ആലപ്പുഴ: തീരംവറുതിയിലായതിന്റെ മറവില്‍ ചെറുകിട കച്ചവടക്കാര്‍ മീനിന് തീവിലയീടാക്കുന്നു. മീന്‍ കിട്ടാനില്ലെന്ന വാദമാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ ആന്ധ്ര,തമിഴ്നാട്, മലപ്പ എന്നിവിടങ്ങളില്‍നിന്നും നൂറുകണക്കിന് വാഹനങ്ങളിലാണ് ജില്ലയില്‍ മത്സ്യം എത്തുന്നത്. പുലര്‍ച്ചെ എത്തുന്ന മീന്‍ മൊത്തവില്‍പ്പന മാര്‍ക്കറ്റില്‍ നിന്നും ലേലം ചെയ്താണ് ചെറുകിട കച്ചവടക്കാര്‍ വാങ്ങുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന മീനിനാണ് അന്യായവില വാങ്ങുന്നത്.
ഒരേ വിലക്ക് വാങ്ങുന്ന മീന്‍ പലരും പല വില ഈടാക്കുന്നുണ്ട്. മൊത്തവില്‍പ്പന മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം മത്തി ഒരു കിലോക്ക് 80 രൂപയായിരുന്നു. അയല 140, വാള 120, വേളൂരി 100, ചൂര 140, കേര 180 ഇങ്ങനെയായിരുന്നു വില.
എന്നാല്‍, ചെറുകിട വില്‍പ്പനക്കാര്‍ മത്തിക്ക് 140 മുതല്‍ 200 രൂപവരെയാണ് വാങ്ങിയത്. ഇടത്തരം അയല 200, വലിയ അയല 280, വാള 200, ഏട്ടക്കൂരി 200, കണ്ണി അയല 280, കരിനന്ദന്‍ 100 ഇങ്ങനെയായിരുന്നു ചില്ലറ വില്‍പ്പന. തിങ്കളാഴ്ച മത്തിക്ക് മൊത്തവില്‍പ്പന മാര്‍ക്കറ്റില്‍ കിലൊ 44 രൂപയായിരുന്നപ്പോഴും ചില്ലറക്കച്ചവടക്കാര്‍ പലരും 120 മുതല്‍ 200 വരെ വാങ്ങിയിരുന്നു.
മൊത്തവില ചൂര കഴിഞ്ഞ ആഴ്ച 160 എന്നത് തിങ്കളാഴ്ച 140 രൂപയായി കുറഞ്ഞു. മേക്കുറിച്ചി 140 ആയിരുന്നത് 120 ലെത്തി. ഏട്ടക്കൂരി 140 ല്‍ നിന്ന് 130 ആയി. വാള 160-170 ആയിരുന്നത് 120-140 ആയി കുറഞ്ഞു. മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ വില കുറയുന്നതനുസരിച്ച് മാറ്റം വരുത്താന്‍ ചെറുകിട കച്ചവടക്കാര്‍ തയാറാകുന്നില്ല. ജില്ലയില്‍ തീരങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ ഐസിന്റെ വിലയും മറ്റ് ചെലവുകളുമാണ് ചൂണ്ടിക്കാട്ടുന്നു.
തീരം വറുതിയിലായതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയുടെ വക്കിലെത്തിയിരിക്കുന്നത്. സ്ത്രീകള്‍ ചെമ്മീന്‍ പീലിങ് ജോലി ചെയ്ത് കിട്ടുന്ന വരുമാനമാണ് വീടുകളുടെ ആശ്രയം. ചെമ്മീന്‍ വരവ് കുറഞ്ഞതോടെ ചെറുകിട ചെമ്മീന്‍ ഷെഡുകള്‍ അടച്ച് പൂട്ടേണ്ട അവസ്ഥയിലാണ്. ഇവര്‍ പൊളിക്കുന്ന ചെമ്മീന്‍ മീറ്റ് കയറ്റുമതി കമ്പനികള്‍ക്കാണ് കൊടുക്കുന്നത്. ഈ വകയിലും ചെറുകിട കച്ചവടക്കാര്‍ക്ക് ലക്ഷങ്ങളാണ് കിട്ടാനുള്ളത്. ഇതും പീലിങ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
തൊഴിലാളികള്‍ക്ക് പുറമെ വള്ളം ഉടമകളും പ്രതിസന്ധിയിലാണ്. കൂട്ടായും വായ്പയെടുത്തുമാണ് പലരും വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും വാങ്ങിയിരിക്കുന്നത്.
സ്വകാര്യ വ്യക്തികളില്‍ നിന്നും ദിവസപ്പിരിവിലും മാസവ്യവസ്ഥയിലും വട്ടിപ്പലിശക്കും വായ്പയെടുത്താണ് സ്വന്തമാക്കിയത്. കടലില്‍ മത്സ്യബന്ധനം നടത്തി ഒന്നും കിട്ടാതെ തിരിച്ചുവന്ന വകയില്‍ ഇന്ധനചിലവും തൊഴിലാളികളുടെ ബത്തയും കഴിഞ്ഞാല്‍ നഷ്ടക്കണക്ക് മാത്രമാണുള്ളത്. വായ്പ മുടങ്ങി പലരും ആത്മഹത്യയുടെ വക്കിലാണ്. കൊടും ചൂടില്‍ കടലിനോട് മല്ലിട്ട് കരയിലെത്തുമ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള മീന്‍ പോലും കിട്ടാറില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.