ആലപ്പുഴ: സംസ്ഥാന സര്‍ക്കാറിന്റെ മുഖ്യ വികസന പദ്ധതികളിൽ ഒന്നായ എ.സി (ആലപ്പുഴ- ചങ്ങനാശ്ശേരി) റോഡിന്റെ നിര്‍മാണപ്രവൃത്തികൾ വിലയിരുത്താൻ ലോകബാങ്ക് സംഘം എത്തി. വലിയ അടിസ്ഥാന സൗകര്യവികസനം നടക്കുമ്പോൾ ജനങ്ങളുടെ അനുഭവങ്ങളുംകൂടി പരിഗണിക്കണമെന്നതാണ് ലോകബാങ്കിന്റെ പുതിയ കാഴ്ചപ്പാടെന്ന് സംഘത്തലവനായ ലോകബാങ്ക് സൗത്ത് ഏഷ്യൻ വൈസ് പ്രസിഡന്റ് മാര്ട്ടിൻ റെയ്സർ പറഞ്ഞു.
റീബില്‍ഡ് കേരളയുടെ കീഴിൽ കെ.എസ്.ടി.പിയും യു.എൽ.സി.സി.യും ചേര്‍ന്നാണ് എ.സി റോഡിന്റെ പുനര്‍നിര്‍മാണം നടത്തുന്നത്. മാര്ട്ടിൻ റെയ്സർ, ഇന്ത്യയിലെ വേള്‍ഡ് ബാങ്ക് പ്രതിനിധി അഗസ്റ്റിറ്റാനോ കൊയ്മെ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം സര്‍ക്കാറിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ തലവന്മാരും ഉണ്ടായിരുന്നു. 2018ലെ പ്രളയത്തിനുശേഷം സംസ്ഥാന സര്‍ക്കാറിന്റെ റീബില്‍ഡ് കേരള വഴി അനുവദിച്ച 649.76 കോടി വിനിയോഗിച്ചാണ് എ.സി റോഡിന്റെ നിർമാണം.
വ്യാഴാഴ്ച രാവിലെ 11ന് ആലപ്പുഴയിലെത്തിയ സംഘം പ്രാഥമിക യോഗം ചേർന്ന് റോഡിന്റെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങൾ തേടി. തുടര്‍ന്നായിരുന്നു എ.സി റോഡ് സന്ദര്‍ശനം. സംഘാംഗങ്ങളായ സുദീപ് മജുംദർ, അര്‍ണബ് ബന്ദോപാധ്യായ, നടാലിയ കുലിചെന്കോ, ദീപക് സിങ്, അതുൽ ഖുരാന, കുമുദിനി ചൗധരി, ഇന്ദ്രനീൽ ബോസ്, സ്വാതി പിള്ള എന്നിവരും സര്‍ക്കാറിന്റെ പ്രതിനിധികളായ റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് ഡെപ്യൂട്ടി സി.ഇ.ഒ. മുഹമ്മദ് വൈ. സഫീറുള്ള, കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ എസ്. പ്രേം കൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.