ആലപ്പുഴ: ഫിറ്റ്നസില്ലാതെ ഓടിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. 7500 രൂപ പിഴയീടാക്കി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടിക്ക് ശിപാർശ. കോഴിക്കോട് പേരാമ്പ്രയിൽനിന്ന് ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ വിനോദസഞ്ചാരത്തിന് എത്തിയ കെ.എൽ 23 എഫ് 5787 ‘മാംഗോ ഹോളിഡേസ്’ ബസാണ് പിടിച്ചെടുത്തത്.
ശനിയാഴ്ച രാവിലെ 11.30ന് ആലപ്പുഴ ബീച്ചിന് സമീപം ആർ.ടി.ഒ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 44 പേരെയും മറ്റൊരു വാഹനത്തിൽ യാത്രതുടരാൻ അനുവദിച്ചു.
ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിക്ക് ശിപാർശ ചെയ്തുവെന്നും നിയമം ലംഘിച്ച് സർവിസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ ജി.എസ്. സജിപ്രസാദ് അറിയിച്ചു. പരിശോധനക്ക് ആർ.ടി.ഒ ഉദ്യോഗസ്ഥരായ പി. അനൂപ്, എം.ആർ. ഷിബുകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.