ആലപ്പുഴ: കണ്ണടച്ച് തുറന്നപ്പോൾ ആലപ്പുഴക്കാരൻ വിവേക് രാജ് 28 അക്കസംഖ്യ ഓർമശക്തിയുടെ ഗിന്നസ് റെക്കോഡ്. ഞായറാഴ്ച ആലപ്പുഴ ലിയോതേര്‍ട്ടീന്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് മുന്നിൽ നടത്തിയ പ്രകടനത്തിലൂടെ ഇറാന്‍ സ്വദേശി മൊര്‍ത്തോസ ജാവേദ് അഹമ്മദബാദിയുടെ 27 അക്കസംഖ്യയുടെ റെക്കോഡാണ് മറികടന്നത്.
വിധികര്‍ത്താക്കള്‍ റാന്‍ഡമായി തെരഞ്ഞെടുത്ത 28 അക്ക സംഖ്യ നാലുസെക്കൻഡിൽ ഓർത്തുപറഞ്ഞായിരുന്നു നേട്ടം. ഇതിന് പിന്നിൽ 16 വര്‍ഷത്തെ കഠിനപ്രയത്നമുണ്ട്.
മുത്തച്ഛൻ വര്‍ക്കിപ്പിള്ള സംഖ്യകള്‍ ഓര്‍ത്തുപറയുന്നതിലും മനക്കണക്ക് കൂട്ടുന്നതിലും വിദഗ്ധനായിരുന്നു. ഈ പാരമ്പര്യമാണ് സംഖ്യകളുടെ കൂട്ടുകാരനാകാന്‍ വിവേകിനെ സഹായിച്ചത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറും മൊബൈല്‍ നമ്പറും വേഗത്തില്‍ മനഃപാഠമാക്കും. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ 1000 സംഖ്യകളുടെ ഗുണനപ്പട്ടിക കാണാതെ പഠിച്ച് പറഞ്ഞ് വിവേക് എല്ലാവരെയും ഞെട്ടിച്ചു. പത്താംക്ലാസിൽ അത് പതിനായിരമായി ഉയർത്തി. നിലവിൽ ഒരുലക്ഷത്തോളം സംഖ്യകളുടെ ഗുണനപ്പട്ടിക മനഃപാഠമാണ്. ഗുണനപ്പട്ടികയില്‍നിന്ന് അതിവേഗം പെരുക്കപ്പട്ടികയിലേക്ക് (പ്രോഗ്രഷന്‍) വിവേക് ചുവടുവെച്ചു.
10 സെക്കന്‍ഡിൽ ഒരു സംഖ്യയെ 19 തവണ കൂട്ടി ഏഴക്കത്തില്‍ എത്തിച്ചു. 2016ൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മനക്കണക്കിന് ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി.
ഒരുസംഖ്യയെ അതേ സംഖ്യകൊണ്ട് ഗുണിച്ച് 32 അക്കത്തില്‍ എത്തിച്ച പ്രകടനത്തോടെ ഇന്ത്യയുടെ ഗണിതമാന്ത്രികന്‍ എന്ന വിശേഷണവും കിട്ടി. ഈ വര്‍ഷം ജർമനിയില്‍ നടക്കുന്ന മെന്റല്‍ കാല്‍ക്കുലേഷന്‍ ലോകകപ്പിലേക്കും ക്ഷണമുണ്ട്. ആലപ്പുഴ കാഞ്ഞിരംചിറ പുത്തന്‍പുരയ്ക്കല്‍ വീട്ടിലാണ് താമസം. ബി.ടെക് മെക്കാനിക്കല്‍ എൻജിനിയറിങ് ബിരുദധാരിയാണ്. ലിയോതേര്‍ട്ടീന്ത് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ പി.സി. റാഫേലിന്‍റെയും അര്‍ത്തുങ്കല്‍ സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപിക ആനിക്കുട്ടിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.