കായംകുളം നാമ്പുകുളങ്ങരയിൽ മോഷണം തുടർക്കഥ: പൊലീസ് ഇരുട്ടിൽ തപ്പുന്നു

കായംകുളം: ഇലിപ്പക്കുളം നാമ്പുകുളങ്ങര കേന്ദ്രീകരിച്ച് മോഷണം തുടർക്കഥയാകുമ്പോൾ തുടർ നടപടികളില്ലാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. മോഷണം തുടർച്ചയായതോടെ നാട്ടുകാരുടെ ആശങ്ക വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ഇലിപ്പക്കുളം നാമ്പുകുളങ്ങര അജിത് ഭവനത്തിൽ അജിത്തിന്‍റെ വീട് കുത്തി തുറന്ന് നാലായിരം രൂപയും ഒരു ഗ്രാം സ്വർണവുമാണ് കവർന്നതാണ് ഒടുവിലത്തെ സംഭവം.

ആറുമാസത്തിനിടെ സമാന രീതിയിൽ നടക്കുന്ന ആറാമത്തെ മോഷണമാണിത്. വീട് പൂട്ടി പുറത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയായിട്ടും പൊലീസ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വിദേശത്തായ അജിത്തിന്‍റെ ഭാര്യ സീനയും മകളും വെള്ളിയാഴ്ച രാവിലെ ചെങ്ങന്നൂരിലെ കുടുംബവീട്ടിൽ പോയിരുന്നു. സമീപത്തെ മകളുടെ വീട്ടിലായിരുന്ന മാതാവ് ശാരദ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മകളുടെ കമ്മലുകളുമാണ് നഷ്ടമായത്. അലമാരകൾ കുത്തിതുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ നാമ്പുകുളങ്ങര നാനാശേരിൽ അവിനാശ് ഗംഗന്‍റെ വീട്ടിൽ സമാന രീതിയിൽ കഴിഞ്ഞ ഫെബ്രുവരി 22 ന് മോഷണം നടന്നിരുന്നു. അഞ്ചര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയാണ് മോഷ്ടാക്കൾ അപഹരിച്ചത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇതിന് സമീപമുള്ള കട്ടച്ചിറ ദിലീപ് ഭവനത്തിൽ ദിലീപിന്‍റെ വീട്ടിൽ മോഷണം നടന്നിട്ട് ഒരു വർഷമായിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

നാല് പവൻ സ്വർണാഭരണങ്ങളും അമ്പതിനായിരം രൂപയുമാണ് ദിലീപിന്‍റെ വീട്ടിൽ നിന്നും കള്ളൻമാർ കവർന്നത്. ഇവിടെയും വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു മോഷണം. കട്ടച്ചിറ മണ്ണാരേത്ത് ഉണ്ണി, ചെറുമണ്ണിൽ ചൈത്രത്തിൽ ബാലരാമൻപിള്ള എന്നിവരുടെ വീടുകളിലും ആറ് മാസം മുമ്പ് സമാന രീതിയിൽ മോഷണം നടന്നിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധനകൾ നടത്തിയെങ്കിലും കള്ളൻമാരിലേക്ക് എത്താൻ കഴിഞ്ഞില്ല.

Tags:    
News Summary - Thefts are on the rise in Nambukulangara, Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.