പീരുമേട്: പാഞ്ചാലിമേട് വിനോദസഞ്ചാര മേഖലയിലെ തർക്ക ഭൂമിയിൽ സംയുക്ത സർവേ തുടങ്ങി. പ്രദേശത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നിർമാണം നടക്കുന്നത് വനഭൂമിയിലാണെന്ന് ആരോപിച്ച് വനംവകുപ്പ് തടഞ്ഞതോടെയാണ് തർക്കം ഉടലെടുത്തത്. ഭൂമി ഏത് വകുപ്പിന്റെ അധീനതയിലുള്ളതാണന്ന് കണ്ടെത്താനാണ് റവന്യൂ, വനം, വിനോദസഞ്ചാര വകുപ്പുകളുടെ സംയുക്ത സർവേ നടത്തിയത്. വനം വകുപ്പിന്റെ കൈയിലുള്ള രേഖയെ അടിസ്ഥാനമാക്കിയുള്ള സർവേയാണ് നടന്നത്. തുടർന്ന് റവന്യൂ വിഭാഗത്തിന്റെ സർവേ നടപടിക്രമങ്ങൾ നടത്തിയ ശേഷം റിപ്പോർട്ട് കലക്ടർക്ക് കൈമാറും.
സബ് കലക്ടർ അരുൺ എസ്. നായരുടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്. റവന്യൂ വകുപ്പ് വിനോദസഞ്ചാര വകുപ്പിന് നൽകിയ ഭൂമിയിൽ ജില്ല വിനോദസഞ്ചാര വകുപ്പ് ചെക്ക്ഡാം, ബോട്ടിങ്, ഫ്ളവർ ഗാർഡൻ എന്നിവയുടെ നിർമാണത്തിനായി സർക്കാർ 3.2 കോടി രൂപ അനുവദിച്ചിരുന്നു. ബോട്ടിങ് ആരംഭിക്കാനുള്ള ചെക്ക് ഡാമിന്റെ പണികൾ നടന്നുവരുമ്പോഴാണ് വനം വകുപ്പ് നിർമാണത്തിന് വിലക്കേർപ്പെടുത്തിയത്. ചെക് ഡാമിന്റെ മൂന്നിലൊരു ഭാഗം തങ്ങളുടേതാണെന്നാണ് വനം വകുപ്പ് പറയുന്നത്. ഇതിന്റെ സ്കെച്ചും കൈയ്യിലുണ്ടെന്നാണ് വാദം.
എന്നാൽ, നിർമാണം അവസാന ഘട്ടത്തിലെത്തിയ സമയത്ത് വനം വകുപ്പ് അവകാശവാദം ഉന്നയിച്ചെത്തിയത് മേഖലയുടെ ടൂറിസം വികസനത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ആക്ഷേപമുയർന്നു. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. തുടർന്നാണ് പ്രദേശത്ത് സംയുക്ത പരിശോധന ആരംഭിച്ചത്. ആദ്യം വനം വകുപ്പിന്റെ കൈയിലെ രേഖ അടിസ്ഥാനമാക്കിയുള്ള സർവേയാണ് നടത്തിയത്. തൊട്ടടുത്ത ദിവസം റവന്യൂ വകുപ്പ് തങ്ങളുടെ കൈവശമുള്ള രേഖകൾ വെച്ച് പരിശോധിക്കും. ഭൂമിയുടെ അതിർത്തിയിലെ ജണ്ടകൾ ആധുനികവത്കരിച്ച് പരിശോധിച്ച് വരുന്നതിനിടെ മൂന്ന് ജണ്ടകൾ കാണാതാകുകയും ഇതു സംബന്ധിച്ച പരിശോധനക്കിടെയിലാണ് ഭൂമി നഷ്ടപ്പെട്ടത് ശ്രദ്ധയിൽ പെട്ടതെന്നുമാണ് വനം വകുപ്പ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.