ആലപ്പുഴ: കായിക സ്വപ്നങ്ങൾക്ക് ചിറകുവിടർത്തി എസ്.ഡി കോളജ് ഗ്രൗണ്ടിൽ വിവിധ കായിക ഇനങ്ങൾക്കായി സ്പോർട്സ് ഹബ് നിർമിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും എസ്.ഡി കോളജ് മാനേജ്മെന്റും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു.നിലവിലെ ക്രിക്കറ്റ് ഗ്രൗണ്ട് കൂടാതെ 200 മീറ്റർ ട്രാക്ക്, ഫുട്സൽ, ബാസ്കറ്റ്ബാൾ, വോളിബാൾ, കബഡി കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ്സ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് സ്പോർട്സ് ഹബ് നിർമിക്കുക. കോളജ് മാനേജ്മെന്റിന്റെ കളർകോട്ടുള്ള രണ്ടര ഏക്കറിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്നുകോടി മുടക്കിയാണ് പദ്ധതി നടപ്പാക്കുക.
ടെൻഡർ ചെയ്തു ഒരുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി കൈമാറുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഹൈ പെർഫോമൻസ് സെന്ററിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി റോഡ്, മെക്കാനിക്കൽ റൂം എന്നിവയുടെ നിർമാണവും ഉടൻ തുടങ്ങും. 75 ലക്ഷം മുടക്കി മോട്ടോറിൽ പ്രവർത്തിക്കുന്ന കാമറ സ്റ്റാൻഡ്, ഫെൻസിങ് എന്നിവയുടെ നിർമാണവും പൂർത്തിയായി.
മൂന്നാംഘട്ടം വികസനത്തിന്റെ ഭാഗമായി നാലുകോടി മുടക്കി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഫ്ലഡ്ലൈറ്റ് സംവിധാനവുമുണ്ടാക്കും. കേരളത്തിലെ ക്രിക്കറ്റ് ഗ്രൗണ്ടിനൊപ്പം മറ്റ് കായിക ഇനങ്ങൾക്കുമുള്ള സൗകര്യം ഒരുക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ പദ്ധതിയാണിത്.സ്പോർട്സ് ഹബ് പദ്ധതി വരുന്നതോടെ ആലപ്പുഴയിൽ കായികമേഖലയിൽ വൻ കുതിപ്പുണ്ടാകുമെന്ന് സനാതന ധർമ വിദ്യശാല മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ആർ. കൃഷ്ണൻ, എസ്.ഡി കോളജ് മാനേജർ കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.