ചെറുതോണി: പ്രളയത്തിന്റെയും ലൈഫ് പദ്ധതിയുടെയും പേരിൽ സർക്കാറിൽനിന്ന് ലഭിച്ച വീടുകൾ വൻ തുകക്ക് മറിച്ചുവിൽക്കുന്നതായി പരാതി. കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിൽ സർക്കാറിൽനിന്ന് ലഭിച്ച വീടുകളിൽ പലതിലും ആൾത്താമസമില്ല. പ്രളയക്കെടുതിയിൽ ലഭിച്ച വീട് 20 ലക്ഷത്തിനു മുകളിലേക്ക് വിലപേശിയാണ് കച്ചവടം. ഇടനിലക്കാരായി ബ്രോക്കർമാരുമുണ്ട്. 2018ലെ പ്രളയത്തിൽ വീട് നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തവർക്കും പ്രളയസാധ്യത നിലനിൽക്കുന്ന മേഖലകളിൽ താമസിക്കുന്നവർക്കുമാണ് സർക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം വാങ്ങി വീടുവെച്ച് നൽകിയത്. കൂടാതെ ലൈഫ് ഭവന പദ്ധതിയിൽ ഭൂരഹിതരും ഭവനരഹിതരുമായവർക്കും വീട് നിർമിച്ച് നൽകി.
എന്നാൽ, ഇതിൽ പല വീടുകളും താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഒരേക്കർ വരെ പട്ടയ സ്ഥലവും വീടും ഉള്ളവരും സർക്കാർ വക സ്ഥലവും വീടും കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരാണ് ഇരട്ടി ലാഭത്തിന് വീട് വിൽപനക്ക് വെച്ചിരിക്കുന്നത്. പ്രളയത്തിൽ വീടും കൃഷിയിടവും വളർത്തുമൃഗങ്ങളും നഷ്ടമായ അനേകരാണുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷം പേരെയും സർക്കാർ പുനരധിവസിപ്പിച്ചു കഴിഞ്ഞു. എന്നാൽ, അനർഹരായവരും ലിസ്റ്റിൽ കടന്നുകൂടി വീടുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
സർക്കാറിൽനിന്ന് ആറുലക്ഷം സ്ഥലം വാങ്ങാനും നാലുലക്ഷം വീട് നിർമിക്കാനും ഒപ്പം നൂറ് തൊഴിൽ ദിനങ്ങളും കൈപ്പറ്റിയാണ് വീട് നിർമാണം പൂർത്തിയാക്കിയത്. ഒരിക്കൽപോലും ഇവിടെ താമസിക്കാതെ 20 ലക്ഷം രൂപക്ക് വീട് വിൽപനക്ക് വെച്ചിരിക്കുന്നവരാണ് ചിലർ. ഇത്തരക്കാരുടെ വീടുകൾ സർക്കാർ ഏറ്റെടുത്ത് അർഹരായവർക്ക് നൽകണമെന്ന ആവശ്യമാണിപ്പോൾ ശക്തമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.