ചേർത്തല: 150 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും ഒന്നര കിലോ കഞ്ചാവും എക്സൈസ് സംഘം പിടികൂടി.പട്ടണക്കാട്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് നികർത്തിൽ വീട്ടിൽ അനന്തകൃഷ്ണൻ (22), കാസർകോട് കുസാർ മുറിയിൽ പോക്കറടുക്ക വീട്ടിൽ അബു താഹിദ് (28) എന്നിവരെയാണ് ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്. പുകയില ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ 10 ലക്ഷം രൂപ വിലമതിക്കും.
പട്ടണക്കാട് ഭാഗത്ത് പട്രോളിങ് നടത്തുമ്പോൾ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അനന്തകൃഷ്ണനെ ചോദ്യം ചെയ്യുകയും തുടർന്ന് ദേഹപരിശോധന നടത്തിയതിൽ 50 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. എന്നാൽ, ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇടപ്പള്ളിയിലുള്ള ഒരാളാണ് തന്നതെന്നും വൻ ശൃംഖല ഇതിന് പിന്നിലുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. അബു താഹയെ താമസസ്ഥലത്തുനിന്ന് പിടികൂടുകയും 150 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും ഇതിനായി ഉപയോഗിച്ച കാറും കണ്ടെത്തുകയും ചെയ്തു. കാസർകോട് ജില്ലയിലും സമീപ സംസ്ഥാനങ്ങളിലും ഇതിെൻറ ഉൽപാദനവും വൻതോതിൽ വിതരണവും നടക്കുന്നുണ്ട്. ഇതിന് പിന്നിൽ വൻ റാക്കറ്റാണെന്നും മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
എക്സൈസ് സംഘത്തിൽ പ്രിവൻറീവ് ഓഫിസർമാരായ ദിലീപ്, സി. മായാജി, ഷിബു പി. ബഞ്ചമിൻ, സി.ഇ.ഒമാരായ വികാസ്, ബിയാസ്, സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.