പീരുമേട്: ചാർലി സിനിമയിലൂടെ നാലാളറിഞ്ഞ തെപ്പക്കുളവും പരിസരപ്രദേശങ്ങളും സഞ്ചാരികളുടെ ഇഷ്ടലൊക്കേഷനാകുന്നു. മാർട്ടിൻ പ്രക്കാട്ട് നിർമിച്ച ചാർലി സിനിമയുടെ പ്രധാന സീനുകളുടെ ഷൂട്ടിങ്ങ് നടന്നത് ഇവിടെയാണ്. അതുവഴി തെപ്പക്കുളവും പ്രശസ്തമായി. ലാൻഡ്രം തേയില എസ്റ്റേറ്റിന് സമീപത്തെ പ്രദേശമാണ് ഇപ്പോൾ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നത്.
ഡിണ്ടുക്കൽ -കൊട്ടാരക്കര ദേശീയപാതയിൽ പഴയ പാമ്പനാറ്റിൽനിന്ന് കൊടുവാക്കരണം റോഡിലൂടെ അഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ തെപ്പക്കുളത്ത് എത്താൻ കഴിയും. അവിടെനിന്ന് 300 മീറ്റർ മൺറോഡിലൂടെ സഞ്ചരിച്ചാൽ ചാർലിക്കുളത്ത് എത്താം. തേയില തോട്ടത്തിന്റെ നടുവിലൂടെയുള്ള മൺറോഡിലൂടെ ചെന്നെത്തുമ്പോൾ കാണുന്ന ചൂള മരങ്ങളും ചെറിയ കുളവും റോഡിന് ഇരുവശവും രൂപപ്പെട്ട ചെറിയ തടാകവും ആരെയും ആകർഷിക്കുന്നതാണ്. ചൂള മരങ്ങളും പൂക്കളും മരക്കൂട്ടങ്ങളും ചേർന്നതാണ് ചാർലി സിനിമയിൽ വട്ടവടയായി കാണിക്കുന്നത്.
തെപ്പക്കുളം സർക്കാർ എൽ.പി സ്കൂളാണ് വൃദ്ധസദനമായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. സെൽഫി എടുക്കാനും വിവാഹ ആൽബം ചെയ്യാനുമെത്തുന്ന സഞ്ചാരികൾ കാരണം ഇവിടെ എപ്പോഴും തിരക്കാണ്. മമ്മൂട്ടിയുടെ താപ്പാന, നസ്രാണി, മോഹൻലാലിന്റെ ലൂസിഫർ, കൂടാതെ ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളും തെപ്പക്കുളത്ത് ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെനിന്ന് നോക്കിയാൽ കാണുന്ന നാലു വശവും ചുറ്റപ്പെട്ട മലനിരകളും കോടമഞ്ഞും വിനോദസഞ്ചാരികളെ ത്രില്ലടിപ്പിക്കും. മഴക്കാലത്ത് വെള്ളം നിറഞ്ഞ് കിടക്കുന്ന കുളം വേനൽക്കാലത്ത് വറ്റിവരളും. പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ എത്തുന്ന സഞ്ചാരികൾ പലരും ഇവിടെയും സന്ദർശിച്ചാണ് മടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.