ആലപ്പുഴ: പ്രതിസന്ധി രൂക്ഷമായ കയർ മേഖലയിൽ സർക്കാർ ഇടപെടൽ ശുഷ്കം. വിൽപനയില്ലെന്നതിനാൽ ചെറുകിട ഫാക്ടറികൾ അടച്ചുപൂട്ടൽ ഭീഷണിലായതിന് പുറമെ പരമ്പരാഗത കയർ ഇനങ്ങൾക്ക് വേണ്ടവിധം വിപണിയില്ലെന്ന പ്രശ്നവും നേരിടുന്ന തൊഴിൽ മേഖലയിൽ ട്രേഡ് യൂനിയനുകളുടെ ഇടപെടലും ദുർബലം.
തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. എന്നാൽ, ഇതിനെതിരെ ശബ്ദമുയർത്താൻ ഭരണത്തിൽ മുഖ്യപങ്കാളിത്തമുള്ള പാർട്ടിയുടെ തൊഴിലാളി യൂനിയനായ സി.ഐ.ടി.യു രംഗത്തില്ല. വ്യവസായത്തിെൻറയും തൊഴിലാളികളുടെയും നടുവൊടിക്കുന്നതാണ് ഈ നിലപാടെന്ന ആരോപണം ശക്തമാണ്.
സി.ഐ.ടി.യു ഇതിന് തയാറാകാത്ത സാഹചര്യത്തിൽ, യോജിക്കാവുന്ന എല്ലാ സംഘടനകളുമായും ചേർന്ന് സമരത്തിന് തയാറെടുക്കുകയാണ് രണ്ടാം പാർട്ടിയായ സി.പി.ഐയുടെ ട്രേഡ് യൂനിയനായ എ.ഐ.ടി.യു.സി. സർക്കാറിനും വിവിധ കയർ സ്ഥാപനങ്ങൾക്കും എ.ഐ.ടി.യു.സി സമര നോട്ടിസ് നൽകിക്കഴിഞ്ഞു.
ചെറുകിട കയർ ഉൽപാദകരുടെ കെട്ടിക്കിടന്നു നശിക്കുന്ന ഉൽപന്നങ്ങൾ സംഭരിക്കുക, കയർപിരി തൊഴിലാളികളുടെ കൂലി 600 രൂപയായി ഉയർത്തുക, ഫാക്ടറി തൊഴിലാളികളുടെ വേതനവ്യവസ്ഥകൾ പുതുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
കയർ സംയുക്ത സമരസമിതി ആക്ഷൻ കൗൺസിലിെൻറ കൺവീനർ സ്ഥാനം സി.ഐ.ടി.യുവിനാണ്. എന്നാൽ, കയർ പ്രതിസന്ധിക്കെതിരെ നടപടി സ്വീകരിക്കാൻ എ.ഐ.ടി.യു.സി ഉൾെപ്പടെ കത്ത് നൽകിയിട്ടും ആക്ഷൻ കൗൺസിൽ വിളിക്കാൻ സി.ഐ.ടി.യു നേതൃത്വം തയാറായിട്ടില്ല.
സമരം തുടങ്ങിയാൽ അതു സർക്കാറിനെതിരായ വികാരമായി വളരുമെന്ന ഭയന്നാണ് സി.ഐ.ടി.യു മുന്നോട്ടുവരാത്തതിന് പിന്നിലെന്ന് എ.ഐ.ടി.യു.സി അടക്കം യൂനിയനുകൾ ആരോപിക്കുന്നു.
ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി. എ.ഐ.ടി.യു.സി 101 കേന്ദ്രങ്ങളിൽ സമരം നടത്തി. യോജിക്കാവുന്ന എല്ലാ സംഘടനകളുമായും ചേർന്ന് അനിശ്ചിതകാല സമരം ആരംഭിക്കുന്ന കാര്യം ആലോചിക്കുമെന്ന് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.