കുമളി: പ്രമേഹരോഗിയായ ബന്ധുവിന് വണ്ടിപ്പെരിയാർ ടൗണിൽനിന്ന് മരുന്നു വാങ്ങി മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ട നടുക്കത്തിലാണ് സത്രം നിവാസികളായ രണ്ടു പേർ. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് ജനവാസ മേഖലയിലെ റോഡിൽ ആനയും കുട്ടിയും എത്തിയത്. സത്രം നിവാസികളായ വർഗീസ് സുഹൃത്ത് അയ്യപ്പനുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആനക്ക് മുന്നിൽ അകപ്പെട്ടത്. വഴിയിൽ ആനയെ കണ്ടതോടെ ഭയന്നു പോയ ഇരുവരും ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, വർഗീസിന്റെ പിന്നാലെ ചിന്നം വിളിച്ച് ഓടിയെത്തിയ ആന ഉടുമുണ്ടിൽ പിടികൂടിയെങ്കിലും സമീപത്തെ കൃഷിയിടത്തിലേക്ക് ചാടി മറിഞ്ഞു വീണാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടെങ്കിലും ഇരുട്ടിൽ റോഡരുകിലെ വേലിയിലും റോഡിലും വീണുണ്ടായ പരിക്ക് ഇരുവർക്കുമുണ്ട്. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ നിന്നുമാണ് ഈ മേഖലയിലേക്ക് പതിവായി ആന ഇറങ്ങി വരുന്നത്. തുടർച്ചയായി പ്രദേശത്തേക്ക് ആനകൾ ഇറങ്ങി വരുന്നത് ഈ മേഖലയിലെ ജനങ്ങളെ വലിയ ഭീതിയിലാക്കിയിട്ടുണ്ട്.
അടിമാലി: ഹൈറേഞ്ചിലെ പ്രധാന വാണിജ്യ കേന്ദ്രമായ അടിമാലി പട്ടണത്തിന് സമീപവും കാട്ടുപോത്ത് എത്തി. അടിമാലി -തലമാലി റോഡ് സൈഡിൽ മാപ്പാനിക്കുന്നിലാണ് കാട്ടുപോത്ത് എത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കാട്ടുപോത്തിനെ കണ്ടത്. നാട്ടുകാർ ഒച്ചയിട്ടും മറ്റും കാട്ടുപോത്തിനെ തുരത്തി. എന്നാൽ, ഇത് എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം ഇരുമ്പുപാലം പിടിക്കപ്പ് മേഖലയിലും കാട്ടുപോത്ത് പല തവണ എത്തിയിരുന്നു. ഇതോടെ ജനങ്ങൾ ഭീതിയിലായി. മൂന്നാറിൽ മൂന്ന് പുലികൾ ഒരുമിച്ച് ജനവാസ മേഖലയിൽ ഇറങ്ങിയതിന്റെ ഭീതി മാറുന്നതിന് മുമ്പാണ് അടിമാലി പട്ടണത്തിനോട് ചേർന്ന് കാട്ടുപോത്ത് ഇറങ്ങിയത്. കാട്ടുപോത്തിനും പുലികൾക്കും പുറമേ കാട്ടാന, കുരങ്ങ് എന്നിവയുടെ ശല്യവും കടുത്ത വേനലും കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.
തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരി മേഖലയില്‍ ഭീതി പരത്തി വിലസുന്ന പുലി ഇപ്പോഴും കാണാമറയത്ത്. കുടുക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും പുലി കൂട്ടിലകപ്പെട്ടിട്ടില്ല. ഇതിനിടെ ഇവിടെ നിന്ന് അകലെയായി പാറക്കടവില്‍ കുറുക്കനെ പുലി കൊന്നു തിന്നു. ഇവിടെ പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തി. വടക്കുംമുറി അഴകുംപാറ ഭാഗത്ത് നായയെ ചത്ത നിലയില്‍ കണ്ടതും പുലിയുടെ ആക്രമണമെന്നാണ് സൂചന. വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ പുലിയെ കൂടിനടുത്തേക്ക് ആകര്‍ഷിക്കാന്‍ ഇതിനു സമീപത്തു തന്നെ മറ്റൊരു കൂടും സജ്ജമാക്കി. ഇതില്‍ ആടിനെ കെട്ടിയിട്ട് പുലിയെ ആകര്‍ഷിക്കാനാണ് പുതിയ കൂടു സജ്ജമാക്കിയത്. പുലിയെ വീഴ്ത്താനായി തയാറാക്കിയിരിക്കുന്ന കൂട്ടില്‍ ചത്ത കോഴിയെ ആണ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇട്ട ചത്ത കോഴിയെ മാറ്റി വേറെ കോഴിയെ ഇട്ടു. പുലി ഉടന്‍ തന്നെ കൂട്ടിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുട്ടം റേഞ്ച് ഓഫിസര്‍ പറഞ്ഞു.
രണ്ടു മാസത്തിലേറെയായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖല പുലിയുടെ ഭീതിയിലാണ്. ഇവിടെ ഒട്ടേറെ വളര്‍ത്തു മൃഗങ്ങളെയാണ് പുലി ആക്രമിച്ചു കൊന്നത്. അജ്ഞാത ജീവി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയാണെന്നായിരുന്നു ആദ്യ ഘട്ടത്തിലെ നിഗമനം. കൂടാതെ പ്രദേശവാസികളായ പലരും പുലിയോട് സമാനമായ ജീവിയെ കാണുകയും ചെയ്തു. കഴിഞ്ഞ 16ന് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. തുടര്‍ന്നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നെത്തിച്ച കൂട് ഇവിടെ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. കൂടു സ്ഥാപിച്ച് ഒരാഴ്ച തികഞ്ഞിട്ടും പുലി ഇതിനു സമീപത്തേക്ക് എത്തിയിട്ടില്ലെന്നാണ് സൂചന. ഇത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖലയിലും മറ്റും ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം വ്യക്തമാകുകയും തുടർന്ന് ഒരു കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് അപര്യാപ്തമാണ്. നിരീക്ഷണ കാമറകളും കൂടുകളും കൂടുതലായി സ്ഥാപിക്കണം. പരിസരവാസികൾക്കുണ്ടായ ആശങ്ക പരിഹരിക്കാൻ ഊർജിത നടപടി വേണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.