തൊടുപുഴ: ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത മഴ തുടരുന്നു. ശനിയാഴ്ച തൊടുപുഴ, പീരുമേട് തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ ശക്തമായ മഴ രേഖപ്പെടുത്തി. ഞായർ, തിങ്കൾ ദിവസങ്ങളിലും ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
രണ്ടുദിവസവും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശനിയാഴ്ച രാവിലെവരെ ശരാശരി 27.3 മി.മി മഴയാണ് രേഖപ്പെടുത്തിയത്. ഉടുമ്പൻചോല -4.8 മി.മി, ദേവികുളം -22, തൊടുപുഴ -34.6, പീരുമേട് -56. ഇടുക്കി -18.8 എന്നിങ്ങനെയാണ് മഴ.
ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും ചെറിയ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ട് മുൻകരുതൽ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതിജാഗ്രത പാലിക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനും മറ്റ് ജലാശയങ്ങളിൽ കുളിക്കാനും മീൻപിടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയും സെൽഫിയെടുക്കയും കൂട്ടം കൂടി നിൽക്കുകയും ചെയ്യരുത്.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് തയാറെടുപ്പ് നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കണമെന്നും മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.