ആലപ്പുഴ: പൈതൃകപദ്ധതിയുടെ ഭാഗമായി പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കുന്ന പടക്കപ്പലിെൻറ വരവും കാത്ത് ആലപ്പുഴ നഗരം. വെള്ളിയാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുരക്ഷകണക്കിലെടുത്ത് ജില്ല കലക്ടർ എ. അലക്സാണ്ടർ അനുമതി നൽകിയില്ല. ഇതോടെ, കലവൂരിൽനിന്ന് ആലപ്പുഴ വരെയുള്ള 10 കിലോമീറ്റർ യാത്രാതടസ്സം നേരിട്ടു. അനുമതി കിട്ടുന്നതിന് പിന്നാലെ യുദ്ധക്കപ്പൽ ആലപ്പുഴയിലേക്ക് എത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
60 ടൺ ഭാരമുള്ള പഴയയുദ്ധക്കപ്പൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്ടി-81) 96 ചക്രങ്ങളും 12 ആക്സിൽ സംവിധാനവുമുള്ള പ്രത്യേകവാഹനത്തിൽ തണ്ണീർമുക്കത്തുനിന്ന് യുദ്ധസമാനമായ സുരക്ഷയൊരുക്കിയാണ് കലവൂർ വരെ എത്തിച്ചത്. രണ്ടുദിവസമായി കപ്പൽ ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. ആലപ്പുഴ ബൈപാസിലൂടെ പ്രവേശിച്ച് ബീച്ചിന് സമീപത്തെ പാലത്തിലൂടെ വലിയ ക്രെയിൻ ഉപയോഗിച്ച് ഇറക്കാനാണ് തീരുമാനം. എന്നാൽ, ക്രെയിൻ ഉപയോഗിച്ച് ബൈപാസിൽനിന്ന് താഴേക്ക് ഇറക്കുമ്പോഴുള്ള സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്.
ഉയരത്തിൽനിന്ന് ക്രെയിനിൽ കപ്പലിറക്കുമ്പോൾ ഉണ്ടാകാവുന്ന സാങ്കേതിക പ്രശ്നങ്ങളടക്കം ചർച്ചനടത്തിയശേഷം അനുമതി നൽകും. കപ്പൽ സ്ഥാപിക്കാനുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനുള്ള റോഡിെൻറ പണി പൂർത്തിയാക്കാൻ വൈകിയതും യാത്രനീളാൻ കാരണമായി. നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ കാണാനും സെൽഫിയെടുക്കാനും ദൂരസ്ഥലങ്ങളിൽനിന്നുപോലും നിരവധിപേരാണ് എത്തുന്നത്. തിങ്കളാഴ്ച ബീച്ച് കൂടി തുറക്കുന്നതോടെ 'കപ്പൽ' കാണാൻ വൻതിരക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ആലപ്പുഴ കടൽപ്പാലത്തിന് സമീപത്തായി സജ്ജീകരിച്ച പ്രത്യേക സ്ഥലത്താണ് കപ്പൽ താൽക്കാലികമായി സ്ഥാപിക്കുന്നത്. പിന്നീടത് പൈതൃക മ്യൂസിയത്തിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.