ആലപ്പുഴ: വീറും വാശിയും ഏറെയുള്ളവരാണ് വീയപുരത്തുകാർ. അത് അവരുടെ ചുണ്ടൻവള്ളങ്ങൾ നീറ്റിലൂടെ ചീറിപ്പായുന്നത് കണ്ടിട്ടുള്ളവർക്കറിയാം. എന്നാൽ, വീയപുരം കണ്ടാൽ അവിടത്തുകാർ ഇത്ര വമ്പുള്ളവരാണെന്ന് കരുതാനിടയില്ല. അത്രക്ക് ശാന്തസുന്ദര ഭാവമാണ് വീയപുരത്തിന്.
തനി കുട്ടനാടൻ സുന്ദരിയാണ് വീയപുരമെന്ന് ആരും പറഞ്ഞുപോകും. ചേറിന്റെ ചേലണിഞ്ഞ കൊയ്ത്തുകഴിഞ്ഞ പാടങ്ങളും പച്ചപുതച്ച കതിരിടാറായ പാടങ്ങളും അവക്ക് നടുവിലൂടെ ചേലവിരിച്ചപോലെ ഒഴുകിവന്ന് സംഗമിക്കുന്ന അച്ചൻകോവിൽ, പമ്പ നദികളും ജില്ലയിലെ ഏക സംരക്ഷിതവനവും എല്ലാം ചേർന്ന് മനംകുളിർക്കുന്ന കാഴ്ചകളുടെ മേളമാണിവിടെ.
വീയപുരം പഞ്ചായത്തിലെ നാലുകരകൾക്കും ചുണ്ടൻവള്ളങ്ങളുണ്ട് - വെള്ളംകുളങ്ങര, കാരിച്ചാൽ, പായിപ്പാട്, വീയപുരം. നെഹ്റു ട്രോഫി വള്ളംകളിയുടെ സമയമായതോടെ തുഴച്ചിൽകാർ കടുത്ത പരിശീലനത്തിലാണ്. മേൽപാടം ചുണ്ടന്റെ നിർമാണം നടന്നുവരുന്നതിനാൽ ചുണ്ടൻവള്ള നിർമാണവും കാണാം.
വീയപുരത്തിന്റെ പ്രകൃതിഭംഗി ഒട്ടേറെ സിനിമ -സീരിയലുകാരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. പമ്പാ നദിയുടെ ഇരുകരകളിലുമായി പതിനാലര ഏക്കറില്‍ പരന്നുകിടക്കുന്നതാണ് സംരക്ഷിത വനം. വനംവകുപ്പിന്റെ തടി ഡിപ്പോയുടെ ഭാഗമാണ് ഈ ഭൂമി. രണ്ട് കരകളെയും ബന്ധിപ്പിച്ച് നടപ്പാലം നിർമിക്കുമെന്ന് വനംമന്ത്രിയായിരുന്ന കെ. രാജുവും ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നടപ്പായില്ല. വിശാലമായ പുരയിടത്തില്‍ ആധുനിക സൗകര്യങ്ങളോടെ പാര്‍ക്ക് വേണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല. പണ്ടുകാലത്ത് റാന്നി വനമേഖലയിൽനിന്ന് പമ്പയാറ്റിലൂടെ തടികൾ വീയപുരം ഡിപ്പോയിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ ലോറികളിലാണ് തടിവരുന്നത്. ഓൺലൈൻ വഴിയാണ് വ്യാപാരം. തടിയെത്തുന്ന സമയത്ത് ആന തടിപിടിക്കുന്നതും ഇവിടുത്തെ കാഴ്ചയാണ്. 16 പാടശേഖരങ്ങളാണിവിടെ. നെൽകൃഷിയില്ലാത്ത പാടങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പൽ പൂക്കളുടെ അഴകും ആനന്ദക്കാഴ്ചയാണ്. സ്വയംപര്യാപ്തമായ, അടിസ്ഥാന സൗകര്യങ്ങളുള്ള പഞ്ചായത്തിനുള്ള കേന്ദ്രസർക്കാറിന്റെ പുരസ്കാരം ഈവർഷം വീയപുരത്തിന് ലഭിച്ചിരുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഒമ്പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് വീയപുരം രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോടു മത്സരിച്ച് വിജയം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.