മൂലമറ്റം: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെയ്യാൻ മടിച്ചുനിന്ന വേനൽ മഴ മേയ് അവസാനത്തിൽ തകർത്ത് പെയ്തതോടെ കേരളത്തിൽ ലഭിച്ചത് 33 ശതമാനം അധിക മഴ. സംസ്ഥാനത്ത് 310.5 മില്ലീമീറ്റർ മഴയാണ് മാർച്ച് ഒന്ന് മുതൽ 27 വരെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 414 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ 60 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. വയനാട്, കൊല്ലം, ജില്ലകളിൽ അധിക മഴ ലഭിച്ചെങ്കിലും 15 ശതമാനത്തിൽ താഴെ മാത്രമാണ് ലഭിച്ചത്. എന്നാൽ, ഇടുക്കിയിൽ പ്രതീക്ഷിച്ചതിലും 18 ശതമാനം മഴ കുറവായിരുന്നു.
കേരളത്തിൽ പരക്കെ വേനൽമഴ ലഭിച്ചതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും ശക്തമായി. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിലേക്ക് ഈമാസം ഇതുവരെ 222.76 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ നിലവിൽ 1243.75 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം അവശേഷിക്കുന്നുണ്ട്. ഇത് പൂർണ സംഭരണശേഷിയുടെ 30 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേസമയം 23 ശതമാനം ജലം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.
സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 33 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 22 ശതമാനം മാത്രമായിരുന്നു ജലനിരപ്പ്. മഴക്കാലം ആരംഭിക്കുന്ന ജൂണിന് മുമ്പേ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനത്തിലും താഴെ എത്തിക്കുന്ന പതിവുണ്ട്. എന്നാൽ, ഇത്തവണ അത് ഉണ്ടായില്ല. വൈദ്യുതി ഉപഭോഗം റെക്കോഡിട്ട സമയത്തും മൂലമറ്റം നിലയത്തിലെ ഉൽപാദനം കാര്യമായി വർധിപ്പിച്ചിരുന്നില്ല. പുറം വൈദ്യുതി അമിത വിലയ്ക്ക് വാങ്ങി ഉപയോഗിക്കുകയാണ് ചെയ്തത്. ഇത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിന് ശേഷം വൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.