ആലപ്പുഴ: തുമ്പോളി പള്ളിക്ക് പടിഞ്ഞാറുഭാഗത്ത് പാചകവാതക ഗോഡൗണിന് സമീപത്തെ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. 80 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു സംഭവം. ആലപ്പുഴ കളപ്പുര വാർഡ് ലേഖ നിവാസിൽ ബിന്ദു സുനിലിന്റെ എ ആൻഡ് അസോസിയേറ്റ്സിലാണ് തീപിടിത്തമുണ്ടായത്.
വിദേശത്തേക്ക് കയറ്റുമതിചെയ്യുന്ന റബറൈസ്ഡ് കയർ മാറ്റ് നിർമിക്കുന്ന ഫാക്ടറിയായ ഇവിടെ, സ്റ്റെന്‍സിലിങ്ങും പാക്കിങ്ങുമാണ് പ്രധാനമായും നടക്കുന്നത്. രാവിലെ പ്രവർത്തനം ആരംഭിക്കാനായി സ്വിച്ച് ഓൺ ചെയ്തപ്പോഴാണ് തീപിടിത്തമുണ്ടായതെന്ന് പറയപ്പെടുന്നു. അഞ്ച് സ്ത്രീ തൊഴിലാളികളാണ് ആ സമയം ഉണ്ടായിരുന്നത്.
റബറൈസ്ഡ് കയർ മാറ്റ് പാക്കിങ് ചെയ്യുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് പടർന്നു. ഇതിനോട് ചേർന്ന് പാചകവാതക സിലിണ്ടറുകൾ സൂക്ഷിക്കുന്ന ഗോഡൗണും നിരവധി വാഹനങ്ങളും ഉണ്ടായിരുന്നതിനാൽ വൻ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. ഗോഡൗണിൽ ഏകദേശം 600ൽ അധികം പാചകവാതക സിലിണ്ടറുകൾ ഉണ്ടായിരുന്നു.
ആലപ്പുഴ, തകഴി, ചേർത്തല, ഹരിപ്പാട് യൂനിറ്റുകളിൽനിന്ന് ആറ് വാഹനങ്ങളിലായി എത്തിയ അഗ്നിരക്ഷാസേന മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സേനയുടെ സമയോചിത ഇടപെടലിലാണ് ഗ്യാസ് ഗോഡൗണിലേക്ക് തീപടരാതിരുന്നത്.
ഫാക്ടറിയുടെ 60 ശതമാനം ഭാഗത്തേക്ക് തീപടരാതിരിക്കാനുള്ള മുൻകരുതലൊരുക്കിയാണ് സേനാംഗങ്ങൾ രക്ഷാദൗത്യം പൂർത്തിയാക്കിയത്. ഫാക്ടറിക്ക് സമീപത്തായി നൂറുകണക്കിന് വീടുകളുമുണ്ട്. അഗ്നിബാധയെത്തുടർന്ന് സമീപവാസികളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. റബർ കത്തിക്കരിഞ്ഞുള്ള പുകയും ഗന്ധവും പരിസരത്ത് ഉയര്‍ന്നതിനാല്‍ പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായി.
സമീപത്തെതോട്ടിൽനിന്നും വെള്ളമെടുത്താണ് അഗ്നിരക്ഷാസേന തീ കെടുത്തിയത്. സമീപത്ത് റെയിൽവേ പാത അടക്കാതിരുന്നതും വേഗത്തിൽ അഗ്നിരക്ഷാസേനക്ക് ഫാക്ടറിയിലേക്ക് എത്താൻ സഹായകരമായി.
ജില്ല ഫയർ ഓഫിസർ കെ.ആർ. അഭിലാഷിന്റെ നേതൃത്വത്തിൽ ആലപ്പുഴ സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, അസി. സ്റ്റേഷൻ ഓഫിസർ ആർ. ഗിരീഷ്, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ സി.പി. ഓമനക്കുട്ടൻ, കെ.ആർ. അനിൽകുമാർ, ജയസിംഹൻ, കബീർ എന്നിവരടക്കം 40ൽഅധികം അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.