പീരുമേട്: തമിഴ് നാട്ടിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന സർക്കാർ ഓർഡിനറി ബസ് സൂപ്പർ. കേരളത്തിൽ 15 വർഷത്തിലധികം പഴക്കമുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുമ്പോഴാണ് തമിഴ്നാടിന്റെ നാല് വർഷം പഴക്കമുള്ള ബസ് ഓർഡിനറിയായി ഓടുന്നത്.
റാണി മങ്കമാൾ റോഡ് കോർപ്പറേഷന്റെ കമ്പം ഡിപ്പോയിലെ ബസാണ് ഏലപ്പാറ - കുമളി-തേനി റൂട്ടിൽ ഓടുന്നത്. വൃത്തിയുള്ളതും സുഖപ്രദമായ സീറ്റുകളുമുള്ള ബസിൽ യാത്രയും സുഖകരം. കുമളി ഡിപ്പോയിൽ നിന്ന് ദീർഘദൂര സർവീസുകൾ നടത്തുന്ന ഓർഡിനറി ബസുകൾ 15 വർഷവും 18 വർഷവും പിന്നിടുന്നവയാണ്. ഈ റൂട്ടിലാണ് തമിഴ്നാട് സർക്കാറിന്റെ നല്ല ബസുകൾ സർവീസ് നടത്തുന്നത്. യാത്രാക്കൂലിയും കേരളത്തിലെ ഓർഡിനറി ബസുകളിലേതിലും കുറവാണ്. 13 രൂപക്ക് യാത്ര ചെയ്യുന്നതിന് ഇതിൽ 10 രൂപ നൽകിയാൽ മതി. ഇതുമൂലം യാത്രക്കാരും ഏറെയുണ്ട്.
തമിഴ്നാട് ബസുകളെ സ്നേഹപൂർവം അണ്ണൻ ബസുകളെന്നാണ് ഹൈറേഞ്ചുകാർ വിളിക്കുന്നത്. ബസിൽ യാത്രക്കാരെ വിളിച്ചു കയറ്റുന്നതും സ്നേഹത്തോടെയുള്ള ജീവനക്കാരുടെ പെരുമാറ്റവും യാത്രക്കാരും ആസ്വദിക്കുന്നു. മത്സര ഓട്ടമില്ലാതെ മിതമായ വേഗതയിൽ ഓടുന്ന ബസുകൾ സമയനിഷ്ഠയും പാലിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.