പീ​രു​മേ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച മോ​ക്​​ഡ്രി​ല്ലി​ൽ​നി​ന്ന്

മഞ്ചുമലയിൽ ‘മണ്ണിടിച്ചിൽ ദുരന്തം’; പ്രതിരോധം ഉറപ്പാക്കി മോക്ഡ്രിൽ

പീരുമേട്: മണ്ണിടിച്ചിൽ ദുരന്തം പ്രതീകാത്മകമായി അവതരിപ്പിച്ച് ദുരന്ത പ്രതിരോധ സംവിധാനങ്ങളുടെ കൃത്യത ഉറപ്പാക്കി മോക്ഡ്രിൽ. റെഡ് അലർട്ട് പ്രഖ്യാപിച്ച് പീരുമേട് താലൂക്കിലെ എല്ലാ വില്ലേജ് ഓഫിസർമാർക്കും ജാഗ്രത നിർദേശം നൽകി സേനകളെ പ്രവർത്തനനിരതമാക്കിയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.

മഞ്ചുമല രാജമുടി ഭാഗത്തെ മണ്ണിടിച്ചിൽ ദുരന്തവും മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെ അഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫ് സംഘവും രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതുമാണ് പഴുതടച്ച മുന്നൊരുക്കത്തോടെ മോക്ഡ്രില്ലിൽ ആവിഷ്കരിച്ചത്. രാവിലെ 11ന് താലൂക്ക് എമർജൻസി ഓപറേഷൻ സെല്ലിൽനിന്ന് മഞ്ചുമല വില്ലേജ് ഓഫിസർക്ക് ‘ദുരന്ത’ത്തെക്കുറിച്ച് ഫോൺ സന്ദേശം നൽകിയായിരുന്നു തുടക്കം. പഞ്ചായത്ത് സെക്രട്ടറി, എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യവകുപ്പ് സംഘങ്ങൾ, ആംബുലൻസ് എന്നിവയോട് ഉടൻ ‘ദുരന്ത സ്ഥല’ത്ത് എത്താൻ നിർദേശിച്ചു.

തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ ‘മണ്ണിടിച്ചിൽ’ ഉണ്ടായ സ്ഥലത്തെത്തി ‘രക്ഷാപ്രവർത്തനം’ ഏകോപിപ്പിച്ചു. ‘ഗുരുതര പരിക്കേറ്റ’ ഒരാളെ വണ്ടിപ്പെരിയാർ സി.എച്ച്.സിയിലേക്ക് മാറ്റിയും ബാക്കിയുള്ളവരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയുമാണ് മോക്ഡ്രിൽ അവസാനിച്ചത്.

മോക്ഡ്രില്ലിന്‍റെ ഭാഗമായി മഞ്ചുമല വില്ലേജ് ഓഫിസിൽ പ്രതീകാത്മക കൺട്രോൾ റൂം തുറന്നിരുന്നു. ഡെ. കമാന്‍ഡന്റ് ശങ്കര്‍ പാണ്ഡ്യന്‍, ടീം കമാന്‍ഡര്‍ സഞ്ജീവ് ജയ്‌സ്വാള്‍, പീരുമേട് തഹസില്‍ദാര്‍ പി.എസ്. സുനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.വി. പ്രസാദ്, പി.ജി. കവിത, ഹസാര്‍ഡ് അനലിസ്റ്റ് ടി.ആർ. രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - 'Landslide disaster' in Manjumala; Mokdril ensures resistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.