കട്ടപ്പന: ആർക്കും വേണ്ടാതെ കിടന്നിരുന്ന പനംകുരുവിനു വിപണിയിൽ പൊന്നുംവില. പാൻ ഉൽപന്ന നിർമാണത്തിന് അടക്കക്കൊപ്പം പനംകുരുവും ഉപയോഗിച്ച് തുടങ്ങിയതാണ് ചൂണ്ടപ്പനയുടെ കുരുവിന് വിപണിയിൽ ആവശ്യമേറാൻ കാരണമെന്നാണ് പറയുന്നത്. അടക്കവില കൂടിയതും ലഭ്യത കുറഞ്ഞതും കുറവും പന കർഷകർക്ക് നേട്ടമാകുകയായിരുന്നു. പാൻ ഉൽപന്നങ്ങളിൽ വൻതോതിൽ അടക്ക ചേർക്കുണ്ട്. ഇതിന് പകരമായോ, ഇടകലർത്തിയോ പനംകുരു ഉപയോഗിക്കാൻ തുടങ്ങിയതാണ് വിപണിയിൽ പനംകുരുവിന് നല്ലകാലം വരാൻ കാരണം. ഉത്തരേന്ത്യൻ വിപണിയിൽ നിന്ന് ലഭിക്കുന്ന സുചനകളല്ലാതെ ഇതിന്റെ യഥാർഥ ഉപയോഗം സംബന്ധിച്ച് കൃത്യമായി വിവരം ലഭ്യമല്ല.
പാൻമസാലയി ചേർക്കുന്നതിനാണ് ഇത് കൊണ്ടുപോകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. മുമ്പ്പനയുടെ ചുവട്ടിൽ ഉപേക്ഷിച്ചിരുന്ന പനംകുരുവിന്റെ കുല വിപണിയിൽ വിറ്റാൽ ശരാശരി 2000 മുതൽ 3000 രൂപ വരെ വില കിട്ടുന്നു. പകമായ പനംകുല പച്ചക്ക് വെട്ടി കടയിൽ കൊണ്ടുചെന്നാൽ ലഭിക്കുന്ന വിലയാണിത്. കായ് ഉണക്കി പരിപ്പ് എടുത്തു കൊണ്ടുചെന്നാൽ കിലോഗ്രാമിന് 40 രൂപ വരെ വില കിട്ടും. ചുണ്ടപ്പനയിൽ നിന്ന് ഒരു പനംകുല വെട്ടി താഴെയിറക്കി കായ് പറിച്ച് തൂക്കിയാൽ ശരാശരി 250 മുതൽ 300 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും. പുറത്തെ തൊലി കളഞ്ഞ് ഉണക്കിയാൽ ഒരു കുലയിൽ ശരാശരി 100 മുതൽ 150 കിലോഗ്രാം വരെ തൂക്കം ലഭിക്കും. ശരാശരി 30 മുതൽ 40 രൂപ വരെയാണ് ഈ കായക്ക് വില. 150 കിലോഗ്രാമിന് 40 രൂപ വച്ചു കണക്കാക്കിയാൽ ഒരു കുലക്ക് 6000 രൂപ വരെ കിട്ടും.
കള്ളുചെത്താനാണ് സാധാരണ ചൂണ്ടപ്പന നൽകിയിരുന്നത്. പനം കായ്ക്ക് നല്ല വില കിട്ടുന്ന കാലം വന്നതോടെ പന ചെത്താൻ നൽകാതെ കായ് മൂപ്പിച്ച് വിറ്റ് പണം സമ്പാദിക്കുന്ന കാലത്തേക്ക് കർഷകരും നീങ്ങുകയാണ്. കട്ടപ്പനക്ക് സമീപം വെട്ടിക്കുഴക്കവലയിലാണ് പനംകുരു വിപണിയുള്ളത്. പാകമായ പനംകുരു നിലത്തു പടുതായിൽ നിരത്തിയിട്ട ശേഷം വാഹനംകയറ്റി കുരുവിന്റെ പുറം തൊലികൾ നീക്കം ചെയ്യും.
പിന്നീട് ഉള്ളിലെ പരിപ്പ് മാത്രം ശേഖരിച്ച് ഉണക്കിയെടുത്ത് മഹാരാഷ്ട്രയുൾപ്പെടെ സ്ഥലങ്ങളിലേക്ക് കയറ്റിവിടുകയാണ് ചെയ്യുന്നത്. ഹൈറേഞ്ചിൽ ഒട്ടുമിക്ക കർഷകരുടെ കൃഷിയിടത്തിലും ചൂണ്ടപ്പനയുണ്ട്. കർഷകർക്ക് ഇത് ഇപ്പോൾ വലിയ ഒരു വരുമാന മാർഗമായി മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.