ചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴയില്‍ മിനി ലോറിയിടിച്ച് വൈദ്യുതി തൂൺ തകർന്നതുകണ്ട് റോഡിലേക്ക് ഇറങ്ങിയ പരിസരവാസികൾക്കും കെ.എസ്.ആര്.ടി.സി ബസിൽനിന്ന് ഇറങ്ങിയവർക്കും ഷോക്കേറ്റു. മുളക്കുഴ പാലനില്‍ക്കുന്നതില്‍ സാമുവേല്‍ (84), റെനി സാമുവേല്‍ (9), മറിയാമ്മ റെനി (44), റിഷിസാം (18), റെജി സാമുവേല്‍ (41), ഷിബു (54), ഷെറി (24), കെ.എസ്.ആര്.ടി.സി യാത്രക്കാരയ മിഥുന് ആര്. കൃഷ്ണ (36), ബിനു (54), അഖില്‍ (24) എന്നിവര്‍ക്കാണ് ഷോക്കേറ്റത്.
ഞായറാഴ്ച പുലര്‍ച്ച ഒരു മണിയോടെ മുളക്കുഴ മാര്‍ത്തോമ പള്ളിക്ക് മുന്‍വശത്തുള്ള 11 കെ.വി ലൈൻ കടന്നുപോകുന്ന ഇരുമ്പു വൈദ്യുതിതൂണാണ് മിനിലോറിയിടിച്ച് തകര്‍ത്തത്. ഇതോടെ വൈദ്യുതി ബന്ധം നിലച്ചു. ശബ്ദം കേട്ട് റോഡിലേക്കിറങ്ങിവന്ന പരിസരത്തെ വീട്ടുകാര്‍ക്കും അതുവഴിവന്ന കെ.എസ്.ആര്.ടി.സി ബസില്നിന്നുമിറങ്ങിയവർക്കുമാണ് ഷോക്കേറ്റത്. പുലർച്ച 2.15ഓടെ ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചവരില്‍ നാലുപേരെ വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ബാക്കിയുള്ളവരെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.
ഗുരുതമായി പരിക്കേറ്റ പാലനില്‍ക്കുന്നതില്‍ ഷെറിയെ (24) തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ് റോഡില്‍നിന്ന് ഇളകിമാറിയതോടെ വൈദ്യുതി ലൈനുകളും തകര്‍ന്നു. ഇടിച്ച ലോറി നിര്‍ത്താതെ സ്ഥലം വിടുകയായിരുന്നു. വൈദ്യുതിബന്ധം നിലച്ചെങ്കിലും ലൈനിന് സമീപത്തെ വാഴയും മറ്റും കത്തുന്നത് കണ്ടതോടെ സമീപവാസികള്‍ ഇതുവഴിവന്ന വാഹനങ്ങള്‍ നിര്ത്തിക്കുന്നതിനുള്ള ശ്രമത്തിനിടയാണ് ഷോക്കേറ്റ് തെറിച്ചുവീണത്.
നെയ്യാറ്റിന്‍കരയില്‍നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സിയുടെ സ്വിഫ്റ്റ് ബസ് അപകടം കണ്ട് നിർത്തുകയായിരുന്നു. വൈദ്യുതിലൈന്‍ കത്തുന്നത് കണ്ട് ബസ് കടന്നുപോകുമോയെന്ന് നോക്കുന്നതിനായി റോഡിലേക്കിറങ്ങി ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ നിരവധി തവണ മുളക്കുഴ വൈദ്യുതി ഓഫിസില്‍ വിളിച്ചു പറഞ്ഞിട്ടും കൂട്ടാക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
എന്നാല്‍, വൈദ്യുതി ലൈന്‍ തകര്‍ന്നിട്ടില്ലെന്നും റോഡിന്റെ എതിര്‍വശത്ത് നിന്ന ഇത്രയും പേര്‍ക്ക് ഷോക്കേറ്റത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നുമാണ് അസി. എന്‍ജിനീയര്‍ ജയകുമാര്‍ പറയുന്നത്. ആശുപത്രിയിൽ എത്തിയവര്‍ക്കെല്ലാം ഷോക്കേറ്റതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ബസ് ജീവനക്കാര്‍ക്കും യാത്രക്കര്ക്കും ഷോക്കേറ്റ സംഭവത്തില്‍ കെ.എസ്.ആര്.ടി.സി അധികൃതർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.