ആലപ്പുഴ: ഒറ്റക്ക് താമസിക്കുന്നവരും തുണയില്ലാത്തവരുമായ വയോജനങ്ങളെ സംരക്ഷിക്കാൻ സർക്കാറിന്റെ 'വയോരക്ഷ' പദ്ധതി ജില്ലയിൽ. പ്രായമായി, പണമില്ല, പരിചരിക്കാൻ ആരുമില്ല എന്നോർത്ത് സങ്കടപ്പെടേണ്ടെന്നാണ് പദ്ധതിയുടെ മുദ്രവാക്യം. ഒറ്റപ്പെട്ട് താമസിക്കുന്ന വയോജനങ്ങൾക്ക് ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തും.
അപകടത്തിൽ പരിക്കേറ്റവർ, അടിയന്തര ശസ്ത്രക്രിയ ആവശ്യമായവർ, കോവിഡ് ചികിത്സവേണ്ടവർ, ആരോഗ്യ പരിരക്ഷ ഉപകരണങ്ങൾ വാങ്ങേണ്ടവർ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ധനസഹായം ലഭിക്കും. പ്രകൃതി ദുരന്തത്തിനിരയാകുന്നവർക്കുമുണ്ട് സംരക്ഷണം. 25,000 രൂപ വരെ സഹായം ജില്ല സാമൂഹിക നീതി ഓഫിസറുടെ തീരുമാന പ്രകാരം ലഭിക്കും.
രണ്ടുലക്ഷം രൂപ വരെയുള്ള സഹായങ്ങൾ ജില്ല സമിതി അംഗീകാരത്തോടും അതിനുമുകളിലുള്ള ധനസഹായം സർക്കാർ ഉത്തരവ് പ്രകാരവുമാണ് ലഭിക്കുക. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്കാണ് സഹായം ലഭിക്കുന്നതെങ്കിലും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള എല്ലാ വയോജനങ്ങൾക്കും സഹായം ലഭിക്കും. മക്കൾ സ്വത്ത് തട്ടിയെടുത്തെന്നതടക്കം പരാതി നിലനിൽക്കെ ഇക്കാര്യങ്ങളിൽ തീർപ്പടക്കം മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുക്കും. ജില്ലയിൽ മൂന്ന് ലക്ഷത്തോളം വരുന്ന വയോധികരിൽ 2100 പേർ ഒറ്റക്ക് താമസിക്കുന്നതായാണ് പ്രാഥമിക കണ്ടെത്തൽ. ഇവരെ വിവിധ ക്ഷേമ പദ്ധതികളെപ്പറ്റി ബോധവത്കരിക്കാൻ ക്ലാസുകൾ ആരംഭിച്ചു.
ജില്ല കലക്ടർ ചെയർമാനും സാമൂഹികനീതി ഓഫിസർ മെംബർ സെക്രട്ടറിയുമായ സമിതിയിൽ ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കൽ ഓഫിസർ, ജില്ല ലീഗൽ സർവിസ് അതോറിറ്റി, വയോജന കൗൺസിൽ അംഗങ്ങളും ഉൾപ്പെട്ട മോണിറ്ററിങ് കമ്മിറ്റി പ്രവർത്തിക്കുന്നു. വയോജന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ട്രൈബ്യൂണലും ഉണ്ട്. ഇതിലെ പരാതികൾ കൂടുതലും മക്കൾ സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം 338 പേരാണ് ജില്ലയിൽ പരാതി നൽകിയത്.
സംരക്ഷണം കിട്ടാത്ത മുതിർന്ന മാതാപിതാക്കൾക്ക് പരാതിപ്പെടാനുള്ള ഇടമാണ് സാമൂഹിക നീതിവകുപ്പിന് കീഴിലുള്ള മെയിന്റനൻസ് ട്രൈബ്യൂണൽ. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കും പീഡിപ്പിക്കുന്നവർക്കും മൂന്നു മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ജില്ലയിൽ ആലപ്പുഴയിലും ചെങ്ങന്നൂരിലും മെയിന്റനൻസ് ട്രൈബ്യൂണൽ ഉണ്ട്. ആർ.ടി.ഒ ഓഫിസിലാണ് പരാതി നൽകേണ്ടത്. എതിർകക്ഷി താമസിക്കുന്ന ജില്ലയിലെ ട്രൈബ്യൂണലിലും പരാതി നൽകാം.
മക്കൾ വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ ആണ് സ്വത്ത് നേടിയെടുത്തതെന്ന് ബോധ്യപ്പെട്ടാൽ ആ സ്വത്ത് കൈമാറ്റം അസാധുവാക്കുന്നതിനും ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ട്. 2007നുശേഷം എഴുതിനൽകിയ ആധാരങ്ങളാണ് ഇത്തരത്തിൽ റദ്ദ് ചെയ്യാൻ കഴിയുന്നത്.
ആലപ്പുഴ: മണ്ണഞ്ചേരി പൊലീസ് ഔട്ട്പോസ്റ്റ് തുടങ്ങിയകാലം മുതൽ പാർട്ട് ടൈം സ്വീപ്പറായി ജോലിചെയ്തിരുന്ന വയോധികക്ക് നഷ്ടപ്പെട്ട ജോലി തിരികെനൽകുന്ന കാര്യത്തിൽ മാനുഷിക സമീപനമുണ്ടാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആലപ്പുഴ ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്.
2013 മുതൽ 15 വരെ പരാതിക്കാരിക്ക് ജോലി നൽകിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ജി.ഒ പി 61/2010 പ്രകാരം കുടുംബശ്രീ അംഗങ്ങളെ മാത്രമേ താൽക്കാലിക സ്വീപ്പർമാരായി നിയമിക്കാൻ പാടുള്ളൂവെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2016 മുതൽ ഇതനുസരിച്ചാണ് നിയമനം. പരാതിക്കാരിയായ മണ്ണഞ്ചേരി സ്വദേശിനി കല്യാണി ഒരു കുടുംബശ്രീ യൂനിറ്റിലും അംഗമാകാത്തതുകൊണ്ടാണ് അപേക്ഷ പരിഗണിക്കാൻ കഴിയാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, പരാതിക്കാരി മണ്ണഞ്ചേരി ബിസ്മി കുടുംബശ്രീ യൂനിറ്റിൽ അംഗമാണെന്ന സർട്ടിഫിക്കറ്റ് കമീഷനിൽ ഹാജരാക്കി. ഈ സർട്ടിഫിക്കറ്റ് പരിഗണിക്കണമെന്നും പരാതിക്കാരിയുടെ പ്രായവും അവർ ദീർഘകാലം ജോലിചെയ്തിരുന്നു എന്ന അപേക്ഷയും പരിഗണിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.