വിളവെടുപ്പ് അടുത്തപ്പോൾ മഴ; ഓണക്കാല പച്ചക്കറി കൃഷിക്ക് ഭീഷണി

zആലപ്പുഴ: വിളവെടുപ്പ് അടുത്ത പ്പോൾ വീണ്ടുമെത്തിയ മഴ ഓണവിപണി ലക്ഷ്യമാക്കി ഇറക്കിയ പച്ചക്കറി കൃഷിക്ക് ഭീഷണി. കോരിച്ചൊരിഞ്ഞ ശേഷം ദിവസങ്ങൾ മാത്രം മാറിനിന്ന മഴ ശനിയാഴ്ച രാവിലെ മുതൽ ശക്തമായി. ഇനിയുള്ള അഞ്ചുദിവസം മഴ പ്രവചിച്ചിരിക്കെ കർഷകർ ആശങ്കയിലാണ്. ദിവസങ്ങളായി പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയുടെ പലഭാഗത്തും വൻ കൃഷിനാശമുണ്ടെന്ന് കർഷകർ പറയുന്നു.

സ്വന്തം ആവശ്യത്തിന് വീട്ടുവളപ്പുകളിൽ കൃഷിചെയ്തവർക്കും നഷ്ടമുണ്ടായി. എന്നാൽ, കാര്യമായ നഷ്ടമുണ്ടായിട്ടില്ലെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്. മഴ തുടർന്നാൽ ചേന, ചേമ്പ്, ഇഞ്ചി തുടങ്ങിയവയുടെ വിളവെടുപ്പിനെ ബാധിക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വെള്ളംകയറി നാശമുണ്ടായി. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 2, 3, 4, 18 വാർഡുകളിലാണ് പച്ചക്കറി കൃഷി വ്യാപകമായുള്ളത്. തുടർച്ചയായ മഴയിൽ ഇവിടെയും നാശമുണ്ടായി. മണ്ണഞ്ചേരി 1, 18 വാർഡുകളിലും പച്ചക്കറി കൃഷിയെ മഴ ദോഷമായി ബാധിച്ചു. വെൺമണിയിൽ കർഷകർ കൃഷിനാശം നേരിട്ടു. 1400 ഏത്തവാഴകൾ മഴയിൽ നശിച്ചു. ഇവയിൽ 700 എണ്ണം കുലക്കാറായവയാണ്.

അച്ചൻകോവിലാർ കരകവിഞ്ഞ് കൃഷിയിടങ്ങളിൽ കയറിയ വെള്ളം ആഴ്ചകളോളം കെട്ടിക്കിടന്നതോടെ വാഴകൾ നശിച്ചു. മാവേലിക്കര തഴക്കരയിൽ അച്ചൻകോവിലാറിനോട് ചേർന്നുള്ള പ്രദേശത്തെ ഏത്തവാഴ, പച്ചക്കറി കൃഷികൾ വെള്ളംകയറി നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ രണ്ടായിരത്തിലേറെ വാഴകളാണ് നശിച്ചത്.

പന്തലിട്ടുള്ള പച്ചക്കറി കൃഷിക്കാണ് വലിയ നാശം നേരിട്ടത്. കാറ്റിൽ പന്തൽ വീണും ചരിഞ്ഞുമാണ് നാശമേറെ.

ഓണവിപണി എത്തും മുമ്പേ ഉള്ളവ വിളവെടുത്ത് കുറഞ്ഞ വിലയിൽ വിൽക്കേണ്ടിവരുമെന്ന ആശങ്ക കർഷകർക്കുണ്ട്. ചേർത്തല, കഞ്ഞിക്കുഴി പ്രദേശങ്ങളിൽ കാര്യമായ നഷ്ടമുണ്ടായിട്ടില്ല. എന്നാൽ, നിലവിൽ പെയ്യുന്ന മഴ തുടർന്നാൽ പൂ കൃഷിക്ക് നാശമുണ്ടാകാൻ സാധ്യത ഏറെയാണ്.

എടത്വ മേഖലയിൽ ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്തവർക്ക് വേണ്ടത്ര വിളവ് ലഭിക്കുന്നില്ല. തുടർച്ചയായ മഴയും വെള്ളപ്പൊക്കവുമാണ് പ്രശ്നം. നേരത്തേ ആഴ്ചയിൽ 1.5 ലക്ഷം രൂപ ലേലം നടന്നിരുന്ന മരിയാപുരം വിപണിയിൽ കഴിഞ്ഞദിവസം 75,000 രൂപയുടെ ലേലമാണ് നടന്നത്.

വെള്ളം പൊങ്ങിയത് ഏത്തവാഴ കർഷകരെയാണ് കൂടുതൽ ബാധിച്ചത്. പടവലം, പാവൽ വിളവിലും കുറവുണ്ട്. വള്ളികുന്നം പഞ്ചായത്തിൽ കഴിഞ്ഞ മഴയിൽ ഒരു ഹെക്ടറോളം വാഴകൃഷി നശിച്ചിരുന്നു. മഴ തുടർന്നാൽ ഇവിടെ രണ്ട് ഹെക്ടറോളം വരുന്ന പൂകൃഷി പൂർണമായി നശിക്കുന്ന സ്ഥിതിയാണ്. ഇൻഷുറൻസ് ഇല്ലാത്തതിനാൽ കർഷകർക്ക് വലിയ നഷ്ടമുണ്ടാകും.

താമരക്കുളം നൂറനാട്, പാലമേൽ പഞ്ചായത്തുകളിൽ നേരിയ തോതിൽ കൃഷിനാശമുണ്ട്. ജില്ലയിലെ ഓണച്ചന്തകളിലേക്കും ഹോർട്ടികോർപ് ഷോപ്പുകളിലേക്കും ഏറ്റവും കൂടുതൽ വാഴക്കുലകളും പച്ചക്കറികളും മറ്റും കയറ്റിയയക്കുന്നത് പാലമേൽ, താമരക്കുളം പഞ്ചായത്തുകളിൽനിന്നാണ്.

കാലാവസ്ഥ പേടിച്ച് വേനൽ‍‍ കൃഷിക്ക് നേരത്തെ നിലമൊരുക്കി കുട്ടനാട്​

മാന്നാർ: വേനൽ‍‍ കൃഷി നേരത്തെയിറക്കുകയെന്ന ലക്ഷ്യത്തോടെ അപ്പർകുട്ടനാട്ടിൽ നിലമൊരുക്കൽ തുടങ്ങി. കാലാവസ്ഥ വ്യതിയാനം ഭയന്നാണ് വളരെ നേരത്തെ നിലമൊരുക്കൽ. കാലാവസ്ഥ മാറ്റം രൂക്ഷമല്ലാതിരുന്ന ഘട്ടത്തിൽ എല്ലാവർഷവും നവംബറിൽ വിത തുടങ്ങുന്നതായിരുന്നു അപ്പർകുട്ടനാട്ടിലെ കൃഷി രീതി.

എന്നാൽ 2018-ലെ പ്രളയ ശേഷം ഒരു പോലെ പാടശേഖരങ്ങളിൽ കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. കൃഷിയിറക്കാൻ കാലതാമസമുണ്ടാകുന്നതിനാൽ കൊയ്ത്തു വൈകുന്നതാണ് പൊതുവെ കണ്ടു വരുന്നത്. ഇതോടെ വേനൽ മഴയിലും കാറ്റിലും കൃഷി നശിക്കാറുണ്ട്.

ഇതിനെല്ലാം പരിഹാരമായിട്ടാണ് നേരത്തെ നിലമൊരുക്കി നവംബർ പകുതിക്ക് ശേഷം വിതയ്ക്കാൻ പാടശേഖര സമിതി പദ്ധതിയിട്ടത്. തുലാവർഷത്തിന് ശേഷം നെൽക്കൃഷിയിറക്കുകയെന്ന ലക്ഷ്യത്തോടെ മാന്നാർ, ചെന്നിത്തല, ബുധനൂർ എന്നിവിടങ്ങളിലെ ചില പാടശേഖരങ്ങളിലും ആദ്യഘട്ട പൊതുയോഗം ചേർന്നു.

ഭൂരിഭാഗം പാടശേഖര ഭാരവാഹികളും പൊതുയോഗം ചേരാനിരിക്കുന്നതേയുള്ളു. പമ്പിങ് ലേലം, വാച്ചാൽ തോടുകളുടെ നവീകരണം എന്നിവ നടന്നില്ല. മാന്നാർ ഇലമ്പനം തോട്, ചെന്നിത്തല- മാന്നാർ പാടശേഖരങ്ങൾ അതിർത്തി പങ്കിടുന്ന നാലുതോട്, പുത്തനാറ്, കുട്ടംപേരൂർ ആറ്, അച്ചൻകോവിൽ- പമ്പാനദികളുടെ കൈവഴികൾ എന്നിവയിലൂടെയുള്ള ഒഴുക്കു സുഗമമാക്കണം. ഇതിനെല്ലാം കൃഷി വകുപ്പിന്റെയും പുഞ്ച സ്പെഷൽ ഓഫിസിന്റെയും ഇടപെടൽവേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

Tags:    
News Summary - Threat to Onam vegetable cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.