കുടയത്തൂർ: നിയമം പാലിക്കേണ്ടവർ തന്നെ അത് ലംഘിച്ചാൽ പിന്നെ മറ്റുള്ളവരുടെ കാര്യത്തിൽ എങ്ങനെ നടപടി സ്വീകരിക്കാനാകും എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒഴിവ് സമയം ആസ്വദിക്കാനായി അനവധി സഞ്ചാരികൾ എത്തുന്ന കുടയത്തൂർ പാർക്കിൽ മാലിന്യമല തന്നെ സൃഷ്ടിച്ചിരിക്കുകയാണ് അറക്കുളം പഞ്ചായത്ത്. ഹരിത കർമ സേനക്ക് താൽക്കാലികമായി മാലിന്യം സൂക്ഷിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫിലും ചുറ്റിലുമാണ് മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് തന്നെ എം.സി.എഫ് നിറഞ്ഞെങ്കിലും അത് നീക്കം ചെയ്തില്ല. മാത്രമല്ല വീണ്ടും വീണ്ടും അവിടെ മാലിന്യം കൊണ്ട് വന്ന് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. വലിയ ഒരു ലോറിയിൽ കയറ്റാൻ പറ്റുന്നത്ര മാലിന്യം ഇപ്പോൾ മലങ്കര ജലാശയ തീരത്തെ കുടയത്തൂർ പാർക്കിൽ ഉണ്ട്. മഴ പെയ്താൽ ഇതു മുഴുവൻ സമീപത്തെ മലങ്കര ജലാശയത്തിൽ ഒഴുകിയെത്തും. ഇത് പൊതു ജനമാണ് ചെയ്യുന്നതെങ്കിൽ 10000 മുതൽ 50000 രൂപ വരെ പിഴ പഞ്ചായത്തിൽ നിന്ന് ഉറപ്പാണ്.
’മാലിന്യം വലിച്ചെറിയരുത്; ശിക്ഷാർഹ’മെന്ന് പാർക്കിൽ അറക്കുളം ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യത്തിൽ പറയുന്നത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്നും മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ താഴെ കാണുന്ന നമ്പരിലേക്ക് ഫോട്ടോ ഉൾപ്പെടെ വാട്സ് അപ്പ് ചെയ്യുക എന്നുമാണ് ബോർഡ്. ബോർഡിൽ അറക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ അറക്കുളം, എസ്.എച്ച്.ഒ കുളമാവ് എന്നിവരുടെ ഫോൺ നമ്പരും രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ പഞ്ചായത്ത് തന്നെ ഇത്തരം പ്രവർത്തി ചെയ്താൽ ആര് നടപടി സ്വീകരിക്കും. അറക്കുളം പഞ്ചായത്തിന് പുറമെ ഇടുക്കി ബ്ലോക്ക് പഞ്ചായത്തും സൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അതിലും മാലിന്യ നിക്ഷേപത്തിന് എതിരെ നിർദ്ദേശം ഉണ്ട്. എന്നാലിത് അധികൃതർ തന്നെ പാലിക്കുന്നില്ലെന്ന് മാത്രം.
കുളിക്കടവിലും ജലാശയ തീരത്തും മാലിന്യം
പാർക്കിന് സമീപത്തെ കുളിക്കടവിൽ നിറയെ മാലിന്യമാണ്. അലക്കാനും കുളിക്കാനുമായി എത്തുന്നവരാണ് ഇതിലെ പ്രതികൾ. സാനിറ്ററി നാപ്കിനുകളാണ് മാലിന്യത്തിൽ അധികവും. മലങ്കര ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തും ജലാശയത്തിലും മാലിന്യം തള്ളുന്നത് പതിവാണ്. മൂലമറ്റം ത്രിവേണി സംഗമം മുതൽ മുട്ടം വരെ നാട്ടുകാരുടെ മാലിന്യ നിക്ഷേപ കേന്ദ്രമായിമാറുകയാണ് മലങ്കര ജലാശയം. പച്ചക്കറി, മത്സ്യ മാംസ മാലിന്യങ്ങളും അറവുശാല മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ജലാശയത്തിലും പരിസരങ്ങളിലുമെല്ലാം നിറഞ്ഞ് കിടക്കുന്നത്.
100ലേറെ ശുദ്ധ ജലപദ്ധതികളുടെ ശുദ്ധജല സ്രോതസ്സായ മലങ്കര ജലാശയത്തിന് സമീപം വൻതോതിൽ മാലിന്യം തള്ളിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. കാഞ്ഞാർ കൂവപ്പള്ളിക്കവല, ശങ്കരപ്പള്ളി പാലത്തിന് സമീപം, പെരുമറ്റം കുടിവെള്ള ഫാക്ടറി, കാഞ്ഞാർ പഞ്ചായത്ത് ഓഫിസിനു സമീപം, മലങ്കര ടൂറിസം പ്രദേശത്തിന്റെ ഭാഗമായി ശങ്കരപ്പള്ളി ഭാഗം എന്നിവിടങ്ങളിലാണ് പ്രധാനമായും മാലിന്യം സ്ഥിരമായി നിക്ഷേപിക്കുന്നത്. ജലാശയത്തിനു ചുറ്റുമുള്ള റോഡിലും തോട്ടിലും മാലിന്യ കൂമ്പാരമാണ്. പഞ്ചായത്തുകളുടേയും തൊടുപുഴ മുനിസിപ്പാലിറ്റി ഉൾപ്പടെ പതിനായിരക്കണക്കിന് ജനങ്ങളുടെ ശുദ്ധജല ശ്രോതസായ മലങ്കര ജലാശയം മാലിന്യകൂമ്പാരമാകുന്നത് തടയണമെന്ന ആവശ്യം ശക്തമാവുകയാണ്. ജലാശയത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്തുകളിലും മാലിന്യസംസ്കരണത്തിന് സംവിധാനങ്ങളില്ല. ഇതോടെ മാലിന്യങ്ങൾ ചെറു കൈത്തോടുകൾ വഴി ഒഴുകി മലങ്കര ജലാശയത്തിലാണ് പതിക്കുന്നത്. കൂടാതെ ഒട്ടേറെയാളുകൾ ജലാശയത്തിലേയ്ക്ക് മാലിന്യം നേരിട്ട് മാലിന്യം തള്ളുന്നതും ഇവിടെ സാധാരണമാണ്. ജലാശയത്തിനോടു ചേർന്നുള്ള കിണറുകളടക്കമുള്ള മറ്റു ജലശ്രോതസുകളിലും മാലിന്യം കലർന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
പൊതുനിരത്തിലോ ജലാശയത്തിലോ മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 രൂപ മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കുന്ന കുറ്റമായി സർക്കാർ ഓർഡിനൻസ് ഉള്ളതാണ്. എന്നാൽ ഇത് നടപ്പാക്കാൻ അധികാരികൾ തയാറാകുന്നില്ല.
ആയിരക്കണക്കിന് ജനങ്ങൾ കടന്നു പോകുന്ന തൊടുപുഴ പുളിയൻമല സംസ്ഥാന പാതയോരത്താണ് വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. പി.ജെ. ജോസഫ് ജലസേചന മന്ത്രി ആയിരിക്കെ സംയോജിത നീർത്തട പരിപാലന പദ്ധതി പ്രകാരം നിർമിച്ചതാണ് പാർക്ക്. ചെറു മുതൽ മുടക്ക് മാത്രം നടത്തിയാൽ പ്രതിമാസം ആയിരക്കണക്കിന് രൂപ വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതിയാണ് കാഞ്ഞാർ ടൂറിസം പദ്ധതി. എന്നാൽ അതിന് വേണ്ട ഇടപെടൽ ആരും നടത്തിയില്ല. രണ്ടാം ഘട്ട ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് കാഞ്ഞാർ വാട്ടർ തീം പാർക്ക് നിർമാണം പാതിവഴിയിൽ മുടങ്ങുകയും ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം രൂപ ചിലവഴിച്ച് ആദ്യഘട്ട പദ്ധതികൾ നടപ്പാക്കിയിരുന്നു. പൂച്ചെടികളും ചെറുമരങ്ങളും നട്ട് അരക്കിലോമീറ്ററോളം ദൂരത്തിൽ ചെറു ഉദ്യാനമാണ് ആദ്യഘട്ടത്തിൽ നിർമിച്ചത്. മലങ്കര ജലാശയത്തിന്റെ തീരത്ത് നിർമിച്ചിരിക്കുന്ന ഈ ഉദ്യാനത്തിൽ നിരവധി വഴിയാത്രക്കാർ വിശ്രമിക്കാൻ എത്താറുണ്ട്. എന്നാൽ ഇരിപ്പിടങ്ങൾ പോലും ഇല്ലാത്തതിനാൽ ഇവർ നിരാശരായി മടങ്ങുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.