൺ അമർത്തുക. സംശയങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800 599 7099.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.