ആലപ്പുഴ: ജില്ലയിൽ മഴമാറിയിട്ടും ദുരിതത്തിന് ശമനമില്ല. കിഴക്കൻ വള്ളത്തിന്റെ കുത്തൊഴുക്കിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് താഴുന്നില്ല. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ വഴി ജലം കടലിലേക്ക് ഒഴുക്കുന്നുണ്ടെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റമില്ല. ചെങ്ങന്നൂരിൽ മൂന്നും കുട്ടനാട്ടിലും ചേർത്തലയിലും ഒന്നുവീതവും ദുരിതാശ്വാസ ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്.
മരംവീണ് വീടുകൾ തകർന്നതിന്റെ എണ്ണംകൂടി. നാല് വീട് പൂർണമായും 97 എണ്ണം ഭാഗികമായുമാണ് തകർന്നത്. കൂടുതൽ നാശംനേരിട്ടത് അമ്പലപ്പുഴ താലൂക്കിലാണ്. ഇവിടെ മൂന്ന് വീട് പൂർണമായും 64 എണ്ണം ഭാഗികമായും തകർന്നു. ചേർത്തലയിൽ ഒരുവീട് പൂർണമായും മൂന്ന് വീട് ഭാഗികമായും നശിച്ചു. കുട്ടനാട്- ഏഴ്, മാവേലിക്കര- ഒമ്പത്, കാർത്തികപ്പള്ളി- 10, ചെങ്ങന്നൂർ- നാല് എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ വീടുകൾ ഭാഗിമായി തകർന്നത്.
കുട്ടനാട്ടിലെ തോടുകളിലും നദികളിലും ജലനിരപ്പ് താഴാതെ നിൽക്കുകയാണ്. കിഴക്കൻ വെള്ളത്തിന്റെ വരവാണ് പ്രധാനപ്രശ്നം. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയർന്നു.
ശനിയാഴ്ച മഴമാറി മാനംതെളിഞ്ഞെങ്കിലും നദികളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് കുറവില്ല. ഗ്രാമീണ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളംകയറിയത് ജനജീവിതത്തെ ദുരിതത്തിലാക്കി. പലയിടത്തും ഒന്നരയടിയോളം ജലനിരപ്പുയർന്നിട്ടുണ്ട്. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം മേഖലകളിലാണിത്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വെള്ളം കയറിയത് പ്രവർത്തനത്തെ താളംതെറ്റിച്ചു. താഴത്തെ നിലയിൽനിന്ന് ഫയലുകൾ നീക്കി. മുകളിലത്തെ കോൺഫറൻസ് ഹാളിലാണ് ഓഫിസ് പ്രവർത്തനം. വെളിയനാട് സ്വതന്ത്രമുക്ക് മുതൽ പടിഞ്ഞാറുഭാഗത്തെ റോഡിൽ വെള്ളം കയറി ഗതാതം തടസ്സപ്പെട്ടു.
ചങ്ങനാശ്ശേരിയിൽനിന്ന് കായൽപുറം, ചതുർഥ്യാകരി ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തിവെച്ചു. കുട്ടനാട്ടിലെ വിവിധ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നുതന്നെ. ആറിനോട് ചേർന്ന താഴ്ന്നപ്രദേശങ്ങൾ മിക്കതും വെള്ളത്തിലാണ്. കാവാലത്താണ് ജലനിരപ്പ് അപായനിലയേക്കാൾ ഉയർന്നത്. മറ്റ് പ്രദേശങ്ങളിൽ അപായനിലയോട് അടുത്താണുള്ളത്.
ആലപ്പുഴ: മഴ മാറിനിന്ന ശനിയാഴ്ച ജില്ലയിൽ പെയ്തിറങ്ങിയത് 8.76 മില്ലീമീറ്റർ മാത്രം. ഏറ്റവും കൂടതൽ മഴ ലഭിച്ചത് മങ്കൊമ്പിലാണ്. ഇവിടെ 21.9 മി.മീറ്റർ മഴയാണ് കിട്ടിയത്. ചേർത്തല- 11, മാവേലിക്കര- 3.8, ആലപ്പുഴ- 10.4, കാർത്തികപ്പള്ളി- 4, കായംകുളം -3.1 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴക്കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.