ആലപ്പുഴ: നഗരത്തിൽ ഇ.എം.എസ് സ്റ്റേഡിയം പരിസരത്ത് ബുധനാഴ്ച രണ്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു. സ്റ്റേഡിയം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ ക്ലിനിക്കിലെ സെക്യൂരിറ്റിക്കും കോംപ്ലക്സിലേക്ക് വരുകയായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരനുമാണ് കടിയേറ്റത്.
രാവിലെ ഒമ്പതോടെ ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ കളർകോട് വെളിയിൽവീട്ടിൽ രാധാകൃഷ്ണനെയാണ് (57) നായ് ആക്രമിച്ചത്. പരിസരത്തുനിന്ന നായ് ഓടിവന്ന് കടിക്കുകയായിരുന്നെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
ഉച്ചക്ക് 1.30ഓടെയാണ് ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഭക്ഷണമെടുക്കാൻ എത്തിയ മാമൂട് സ്വദേശി നെസ്മലിന് (18) കടിയേറ്റത്. ബൈക്ക് സ്റ്റേഡിയത്തിന് പുറത്ത് പാർക്ക് ചെയ്ത ശേഷം ഹോട്ടലിലേക്ക് നടന്നുപോകുമ്പോഴാണ് അവിടെ കിടന്ന നായ് കടിച്ചത്. യുവാവ് ഓടിയതോടെ നായ് പുറകെയെത്തി ആക്രമിക്കുകയായിരുന്നു.
നെസ്മൽ ധരിച്ചിരുന്ന പാന്റ് കടിച്ചു കീറി. കാലിലാണ് കടിയേറ്റത്. ഇരുവരും പേവിഷ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. നഗരസഭ ഇടപെടലിൽ ചേർത്തലയിൽനിന്ന് നായ് പിടിത്തക്കാരെത്തി ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ രണ്ട് നായ്ക്കളെയും പിടികൂടി. സ്റ്റേഡിയത്തിൽ തന്നെ പ്രത്യേക കൂട് തയാറാക്കി നായ്ക്കളെ പാർപ്പിച്ച് നിരീക്ഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.