ആലപ്പുഴ: മത്സ്യലഭ്യത കുറഞ്ഞതിന് പിന്നാലെ മത്സ്യബന്ധന ചെലവ് പതിന്മടങ്ങുമായതോടെ കടലിൽ പോകാതെ തൊഴിലാളികൾ. ഇതോടെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുന്നപ്ര, പറവൂർ, കാട്ടൂർ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. കടലിൽ പോയിട്ട് മാസങ്ങളായെന്ന് ഇവർ പറയുന്നു.
മത്സ്യലഭ്യത കുറഞ്ഞതാണ് ഒരു കാരണം. ഇന്ധനം ചെലവിട്ട് ബോട്ട് കടലിൽ ഇറക്കി വെറുംകൈയോടെ തിരിച്ചുവരുകയാണ് പലപ്പോഴും. ഡീസലിനും മണ്ണെണ്ണക്കും വില കുത്തനെ ഉയർന്നത് മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി. ഉപജീവനമാർഗം മുടങ്ങിയതോടെ മത്സ്യത്തൊഴിലാളികളിൽ പലരും മറ്റു മേഖലകളിലേക്ക് തിരിഞ്ഞെന്നും പറയുന്നു.ഉയർന്ന മണ്ണെണ്ണ വില കാരണം ആലപ്പുഴ, കൊച്ചി തീരങ്ങളിൽ വള്ളങ്ങൾ കടലിൽ ഇറക്കാനാകാതെ നൂറുകണക്കിനു മത്സ്യത്തൊഴിലാളികൾ രണ്ട് മാസമായി ദുരിതത്തിലാണ്. ഇൻബോർഡ് വള്ളം ഒരുതവണ കടലിൽ പോകണമെങ്കിൽ 25,000 രൂപ ചെലവാണ്.
ഒന്നും കിട്ടിയില്ലെങ്കിൽ കടവുമായി വേണം തിരിച്ചുവരാൻ. ചള്ളിയിൽനിന്ന് തൊഴിലാളികൾ കായംകുളം ഹാർബറിലെത്തുന്നത് ബസ് വാടകക്കെടുത്താണ്. ഇപ്പോൾ 8,000 രൂപ വരെ നൽകണം. മണ്ണെണ്ണയുടെ ചെലവ്, തൊഴിലാളികളുടെ കൂലി ഇതെല്ലാം കണ്ടെത്തണം.
മീനൊന്നും കിട്ടിയില്ലെങ്കിൽ ഈ തുകയെല്ലാം ബാധ്യതയായി മാറും. മിക്ക ദിവസവും ഇതാണ് സ്ഥിതിയെന്ന് തൊഴിലാളികൾ പറഞ്ഞു. ദിവസം 12 മണിക്കൂർ വരെ കടലിൽ യാനം ഓടിക്കേണ്ടി വരാറുണ്ട്. കായംകുളം ഭാഗത്ത് വലയിട്ട് നിരാശരാകുമ്പോഴാകും പുന്നപ്ര കടലിൽ മീൻ കാണുന്നുണ്ടെന്നാണ് മറ്റു വള്ളങ്ങളിലെ തൊഴിലാളികൾ വയർലെസിലൂടെ അറിയിക്കുന്നത്.ഉടൻ അങ്ങോട്ടു പോകും. ചിലപ്പോൾ കൊച്ചിയിൽനിന്നാകും വിളി.ഓട്ടമെല്ലാം കഴിഞ്ഞു കരയിലെത്തുമ്പോൾ മണ്ണെണ്ണയുടെ വില പോലും കിട്ടിയില്ലെന്നിരിക്കും.
ജില്ലയിലെ പല ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്‍ററുകളിലും വള്ളങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ പോലും സൗകര്യമില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി മണൽച്ചാക്ക് അടുക്കിയ ചള്ളിയിൽ എല്ലാം പൊളിഞ്ഞു കിടക്കുകയാണ്. വലിയ ഹാളിൽ വയറിങ് നടത്തിയെങ്കിലും ഒരു വിളക്ക് പോലും തെളിഞ്ഞിട്ടില്ല. ലക്ഷങ്ങൾ വിലയുള്ള വലകൾ വെറുതെ കൂട്ടിയിടാനേ കഴിയുന്നുള്ളൂ. തോട്ടപ്പള്ളി ഹാർബറിന്റെ നിർമാണം തന്നെ അശാസ്ത്രീയമാണെന്നും ഇവർ പറയുന്നു. വള്ളങ്ങൾ തകരാനും ആളുകൾ അപകടത്തിൽപെടാനും സാധ്യത ഏറെയാണ്. പെട്രോൾ-ഡീസൽ-മണ്ണെണ്ണ എന്നിവ സബ്സിഡി നിരക്കിൽ നൽകുക, 25 രൂപക്ക് മണ്ണെണ്ണ നൽകുമെന്ന പ്രഖ്യാപനം നടപ്പാക്കുക, മത്സ്യബന്ധന യാനങ്ങളിൽ ഉപയോഗിക്കുന്ന ഡീസലിന് ഏർപ്പെടുത്തിയ റോഡ് സെസ് പിൻവലിക്കുക, കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കൊണ്ടുവന്ന ദോഷകരമായ നിയമങ്ങളിൽ മാറ്റം വരുത്തുക, തീരദേശ നിയന്ത്രണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികൾ നടത്തിയ പണിമുടക്ക് മേഖലയെ നിശ്ചലമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.