പീരുമേട്: കെ.കെ റോഡ് നിർമാണം ആരംഭിച്ച് 151 വർഷം പിന്നിടുമ്പോഴും ഗതാഗത മേഖലക്ക് കുതിേപ്പകാൻ സാധിക്കുന്നില്ല. ആരംഭിച്ച അന്നു മുതൽ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങാതെ നടക്കുമ്പോഴും സുഗമമായ ഗതാഗത്തിന് റോഡ് ഉപകരിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. 2004ൽ ദേശീയപാതയായി ഉയർത്തിയെങ്കിലും ആ നിലവാരത്തിൽ 20 വർഷം പിന്നിടുമ്പോഴും എത്തിയിട്ടില്ല. കൊടുംവളവുകളിൽ ഇപ്പോഴും ഒരു വാഹനത്തിനു കടന്നു പോകാനുള്ള വീതി മാത്രം. സംസ്ഥാനത്തെ പ്രധാന പാതയായ കെ.കെ റോഡ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതാണ്.
അതിർത്തി കടന്നെത്തുന്നത് ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്നു. കോട്ടയം-കുമളി 110 കിലോമീറ്റർ സഞ്ചരിക്കാൻ ബസുകൾക്ക് 3.30 മണിക്കൂറും കാറുകൾക്ക് രണ്ടര മണിക്കൂറും വേണം. ശബരിമല തീർഥാടനകാലം ആകുന്നതോടെ വാഹന തിരക്ക് വർധിക്കും. ഗതാഗത തടസ്സവും പതിവാണ്. റോഡിലെ കൊടുംവളവും ടൗണുകളിലെ ഗതാഗതക്കുരുക്കും വാഹനങ്ങളുടെ വേഗതയെ പിന്നെയും ബാധിക്കുന്നു.
കുമളി, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ മേഖലകളിൽനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്ന ആബുലൻസുകളും മറ്റു വാഹനങ്ങളും കെ.കെ റോഡിനെയാണ് ആശ്രയിക്കുന്നത്. രാജഭരണകാലത്ത് നിർമിച്ച പാലമാണ് മത്തായി കൊക്കയിൽ ഇപ്പോഴും ഉപയോഗിക്കുന്നത്. ഒരു വാഹനത്തിന് പോകാൻ സാധിക്കുന്ന പാലം 151 വർഷം പിന്നിടുമ്പോഴും വീതി കൂട്ടി നിർമിക്കാൻ സാധിച്ചിട്ടില്ല. കുമളി മുതൽ മുണ്ടക്കയം വരെയുള്ള കൊടുംവളവുകൾ വാഹനങ്ങളുടെ വേഗത്തിക്ക് തടസ്സമാകുന്നു. ചോറ്റുപാറ, 62-ാം മൈൽ, വാളാർഡി, 57-56-ാം മൈൽ, കഴുപേട്ട, കല്ലാർ, മുറിഞ്ഞപുഴ, കടുവാപ്പാറ, അമലഗിരി, 40-ാം മൈൽ, കൊടികുത്തി, ചാമപ്പാറ, 36-ാം മൈൽ, മരുതുംമൂട് എന്നിവിടങ്ങളിലെ കൊടുംവളവുകൾ വാഹനങ്ങളുടെ വേഗത്തിന് തടസ്സവും. സ്ഥിരം അപകടങ്ങൾ സംഭവിക്കുന്ന വളവുകളുമാണ്.
ഇതോടെപ്പം ടൗണുകളിലെ ഗതാഗത തടസ്സവും വാഹനങ്ങളെ ബാധിക്കുന്നു. കുമളി ബസ് സ്റ്റാൻഡ് മുതൽ ഹോളിഡേ ഹോം വരെ, വണ്ടിപ്പെരിയാർ പെട്രോൾ പമ്പ് മുതൽ ബസ് സ്റ്റാൻഡ് വരെ, പാമ്പനാർ ജങ്ഷൻ, മുണ്ടക്കയം പാലം മുതൽ പൈങ്ങന വരെ, കാഞ്ഞിരപ്പള്ളി, റാണി ആശുപത്രി മുതൽ കുരിശുകവല വരെ, പൊൻകുന്നം - കോടതി പടി മുതൽ - ട്രാഫിക് ഐലൻഡ് വരെ, പാമ്പാടി ബസ് സ്റ്റാൻഡ് മുതൽ കാളച്ചന്ത വരെ, മണർകാട് മുതൽ കോട്ടയം വരെ ഗതാഗത തടസ്സം പതിവാണ്. രാവിലെയും വൈകീട്ടുമാണ് വാഹനങ്ങൾ അധികവും ഗതാഗതക്കുരുക്കിൽപെടുന്നത്.
മുണ്ടക്കയത്ത് ബൈപാസ് നിർമിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കുന്നവർ നാമമാത്രമാണ്. കാഞ്ഞിരപ്പള്ളിയിൽ ബൈപാസ് നിർമാണം പുരോഗമിക്കുന്നു. വണ്ടിപ്പെരിയാർ ടൗണിലെ കുരുക്ക് മറികടക്കാൻ യു.പി സ്കൂളിന്റെ അടിവാരത്തുകൂടി കക്കി കവലക്ക് സമീപം എത്തുന്ന രീതിയിൽ ബൈപാസ് നിർമിക്കണമെന്നും ആവശ്യം ഉയർന്നു.
എം.സി റോഡു പോലെ പ്രധാന പങ്കുവഹിക്കുന്ന കെ.കെ റോഡ് വികസിക്കേണ്ടത് അനിവാര്യമാണ്. റോഡ് പുനർനിർമിക്കാൻ ദേശീയപാത അധികൃതർ നടപടി തുടങ്ങിയെങ്കിലും പതിറ്റാണ്ട് പിന്നിട്ടാലും യാഥാർഥ്യമാകുമെന്ന് ജനങ്ങൾക്ക് വിശ്വാസമില്ല. 1860ൽ നിർമിച്ച കെ.കെ റോഡ് സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുപോകാനാണ് ലക്ഷ്യംവെച്ചിരുന്നത് 1863ൽ റാണി ലക്ഷ്മി ഭായ് നിർമാണം ആരംഭിച്ച റോഡ് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവാണ് ഉദ്ഘാടനം ചെയ്തത്. ദേശീയപാതയായി ഉയർത്തിയ റോഡിന് അതിന്റെ നിലവാരം ഉണ്ടാകണമെന്നാണ് ഹൈറേഞ്ച് നിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.