.അമ്പലപ്പുഴ: ശക്തമായ കാറ്റില്‍ അമ്പലപ്പുഴയിലും സമീപത്തും വ്യാപകനാശം. തിങ്കളാഴ്ച വൈകീട്ടോടെ ഉണ്ടായ ചുഴലിക്കാറ്റാണ് പ്രദേശത്ത് നാശനഷ്ടത്തിന് വഴിയൊരുക്കിയത്. പലയിടത്തും മരം വീണ് വീടിനും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞും മരങ്ങള്‍ വീണ് കമ്പികള്‍ പൊട്ടിയും വൈദ്യുതി ബന്ധം നിലച്ചു. പുന്നപ്ര, അമ്പലപ്പുഴ, തകഴി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മരങ്ങള്‍ വീണ് പലയിടത്തും വൈദ്യുതി പൂര്‍ണമായും നിലച്ചു. മരങ്ങള്‍ വെട്ടിമാറ്റിയും ഒടിഞ്ഞുവീണ പോസ്റ്റുകള്‍ പകരം സ്ഥാപിച്ചതിനുശേഷമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകൂ. ചൊവ്വാഴ്ചയും അറ്റകുറ്റപ്പണി നടത്തിയാലെ വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിക്കാനാകൂ.
പുന്നപ്ര തെക്ക് ആറാം വാര്‍ഡില്‍ കാളുതറ സുദേവിന്റെ വീടിനു മുകളില്‍ മാവിന്റെ ചില്ല ഒടിഞ്ഞുവീണ് ഭാഗികമായി കേടുപാട് സംഭവിച്ചു. ശക്തമായ കാറ്റില്‍ സമീപത്തെ മാവിന്റെ ചില്ല ഒടിഞ്ഞുവീഴുകയായിരുന്നു. എട്ടില്‍ മുരളിയുടെ വീടിന് സമീപത്തെ മരം വീണ് പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി നിലച്ചു. വെട്ടിക്കരി ഷാപ്പിനുമുകളില് മരം വീണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിനുള്ളില്‍ ആളുണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി.
പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ മുതിരപ്പറമ്പിൽ വത്സലയുടെ വീടിനു മുകളില്‍ മരംവീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു. ഭിത്തിക്ക് വിള്ളലുകളുണ്ടാകുകയും ജനല്പാളികൾ തകരുകയും ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11ാം വാർഡ് ആഞ്ഞിലിപ്പറമ്പ് തൈക്കാവ് ഭാഗത്ത് കൂറ്റൻ തേക്ക് വീണു പോസ്റ്റ് നിലം പൊത്തി. അമ്പലപ്പുഴ തെക്ക് ഒമ്പതാം വാർഡ് കരുമാടിവടക്കേ പുത്തൻപുരക്കൽ രത്നമ്മയുടെ വീടിന്റെ മുകളിൽ മാവും കവുങ്ങും വീണ് ഷീറ്റ് മേഞ്ഞ വീട് പൂർണമായും തകർന്നു. മരം വീഴുന്ന ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ ഓടി ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി. രാത്രി എറെ വൈകിയും മരങ്ങള്‍ മുറിച്ചു നീക്കാനുള്ള ശ്രമം നടത്തിവരുകയാണ്. പുന്നപ്ര, അമ്പലപ്പുഴ, തകഴി വൈദ്യുതി സെക്ഷനിലെ ജീവനക്കാരും കരാർ തൊഴിലാളികളും രാത്രി ഏറെ വൈകിയും മരങ്ങള്‍ വെട്ടിമാറ്റി ഓരോ പ്രദേശത്തെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തിവരുകയാണ്.
വാഹനങ്ങളുടെ ലൈറ്റ് വെളിച്ചത്തിലും ടോര്‍ച്ച് വെട്ടത്തുമാണ് ജോലികള്‍ തുടരുന്നത്. രാത്രിയിലും തുടരുന്ന ശക്തമായ മഴ മരങ്ങള്‍ മുറിച്ചുമാറ്റുന്ന ജോലികള്‍ക്ക് തടസ്സമായി.
മാവേലിക്കര: ശക്തമായ കാറ്റില്‍ മാവേലിക്കര നഗരത്തില്‍ വ്യാപക നാശം. ഒരാള്‍ മരിച്ചു. ഇരുചക്രവാഹന യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്. നിരവധി വീടുകള്‍ തകര്‍ന്നു. 22 പോസ്റ്റുകള്‍ തകര്‍ന്നു. മാവേലിക്കര വഴുവാടി ഹരിനിവാസില്‍ ജനാര്‍ദനനാണ് (70) മരിച്ചത്. ആസ്ബസ്റ്റോസ് ഷീറ്റിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നതിനിടെ ജനാർദനൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മാവേലിക്കര സിവില്‍ സ്റ്റേഷന് മുന്നിലെ വാക മരം ഒടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓലകെട്ടി സോജ ഭവനത്തില്‍ സോജ(34), ഓലകെട്ടി മുറിപ്പാലമൂട്ടില് വസന്തമുരളി(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിനെ തുടര്‍ന്നായിരുന്നു സംഭവങ്ങള്‍. കൊറ്റാര്‍കാവ് മാമൂട്ടില്‍ സന്തോഷ്കുമാര്‍, പോനകം കണ്ടനല്ലൂര് കിഴക്കതില്‍ സുനില്‍കുമാര്‍, പോനകം മഠത്ത് വിളയില്‍ തെക്കതില്‍ രാധാകൃണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ സമീപത്തെ മരങ്ങള്‍ കടപുഴകിയാണ് വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായത്.
കെ.എസ്.ഇ.ബിയുടെ 14 11 കെ.വി പോസ്റ്റുകളും എട്ട് എല്‍.പി പോസ്റ്റുകളും ഓടിഞ്ഞു വീണു. മാവേലിക്കര 110 കെ.വി. സബ് സ്റ്റേഷന് യാർഡില്‍നിന്നും കറ്റാനം 66 കെ. വി ഫീഡറിലേക്ക് പോകുന്ന പ്രധാന ലൈനിലേക്ക് സമീപത്തെ ആഞ്ഞിലിമരം വീണ് വൈദ്യുതി ബന്ധം പൂണമായും വിച്ഛേദിക്കപ്പെട്ടു. തെക്കേക്കര ചെറുകുന്നം പുത്തന്‍വിള തെക്കതില്‍ രമണിയുടെ വീടിന്റെ മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണു നാശനഷ്ടമുണ്ടായി.
തടത്തിലാല് തേക്കും വിളയില്‍ വിജയന്റെ വീട് അയല്‍വാസിയുടെ മാവ് പിഴുത് വീണ് തകര്‍ന്നു. അടുത്തുള്ള വീടിനും തകരാറുണ്ടായി.
ഇതിനടുത്തു തന്നെ മറ്റൊരു വീടിന്റെ മുകളിലേക്ക് തൊട്ടടുത്തുനിന്ന പ്ലാവ് പിഴുത് വീണു. ഭരണിക്കാവ് ജങ്ഷനില്‍ റോഡരികില്‍ നിന്ന ബദാം മറിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി പോസ്റ്റുകള്‍ തകര്‍ന്നു.
എടത്വാ: ശക്തമായ കാറ്റിലും പേമാരിയിലും തലവടി, തകഴി പ്രദേശങ്ങളിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീടും തൊഴുത്തും വള്ളവും തകർന്നു. തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കൾക്ക് പരിക്കേറ്റു. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. തലവടി പഞ്ചായത്ത് 11ാം വാർഡിൽ വരിക്കോലിൽ പ്രസന്ന കുമാറിന്റെ വീടിന്റെയും തൊഴുത്തിന്റെയും മുകളിലാണ് മഹാഗണി മരം കടപുഴകിത്. മരം വീണ് വീടും തൊഴുത്തും ഭാഗികമായി തകർന്നു. ഗർഭിണിയായ പശുവിനും മറ്റൊരു പശുവിനുമാണ് പരിക്കേറ്റത്. മരം കടപുഴകുമ്പോൾ പ്രസന്നകുമാർ, ഭാര്യ പൊന്നമ്മ, മരുമക്കളായ സൗമ്യ, മനിഷ, സ്കൂൾ കുട്ടികളായ പാർഥന്, അച്ചു, കൈകുഞ്ഞായ അമ്പാടി എന്നിവർ വീടിനുള്ളിൽ ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാരെ രക്ഷപ്പെട്ടു.
തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ നന്ത്യാട്ടുകരി പാടശേഖരത്തെ കരിയിൽ പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി പുറംബണ്ടിൽ കെട്ടിയിട്ട വള്ളം തകർന്നു. സമീപത്ത് നിന്ന മൂന്നോളം വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. എടത്വാ-തകഴി സംസ്ഥാന പാതയിൽ ചെക്കിടിക്കാട് മിൽമ ജങ്ഷന് സമീപത്ത് നിന്ന മരം വീണെങ്കിലും ഗതാഗത തടസ്സം സൃഷ്ടിച്ചില്ല. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ വീശിയടിച്ച കാറ്റിലാണ് വ്യാപക നാശം. വാഴയും കരകൃഷിയും നശിച്ചിട്ടുണ്ട്. തകഴിയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി പ്രസന്നന്റെ വീടിന് മുകളിൽ വീണ മരം മുറിച്ചുമാറ്റി.
ചാരുംമൂട്: മേഖലയിൽ തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വീട്ടുമുറ്റത്തെ രണ്ട് കാറും നിരവധി വീടുകളും ഭാഗികമായി തകർന്നു.
താമരക്കുളം കണ്ണനാകുഴി മൂന്നാം വാർഡിൽ റോയി ഭവനത്തിൽ ജോൺ തോമസിന്റെ (ബാബു) രണ്ട് കാറും ഷെഡുകളുമാണ് മരം വീണ് ഭാഗികമായി തകർന്നത്. വീടിന്റെയും ഷെഡിന്റെയും മുകളിലേക്ക് തൊട്ടടുത്ത ദേവസ്വം ബോർഡിന്റെ പുരയിടത്തിൽ നിന്ന രണ്ട് തേക്ക് മരങ്ങളാണ് കടപുഴകിയത്. വീടിന്റെ പോർച്ചിന്റെ ഷെഡ് തകർത്തുകൊണ്ടാണ് കാറുകൾക്ക് മുകളിലേക്ക് മരം വീണത്. താമരക്കുളം ഇരപ്പൻപാറ ആഷ്നാമൻസിൽ സലീനയുടെ വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി. താമരക്കുളം കിഴക്കെമുറി കൊട്ടയ്ക്കാട്ടുശ്ശേരിയിൽ ഭിന്നശേഷിക്കാരായ അഖിൽ, അനന്ദു എന്നീ യുവാക്കൾ താമസിക്കുന്ന അഖിൽഭവനം വീടിന് മുകളിലേക്ക് മരച്ചില്ലകൾ വീണ് ആസ്ബസ്റ്റോസ് ഷീറ്റ് തകർന്നു. താമരക്കുളം,പാലമേൽ ചുനക്കര പ്രദേശങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.