മാവേലിക്കര: ജില്ലയിലെ മൂന്നാമത്തെ സാന്ത്വനസ്പർശം അദാലത്തിൽ പരിഹാരംതേടി ആയിരങ്ങളെത്തി. മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്കായി മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ മന്ത്രിമാരായ ജി. സുധാകരൻ, ഡോ. ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ എന്നിവർ പരാതികൾക്ക് തീർപ്പാക്കി.
ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാലത്തിൽ 1287 അപേക്ഷ ലഭിച്ചു. അദാലത് ദിവസം 1953 അപേക്ഷകൾ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ചു. സി.എം.ഡി.ആർ.എഫ് ഉൾപ്പെടെ 3240 അപേക്ഷകളും നേരിട്ട് നിരവധി പരാതികളും കിട്ടി.
കഴിഞ്ഞ രണ്ടു അദാലത്തിലായി ദുരിതാശ്വാസനിധിയിൽനിന്ന് ആറു കോടിയോളം രൂപയാണ് വിതരണം ചെയ്തതത്. സി.എം.ഡി.ആർ.എഫിലേക്ക് 25000 രൂപവരെ അർഹർക്ക് അപ്പോൾ തന്നെ അനുവദിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന അദാലത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ പ്രത്യേക സ്ഥലവും ഉണ്ടായിരുന്നു. എം.എൽ.എമാരായ ആർ. രാജേഷ്, അഡ്വ. യു. പ്രതിഭ, കലക്ടർ എ. അലക്സാണ്ടർ, ഫോറസ്റ്റ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ എന്നിവരും പെങ്കടുത്തു.
മാവേലിക്കരയിൽ അനുവദിച്ചത് റെക്കോഡ് തുക
മാവേലിക്കരയിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ അനുവദിച്ചത് റെക്കോഡ് തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മന്ത്രിമാർ നൽകിയത് 4,73,34,474 രൂപയാണ്. ജില്ലയിൽ നടന്ന അദാലത്തുകളിൽ ഏറ്റവും ഉയർന്ന തുകയാണിത്.
ദുരിതാശ്വാസനിധിയിലേക്ക് അല്ലാതെ ലഭിച്ച പരാതികളുടെ എണ്ണം 3902 ആണ്. സി.എം.ഡി.ആർ.എഫ് വഴി ലഭിച്ച അപേക്ഷകളിൽ 2380 എണ്ണം ഒറ്റ ദിവസം തീർപ്പാക്കി. മൂന്ന് ദിവസമായി നടന്ന അദാലത്തുകളിലായി ആകെ വിതരണം ചെയ്തത് 11,39,41,224 രൂപയാണ്. മൂന്നുദിവസമായി 17158 അപേക്ഷകളാണ് ആെക ലഭിച്ചത്. ഇതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 8122 അപേക്ഷകൾ ലഭിച്ചു.
റേഷൻ കാർഡ് തരം മാറ്റുന്നതിനുള്ള ലഭിച്ച 92 അപേക്ഷകളും തീർപ്പാക്കി. 33 പേർക്ക് മുൻഗണനാപട്ടികയിൽ കാർഡ് നൽകി. ആധാർ ഇരട്ടിപ്പ് പരിശോധിച്ചതിലൂടെ 40,000 റേഷൻ കാർഡ് അർഹതപ്പെട്ടവർക്ക് നൽകാനായി.
അദാലത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില –വിഷ്ണുനാഥ്
ചെങ്ങന്നൂർ: സംസ്ഥാന സര്‍ക്കാറിെൻറ കോവിഡ് പ്രതിരോധം പ്രഹസനവും ആത്മാർഥത ഇല്ലാത്തതുമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് പി.സി. വിഷ്ണുനാഥ്. രാഷ്ട്രീയ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ ആരും നിര്‍ബന്ധിച്ച് വരുന്നതല്ല. എന്നാല്‍, മന്ത്രിമാര്‍ നടത്തുന്ന പരാതി പരിഹാര അദാലത്തിലേക്ക് വരുന്നവരുടെ കാര്യം അങ്ങനെയല്ല.
കര്‍ശന കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ആരോഗ്യമന്ത്രിതന്നെ പങ്കെടുക്കുന്ന അദാലത്തില്‍ സാമൂഹിക അകലമോ നിയന്ത്രണങ്ങളോ ഇല്ല. യു.ഡി.എഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോണ്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി.
എ.ഐ.സി.സി അംഗം കെ.എന്‍. വിശ്വനാഥന്, കെ.പി.സി.സി സെക്രട്ടറി ജ്യോതി വിജയകുമാര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, ജൂണി കുതിരവട്ടം, ഡി. നാഗേഷ് കുമാര്‍, തോമസ് ചാക്കോ, ബിപിന്‍ മാമ്മന്‍, ഹരി പാണ്ടനാട്, ഡോ. ഷിബു ഉമ്മന്‍, ജോര്‍ജ് തോമസ്, രാധേഷ് കണ്ണന്നൂര്‍, ബിജു മാത്യു ഗ്രാമം, എന്‍. ആനന്ദന്, തോമസ് ഫിലിപ്പ്, മിഥുന് കുമാര്‍ മയൂരം, കെ. ഷിബുരാജന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ചെയര്‍മാനായി ജൂണി കുതിരവട്ടവും കണ്‍വീനറായി ഡി. നാഗേഷ് കുമാറും ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.