ഇടുക്കി: ജണ്ടയിടൽ വൈദ്യുതി വകുപ്പ് പൂർത്തിയാക്കിയതോടെ, ഇടുക്കി പദ്ധതിയുടെ സംരക്ഷണ മേഖലയായിരുന്ന പത്തു ചെയിനിലെ കർഷകർക്ക് പട്ടയം നൽകാനുള്ള അവസാന തടസ്സവും നീങ്ങുന്നു.
ഇനി റീസർവേ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന് നടപടി സ്വീകരിക്കേണ്ടത് റവന്യൂ വകുപ്പാണ്. ഇതുകൂടി കഴിഞ്ഞാൽ കാഞ്ചിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ വില്ലേജുകളിലെ 2636 കർഷകരുടെ ഭൂവിഷയത്തിൽ ശാശ്വത പരിഹാരമാകും. 1975ൽ ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ സംരക്ഷണത്തിനായി ഭൂമി ഏറ്റെടുക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു.
ഇടുക്കി ജലസംഭരണിയുടെ പരമാവധി ജലനിരപ്പിൽനിന്ന് (വാട്ടർ ലെവൽ) പത്തു ചെയിനിലെ (ഒരു ചെയിൻ 15 മീറ്റർ) കൃഷിഭൂമിയാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. സംഭരണിയിലേക്കുള്ള മണ്ണൊലിപ്പ് തടയുകയായിരുന്നു ലക്ഷ്യം. ഏതാനും പേർക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും നൽകി. പിന്നീട് പത്തു ചെയിനിലെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം കെ.എസ്.ഇ.ബി ഉപേക്ഷിച്ചു. എന്നാൽ, ഇവിടെ താമസിച്ചിരുന്ന കർഷകർക്ക് പട്ടയം നൽകാനോ പട്ടയം ഉണ്ടായിരുന്നവരുടെ കരം സ്വീകരിക്കാനോ റവന്യൂ വകുപ്പ് തയാറായില്ല. ഭൂമി വിറ്റാൽ പോക്കുവരവ് ഉൾപ്പെടെ നിയമപരമായ നടപടികളും മുടങ്ങി.
പരാതികളെത്തുടർന്ന് 2005ൽ സർവേ ഡെപ്യൂട്ടി ഡയറക്ടർ കർഷകരുടെ അദാലത് നടത്തി റീ റിസർവേ നടത്താൻ ജില്ല ഭരണകൂടത്തിന് ശിപാർശ നൽകി. ഇത് പൂർത്തിയാകുന്നതുവരെ പ്രത്യേക തണ്ടപ്പേർ ഫയലുണ്ടാക്കി കരം സ്വീകരിക്കാൻ 2006ൽ കലക്ടർ നിർദേശിക്കുകയും ചെയ്തു. അന്നുമുതൽ വ്യവസ്ഥകൾക്ക് വിധേയമായി കരം സ്വീകരിച്ചു. കൈയെഴുത്തു രസീത് പ്രകാരമണ് കരം സ്വീകരിച്ചത്.
കമ്പ്യൂട്ടർ രസീത് അല്ലാത്തതിനാൽ ഇത് നിയമപരമായ ആവശ്യങ്ങൾക്കും സർക്കാർ ആനുകൂല്യത്തിനും പ്രയോജനപ്പെട്ടില്ല. നിരന്തര സമ്മർദം ഉണ്ടായിട്ടും ഭൂമി കെ.എസ്.ഇ.ബിയുടേതാണെന്ന കാരണം പറഞ്ഞ് പത്തു ചെയിനിലെ കർഷകരുടെ പട്ടയനടപടികളിൽ സർക്കാർ മുഖംതിരിച്ചു. എം.എം. മണി വൈദ്യുതി മന്ത്രിയായതോടെ പത്തു ചെയിനിലെ ഭൂമി കെ.എസ്.ഇ.ബിക്ക് ആവശ്യമില്ലെന്നും പട്ടയം നൽകുന്നതിന് എതിർപ്പില്ലെന്നും രേഖാമൂലം റവന്യൂ വകുപ്പിന് കത്തുനൽകി.
തുടർന്ന് ഏഴുചെയിനിൽ പട്ടയം നൽകാൻ റവന്യൂ വകുപ്പ് തയാറായി. അപ്പോഴും കർഷകർ കൂടുതലായി താമസിക്കുന്ന മൂന്ന് ചെയിൻ പ്രദേശം ഒഴിവാക്കി. റീസർവേ പൂർത്തിയാക്കി പട്ടയം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.