മണ്ണഞ്ചേരി: സുമനസ്സുകളുടെ കാരുണ്യത്തിൽ ഷീജക്കും മക്കൾക്കും വീട് ഒരുങ്ങുന്നു. ശരീരമാസകലം വ്രണംവന്ന് പൊട്ടുന്ന അപൂർവരോഗം ബാധിച്ച മുഹമ്മദ് യാസീെൻറ ചികിത്സ ചെലവിനും വഴിയൊരുങ്ങുന്നു. മണ്ണഞ്ചേരി പടിഞ്ഞാറ് വാടകവീട്ടിൽ താമസിക്കുന്ന ഷീജക്കും ആറു വയസ്സുള്ള മുഹമ്മദ് യാസീനും സഹോദരി ഷിഫക്കുമാണ് സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നത്.
പുനലൂരിലെ വീട്ടിൽനിന്നാണ് മക്കളുമൊത്ത് നാലുവർഷം മുമ്പ് ഷീജ മണ്ണഞ്ചേരിയിലെത്തിയത്. ഇവരുടെ നിസ്സഹായാവസ്ഥ പൊക്കത്തിൽ സക്കീർ ഹുസൈനും സുഹൃത്തുക്കളുമാണ് പുറംലോകത്ത് എത്തിച്ചത്. മാധ്യമവും മീഡിയവൺ സ്നേഹസ്പർശവും ഇതുമായി ബന്ധപ്പെട്ട് വാർത്ത ചെയ്തിരുന്നു.
തുടർന്ന് 'മരുന്നും ഭക്ഷണവും' എന്ന വാട്സ്ആപ് കൂടായ്മയിലൂടെ സക്കീർ ഹുസൈൻ ചെയർമാനും നൗഷാദ് കരിമുറ്റം കൺവീനറുമായി പ്രവർത്തനം ഏകോപിപ്പിച്ചു. സുമനസ്സുകളും പ്രവാസികളും അകമഴിഞ്ഞ് സഹായിച്ചതോടെ 15 ലക്ഷം സ്വരൂപിക്കാനായി. ഇതോടെ ചികിത്സക്കൊപ്പം വീട് എന്ന പദ്ധതിക്കും വഴിയൊരുങ്ങി. ഏഴുലക്ഷം ചെലവഴിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡിൽ നാലുസെൻറ് വാങ്ങി. വീടിന് ഏഴുലക്ഷമാണ് ബജറ്റ് ഇട്ടിരിക്കുന്നത്. യാസിന് മൂന്നുവർഷത്തെ ചികിത്സയാണ് പറഞ്ഞിരിക്കുന്നത്.
ഇതിനുതന്നെ ലക്ഷങ്ങൾ വേണ്ടിവരും. പിരിഞ്ഞുകിട്ടിയ പണവും ഷീജ ഇപ്പോൾ താമസിക്കുന്ന വീടിനു ഈടുകൊടുത്ത മൂന്ന് ലക്ഷവും ചേർത്താണ് വീട് പണിയും ചികിത്സയും മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരിക്കുന്നത്. വീടിന് കുന്നപ്പള്ളി മസ്ജിദുൽ ബദരിയ്യ ചീഫ് ഇമാം ജഅഫർ മൗലവിയും നൗഷാദ് കരിമുറ്റവും ചേർന്ന് തറക്കല്ലിട്ടു. മഹല്ല് പ്രസിഡൻറ് കുന്നപ്പള്ളി മജീദ്, സക്കീർ പൊക്കത്തിൽ, പി.യു. ഷറഫ് കുട്ടി, ടി.എ. അലിക്കുഞ്ഞ് ആശാൻ, എം. മുജീബ് റഹ്മാൻ, ഫൈസൽ കൊച്ചിച്ചൻ, സലാം തറക്കോണം, ടി.വി. അലി, മുസ്തഫ മുഹമ്മ, ഷാജി റെഡ്മാർക്, അഷറഫ് അശാൻ, റിയാസ് കുന്നപ്പള്ളി, പീപ്പിൾസ് ഫൗണ്ടേഷൻ കൺവീനർ ജലീൽ, സിയാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.