ചെറുതോണി: മുങ്ങിമരണങ്ങളുടെ എണ്ണം ജില്ലയിൽ വർധിക്കുന്നു. ഏറ്റവും ഒടുവിലത്തെ സംഭവമാണ് വ്യാഴാഴ്ച ഇരട്ടയാർ ടണലിൽ നടന്ന ദുരന്തം. മരണനിരക്ക് ഉയരുമ്പോഴും സുരക്ഷയും മുന്നറിയിപ്പും ഇപ്പോഴും അകലെ.
ഒരുവർഷം മുമ്പാണ് അഭിജിത് എന്ന വിദ്യാർഥി ചെറുതോണി പെരിയാറ്റിൽ മുങ്ങി മരിച്ചത്. അവധി ആലോഷിക്കാനെത്തി അപകടത്തിൽപെട്ട വിദ്യാർഥികളാണ് അധികവും. ഹൈറേഞ്ചിലെ പുഴകളും വെള്ളച്ചാട്ടങ്ങളും മരണക്കെണികളാവുമ്പോൾ വേണ്ടത്ര സുരക്ഷ ഒരുക്കാതെ അധികാരികളും ഇരുട്ടിൽ തപ്പുന്നു.
കല്ലാർ, പൊന്മുടി, മുതിരപ്പുഴ, അമ്പഴച്ചാൽ, കുണ്ടള, മാട്ടുപ്പെട്ടി, ആറ്റുകാട്, ദേവിയാർ തുടങ്ങിയ പുഴകളിലും ജലാശയങ്ങളിലും മുങ്ങി മരിച്ചവരുടെ നീണ്ട പട്ടിക തന്നെയുണ്ട്. 2016 ഏപ്രിലിൽ കരിമ്പനു സമീപം പെരിയാറ്റിൽ മുങ്ങി മരിച്ച തങ്കമണി സ്വദേശി ബിപിന്റെ കുടുംബത്തിന്റെ കണ്ണീർ ഇനിയും തോർന്നിട്ടില്ല.
മുരിക്കാശ്ശേരി പടമുഖം സ്കൂളിൽനിന്ന് വിനോദയാത്ര പോയ കുട്ടികളിൽ രണ്ടുപേർ ആലപ്പുഴയിൽ കടലിൽ മുങ്ങി മരിച്ചത് ഇന്നും നടുക്കുന്ന ഓർമയാണ്. ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമൊഴുകുന്ന നാരകക്കാനം ടണൽ മുഖത്ത് കട്ടപ്പന ഗവ. കോളജ് യൂനിയൻ ചെയർമാൻ തങ്കമണി പൗവത്ത് സിബിച്ചന്റെ മകൻ അനൂപ് മുങ്ങി മരിച്ചത് 2014 മാർച്ച് 22നായിരുന്നു. ടണലിലൂടെ ഇടുക്കി ജലാശയത്തിനു സമീപത്തെത്തിയതായിരുന്നു അനൂപ്.
മൂന്നാറിൽനിന്ന് മലയാറ്റൂർ തീർഥാടനത്തിനു പോയി കാലടിപ്പുഴയിൽ മുങ്ങി മരിച്ചത് നാലുപേരാണ്. ഇതിൽ 15കാരനായ ഗിൽബർട്ട് ജോസഫ് 10ാം ക്ലാസ് വിദ്യാർഥിയായിരുന്നു. കാലടിപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെടുകയായിരുന്നു. അവധി ആഘോഷിക്കാൻ മാതൃവീട്ടിലെത്തിയ യുവാവ് പൊന്മുടി അണക്കെട്ടിൽ മുങ്ങി മരിച്ചത് 2015ലെ വിഷുവിന്റെ തൊട്ടടുത്ത ദിവസമായിരുന്നു. സേനാപതി വട്ടപ്പാറ അയ്യൻകാലായിൽ കമൽ ലാലൻ ഡാമിൽ കുട്ടികളോടൊപ്പം മുങ്ങിത്താഴുകയായിരുന്നു.
ഹൈറേഞ്ചിലെത്തുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപെടുന്നവരിൽ കൂടുതലും. ഇക്കൂട്ടത്തിൽ വിദേശികളുമുണ്ട്. അമ്പഴച്ചാലിലെ അമ്മ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തി മുങ്ങി മരിച്ച തൊടുപുഴ ഉടുമ്പന്നൂർ ഇടമറുക് മംഗലത്ത് വീട്ടിൽ അഭിലാഷിന്റെ മകൻ വൈശാഖ് ഇന്നും നൊമ്പരമാണ്. കൊന്നത്തടി പഞ്ചായത്തിലെ മുക്കുടംകൂർ മുള്ളാനിക്കൽ കർണൻ (65) തോട്ടിൽ വീണ് ഒഴുക്കിൽപെട്ടാണ് മരിച്ചത്.
നാടിനെ നടുക്കിയ സംഭവമായിരുന്നു മൂന്നാറിനു സമീപം കുണ്ടളയിൽ ഡാം കാണാനെത്തിയ യുവാക്കളുടെ മരണം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ അരശുംമൂട്ടിൽ കുട്ടത്തെങ്ങിൽ ശ്രീജിത് (20), കൊന്നവിളാകത്ത് വീട്ടിൽ രതീഷ് (24), ഗീത ഭവനിൽ ബാഹുലേയൻ ആശാരിയുടെ മകൻ ഭരത് (24), അമ്പിളി ഭവനിൽ മനുമോഹൻ (20) എന്നിവരാണ് അന്നു മരിച്ചത്.
അമ്മവീട്ടിലെത്തിയ നെടുങ്കണ്ടം സ്വദേശിയായ വിദ്യാർഥി പൊന്മുടി ജലാശയത്തിൽ മുങ്ങിമരിച്ചതും നടുക്കുന്ന ഓർമയാണ്. ഹൈറേഞ്ച് കാണാനെത്തിയ ഹൈദരാബാദുകാരായ നവദമ്പതിമാരിൽ വരൻ മാങ്കുളത്തിനു സമീപം വിരിപാറയിൽ തോട്ടിലെ കുഴിയിൽ വീണു മരിച്ചത് ഇന്നും നാട്ടുകാർ മറന്നിട്ടില്ല.
അടിമാലിയിലും പള്ളിവാസൽ ആറ്റുകാൽ വെള്ളച്ചാട്ടത്തിലുമായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഞ്ചുപേരാണ് മരിച്ചത്.
പൊന്നെടുത്താനിൽ ഉപതെരഞ്ഞെടുപ്പിനു കാരണമായതും ഒരു മുങ്ങി മരണമായിരുന്നു. സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിനു പോയ പഞ്ചായത്ത് അംഗം മൂലമറ്റത്ത് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിക്കുന്നതിനു സുഹൃത്ത് ദൃക്സാക്ഷിയായിരുന്നു. ആ ഷോക്കിൽനിന്നും മോചിതനാകാത്ത പഞ്ചായത്ത് അംഗം രാജിവെച്ചു.
അപകടങ്ങൾ വർധിച്ചിട്ടും ഇതു തടയാനോ സുരക്ഷ ഒരുക്കാനോ അധികൃതർ തയാറാകുന്നില്ല. കാലവർഷം ശക്തമാവുന്നതോടെ പുഴകളിൽ വെള്ളമൊഴുക്കു വർധിക്കും. ഇതോടെ സമീപത്തുകൂടി പോകുന്നവർ വരെ അപകടത്തിൽപെടുന്നു. യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വരുന്നതും അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.