ആലപ്പുഴ: നിരന്തരം സെർവർ തകരാറിലാകുന്നതിനാൽ കേരള മോട്ടോർ ട്രാൻസ്പോർട്ട് വെൽഫെയർ ഫണ്ട് ബോർഡിലേക്ക് അടക്കുന്ന ക്ഷേമനിധിപ്പണം കാണാനില്ല. ഗുണഭോക്താക്കളുടെ അക്കൗണ്ടിൽനിന്ന് പണം പോകുന്നുണ്ട്. പക്ഷെ ബോർഡിന്റെ അക്കൗണ്ടിലെത്തുന്നില്ല. ഇതേത്തുടർന്ന് വാഹനമുടമകൾക്ക് നികുതി അടക്കാനാകാത്ത സ്ഥിതിയാണ്.
ഓൺലൈനായി അടച്ച പണം വരവുവെക്കാനായി ഇപ്പോൾ വാഹനമുടമകളിൽപ്പലരും ബാങ്കിലും ഹരിപ്പാടുള്ള ക്ഷേമനിധി ജില്ല ഓഫിസിലും രേഖകളുമായി കയറിയിറങ്ങുകയാണ്. ഫലത്തിൽ ഓൺലൈൻ സംവിധാനത്തിന്റെ പ്രയോജനം ഗുണഭോക്താക്കൾക്ക് കിട്ടാത്ത സ്ഥിതിയാണ്.
ചേർത്തല സ്വദേശിയായ ഒരാൾ ജൂലൈയിൽ വെബ്സൈറ്റുവഴി 2,935 രൂപ ക്ഷേമനിധി വിഹിതമായി അടച്ചു. അക്കൗണ്ടിൽനിന്ന് പണം പോയെങ്കിലും ക്ഷേമനിധി അക്കൗണ്ടിലെത്തിയില്ല. ജില്ല ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ പരിശോധിക്കാമെന്ന് പറഞ്ഞു. പിന്നീട് ചോദിക്കുമ്പോൾ അധികൃതർ കൈമലർത്തുകയാണെന്നാണ് പരാതി. അക്കൗണ്ടിൽനിന്ന് പണം ക്ഷേമനിധി ബോർഡിലേക്ക് പോയതിന്റെ രേഖകൾ ഉടമ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ കുടിശ്ശിക ഇനത്തിൽ 4,000 രൂപക്ക് മുകളിൽ അടക്കാനുണ്ടെന്നാണ് കാണിക്കുന്നത്.
അടച്ചതിന്റെ രസീത് കിട്ടാത്തതിനാൽ വാഹനത്തിന് നികുതി അടക്കാനും കഴിഞ്ഞില്ല. മറ്റൊരുവാഹനത്തിന്റെ ക്ഷേമനിധി വിഹിതം ഒക്ടോബർ ഒന്നിന് ഓൺലൈനായി അടച്ചു. ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ല. ഒട്ടേറെപ്പേർ ഇത്തരത്തിൽ പരാതിയുമായി എത്തിയിട്ടുണ്ട്. സെർവർ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, പരിഹരിക്കാൻ നടപടിയില്ല.
ഇത്തരം പരാതികൾ ബാങ്കുരേഖകൾ പരിശോധിച്ച് പരിഹരിച്ച് നൽകാറുണ്ടെന്നാണ് ജില്ല ക്ഷേമനിധി ബോർഡ് അധികൃതർ പറയുന്നത്. അപൂർവമായാണ് ഇത്തരം പരാതികളുണ്ടാകുന്നതെന്നും വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.